തിരയുക

വെളിച്ചത്തിലേക്ക് വെളിച്ചത്തിലേക്ക് 

നൈജീരിയായിൽ തട്ടിക്കൊണ്ടുപോകപ്പെട്ട സന്ന്യാസിനികൾ വിമോചിതരായി!

ആഗസ്റ്റ് 21-ന്, ഞായറാഴ്‌ച തട്ടിക്കൊണ്ടുപോകപ്പെട്ട സന്ന്യാസിനികളാണ് ചൊവ്വാഴ്ച വിട്ടയയ്ക്കപ്പെട്ടത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ നൈജീരിയായിൽ തട്ടിക്കൊണ്ടുപോകപ്പെട്ട നാലു കത്തോലിക്കാസന്ന്യാസിനിളെ ബന്ദികർത്താക്കൾ വിട്ടയച്ചു.

രക്ഷകനായ യേശുവിൻറെ നാമത്തിലുള്ള സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങളായ ജൊഹാന്നെസ് ൻവ്വോഡൊ, ക്രിസ്തബെൽ എച്ചെമത്സു, ലിബെറാത്ത മ്പമലൂ, ബെനീത്ത അഗു എന്നീ സഹോദരികളാണ് ഇരുപത്തിമൂന്നാം തീയതി ചൊവ്വാഴ്ച (23/08/22) മോചിതരായതെന്ന് ഈ സന്ന്യാസിനി സമൂഹത്തിൻറെ സെക്രട്ടറി ജനറൽ സിസ്റ്റർ ത്സീത്ത ഇഹെദോറൊ ഒരു പ്രസ്താവനയിൽ വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ 21-ന്, ഞായറാഴ്‌ച രാവിലെ, കുർബ്ബാനയ്ക്കു പോകുന്ന വേളയിലാണ് ഈ സന്ന്യാസിനി സഹോദരികളെ അജ്ഞാതർ തട്ടിക്കൊണ്ടു പോയത്. ഇവരുടെ ക്ഷിപ്ര നിരുപാധിക വിമോചനത്തിൽ അതിയായ സന്തോഷമുണ്ടെന്ന് സിസ്റ്റർ ത്സീത്ത പ്രസ്തവനയിൽ പറയുന്നു.

നൈജീരിയായിൽ ഇക്കഴിഞ്ഞ മാസങ്ങളിൽ വർദ്ധിതച്ചുവരുന്ന മിക്ക തട്ടിക്കൊണ്ടുപോകൽ സംഭവങ്ങളിലും മോചനദ്രവ്യമാണ് ബന്ദികർത്താക്കളുടെ ലക്ഷ്യം. വൈദികരും മതനേതാക്കളും പലപ്പോഴും ഈ തട്ടിക്കൊണ്ടുപോകലുകളുടെ ഇരകളാണ്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഒരു കത്തോലിക്കാവൈദികനും വൈദികാർത്ഥിയും തട്ടിക്കൊണ്ടുപോകപ്പെടുകയും രണ്ടു ദിവസത്തിനു ശേഷം വിട്ടയയ്ക്കപ്പെടുകയും ചെയ്തിരുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഓഗസ്റ്റ് 2022, 10:39