തിരയുക

അലോഷ്യസ് ജോൺ,  ഇൻറർനാസിയൊണാലിസിൻറെ പൊതുകാര്യദർശി (സെക്രട്ടറി ജനറൽ) അലോഷ്യസ് ജോൺ, ഇൻറർനാസിയൊണാലിസിൻറെ പൊതുകാര്യദർശി (സെക്രട്ടറി ജനറൽ)  

മാനവിക പ്രതിസന്ധി രൂക്ഷം, കാരിത്താസ് ഇൻറർനാസിയൊണാലിസ്!

ആഗസ്റ്റ് 19, അന്താരാഷ്ട്ര ജീവകാരുണ്യദിനം - ഇന്ന് മാനവദുരന്തവേദിയായി മാറിയിരിക്കുന്ന ഒരു ലോകത്തിൽ വ്യക്തികൾ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെവരായിരിക്കയാണെന്ന് കാരിത്താസ് ഇൻറർനാസിയൊണാലിസ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാനവികാവസ്ഥ ആഗോളതലത്തിൽ വഷളായിക്കൊണ്ടിരിക്കുന്നതിൽ കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസ് ഇൻറർനാസിയൊണാലിസ് (Caritas Internationalis) ആശങ്ക പ്രകടിപ്പിക്കുന്നു.

അനുവർഷം ആഗസ്റ്റ്19, അന്താരാഷ്ട്ര ജീവകാരുണ്യദിനമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നതിനോടനുബന്ധിച്ച് പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഈ ഉപവിപ്രവർത്തന സംഘടന ലോകത്തിലെ ഇന്നത്തെ ഈ അവസ്ഥയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

ദശലക്ഷക്കണക്കിന് ആളുകളാണ് മാനവികപ്രതിസന്ധി മൂലം ക്ലേശിക്കുന്നതെന്നും ഉക്രൈയിൻ യുദ്ധവും കോവിദ് 19 മഹാമാരിയും കാലാവസ്ഥ മാറ്റത്തിൻറെ അനന്തരഫലങ്ങളും ഈ പ്രതിസന്ധിയെ രൂക്ഷമാക്കിയിരിക്കയാണെന്നും കാരിത്താസ് ഇൻറർനാസിയൊണാലിസിൻറെ പൊതുകാര്യദർശി (സെക്രട്ടറി ജനറൽ) അലോഷ്യസ് ജോൺ പ്രസ്താവനയിൽ പറയുന്നു.

ഭക്ഷണം ഒരു രാഷ്ട്രീയ ആയുധമായിത്തീർന്നിരിക്കുന്നത് ഉക്രൈയിൻ യുദ്ധം മൂലമുള്ള പ്രതിസന്ധി എടുത്തുകാട്ടുന്നുവെന്നും ദശലക്ഷക്കണക്കിനാളുകളാണ് ഭക്ഷ്യവസ്തുക്കളുടെ അഭാവം മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ന് മാനവദുരന്തവേദിയായി മാറിയിരിക്കുന്ന ഒരു ലോകത്തിൽ വ്യക്തികൾ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെവരായിരിക്കയാണെന്നും അലോഷ്യസ് പറയുന്നു. ഇന്ന് ലോകത്തെ അലട്ടുന്ന മാനവികപ്രതിസന്ധിയെ നേരിടുന്നതിന് സമഗ്രപാരിസ്ഥിതിക പരിപോഷണം ആവശ്യമാണെന്ന ഫ്രാൻസീസ് പാപ്പായുടെ ഓർമ്മപ്പെടുത്തൽ അദ്ദേഹം ആവർത്തിക്കുകയും ചെയ്യുന്നു.

ആകയാൽ തീരുമാനങ്ങൾ എടുക്കുന്നവർ ദരിദ്രരുടെ രോദനം കേൾക്കുകയും മാന്യമായ ജീവിതം നയിക്കാനുള്ള അവരുടെ അഭിവാഞ്ഛ രാഷ്ട്രീയമായ എല്ലാ തീരുമാനങ്ങളുടെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കണമെന്നും കാരിത്താസ് ഇന്റർനാസിയൊണാലിസ് അഭ്യർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 August 2022, 13:48