കർദ്ദിനാൾ ഗ്രിഗോറിയൊ റോസ ചാവെസ് (Card. Gregorio Rosa Chavez ) കർദ്ദിനാൾ ഗ്രിഗോറിയൊ റോസ ചാവെസ് (Card. Gregorio Rosa Chavez ) 

എൽ സാൽവദോർ: സമാധാനത്തിന് സംഭാഷണം അനിവാര്യം, കർദ്ദിനാൾ ചാവെസ്!

എൽ സാൽവദോറിൽ കുറ്റകൃത്യ സംഘടനകൾക്കെതിരെ എന്ന പേരിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികൾ അമ്പതിനായിരത്തോളം പേരുടെ അറസ്റ്റിനു കാരണമായിരിക്കയാണ്. നിലവിലുള്ള അടിയന്തിരാവസ്ഥ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യഅമേരിക്കൻ നാടായ എൽസാൽവദോറിലെ സ്ഥിതി അതി ലോലമാണെന്ന് അന്നാട്ടുകാരനായ കർദ്ദിനാൾ ഗ്രിഗോറിയൊ റോസ ചാവെസ്.

മാർപ്പാപ്പാ ആഗസ്റ്റ് 27-ന് പുതിയ 20 പേരെ കർദ്ദിനാളന്മാരാക്കിയ കൺസിസ്റ്ററിയിലും 29-30 തീയതികളിൽ കർദ്ദിനാളന്മാരുടെ ദ്വിദിനയോഗത്തിലും പങ്കെടുക്കുന്നതിന് വത്തിക്കാനിൽ എത്തിയ അദ്ദേഹം വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.

സംഭാഷണത്തിൻറെ അഭാവത്തിൽ സാൽവദോറിൽ സമാധാനം സാധ്യമല്ലെന്ന് ഇക്കഴിഞ്ഞ മാർച്ചുമാസം മുതൽ അന്നാട്ടിൽ നിലവിലുള്ള അടിയന്തിരാവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കർദ്ദിനാൾ ചാവെസ് ആശങ്ക പ്രകടിപ്പിച്ചു. അവസ്ഥ വളരെ ഗുരുതരമാണെന്നും അവിടെ പാലങ്ങളല്ല മതിലുകളാണ് തീർക്കപ്പെട്ടിരിക്കുന്നതെന്നും സംഭാഷണവും ശ്രവണവുമാണ് അവിടെ ആവശ്യമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കുറ്റകൃത്യസംഘടനകൾക്കെതിരെയുള്ള പോരാട്ടത്തിൻറെ ഭാഗമായി അന്നാടിൻറെ പ്രസിഡൻറ് നയിബി ബുക്കേലെ സ്വീകരിച്ചിരിക്കുന്ന കടുത്ത നടപടികളുടെ ഭാഗമായി നിരോധിതസംഘടനകളെന്നു കരുതപ്പെടുന്നവയിൽപ്പെട്ട അമ്പതിനായിരത്തോളം പേർ ഇക്കഴിഞ്ഞ 5 മാസത്തിനുള്ളിൽ അറസ്റ്റിലായിട്ടുണ്ട്. അടിയന്തിരാവസ്ഥ സെപ്റ്റംബർ 18 വരെ നീട്ടിയിരിക്കയാണ്. അറസ്റ്റുചെയ്യപ്പെട്ടവരുടെ മനുഷ്യാവകാശങ്ങൾ ഈ അടിയന്തിരാവസ്ഥയിൽ ധ്വംസിക്കപ്പെടുകയാണെന്ന് പറയപ്പെടുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2022, 14:27