തിരയുക

ഗീസയിലെ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ പ്രിയപ്പെട്ടവർ  വിലപിക്കുന്നു. ഗീസയിലെ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ പ്രിയപ്പെട്ടവർ വിലപിക്കുന്നു. 

ഗീസയിലെ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചു

ഈജിപ്തിൽ ഗീസയിലെ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിലുണ്ടായ തീപിടിത്തം 41 വിശ്വാസികളുടെ ജീവൻ കവർന്നെടുത്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

രാജ്യം കനത്ത വേനൽച്ചൂടിൽ അകപ്പെട്ട ഈ നേരത്ത് ഓർമ്മയിലെ ഏറ്റവും ഭീകരമായ അഗ്നി ദുരന്തങ്ങളിലൊന്നായി മാറി ഈ തീപിടുത്തം. മൃതിയടഞ്ഞവരെ കൂടാതെ പതിനാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് ഈജിപ്ത്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭ അറിയിച്ചു.ഞായറാഴ്ച രാവിലെ 9 മണിയോടെ അബു സിഫിൻ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കായി വിശ്വാസികൾ സമ്മേളിച്ചിരുന്ന സമയത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശീതീകരണ യൂണിറ്റിലുണ്ടായ വൈദ്യുതി തകരാറിനെ തുടർന്ന് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. രണ്ടാം നിലയിൽ തീ പടരുന്നതിന് മുമ്പ് അവിടെയുണ്ടായിരുന്നവർ വലിയ പൊട്ടിത്തെറി ശബ്ദം കേട്ടു.  ഇംബാബ ജില്ലയിലെ പള്ളിയിൽ ആ സമയം ഏകദേശം അയ്യായിരത്തോളം പേർ ഉണ്ടായിരുന്നു.

ഒരു പ്രവേശന കവാടത്തിൽ തീ പടർന്നതുമൂലമുണ്ടായ തടസ്സവും, തിക്കും തിരക്കുമുണ്ടാക്കുകയും ഭീതി പടർത്തുകയും ചെയ്തതും കാര്യങ്ങൾ വഷളാക്കി. ആളുകൾ പടികൾ ഇറങ്ങാൻ തിരക്കുകൂട്ടുകയും മറ്റുള്ളവരുടെ പുറത്തേക്ക് വീഴാൻ തുടങ്ങുകയും ചെയ്തുവെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. തീപിടുത്തമുയർത്തിയ കനത്ത പുകയാണ് പരിക്കുകളുടെയും മരണങ്ങളുടെയും പ്രധാന കാരണമെന്ന് അധികൃതർ അറിയിച്ചു.

30 ആംബുലൻസുകൾ പള്ളിയിലേക്ക് അയച്ചതായും പരിക്കേറ്റവരെ രണ്ട് പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായും ഈജിപ്ഷ്യൻ ആരോഗ്യ ഏജൻസികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും നേരിടാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസ്സി ബന്ധപ്പെട്ട എല്ലാ സർക്കാർ ഏജൻസികളോടും സ്ഥാപനങ്ങളോടും നിർദ്ദേശിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2022, 14:07