തിരയുക

തൊഴിൽ വൈദഗ്ധ്യം കുറയുന്നു തൊഴിൽ വൈദഗ്ധ്യം കുറയുന്നു 

യുവജനങ്ങളിൽ തൊഴിൽ വൈദഗ്ധ്യം കുറയുന്നുവെന്ന് യുണിസെഫും വിദ്യാഭ്യാസകമ്മീഷനും

ലോകയുവജനനൈപുണ്യദിനത്തോടനുബന്ധിച്ച് യുണിസെഫും വിദ്യാഭ്യാസകമ്മീഷനും പുറത്തുവിട്ട റിപ്പോർട്ട്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകത്ത് 92 രാജ്യങ്ങളിൽ യുവജനങ്ങൾക്കിടയിൽ തൊഴിൽ വൈദഗ്ധ്യം കുറയുന്നുവെന്ന് യുണിസെഫും വിദ്യാഭ്യാസകമ്മീഷനും ചേർന്ന് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. പതിനഞ്ചിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള ഏതാണ്ട് നാലിൽ മൂന്ന് ചെറുപ്പക്കാരും ഈ കണക്കുകൾ പ്രകാരം പ്രത്യേകം തൊഴിൽമേഖലകളിൽ ജോലിചെയ്യാൻ തക്ക ശരിയായ വൈദഗ്ധ്യം ഇല്ലാത്തവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും വിദ്യാഭ്യാസകമ്മീഷനും വിശദീകരിച്ചു. ജൂലൈ 15-ന് ലോകയുവജനനൈപുണ്യദിനം ആചരിക്കുന്ന അവസരത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ഈ ഘടകങ്ങൾ വിവിധ പഠനങ്ങളെ ആധാരമാക്കി ഈ കണക്കുകൾ പുറത്തുവിട്ടത്.

ഇടത്തരം സാമ്പത്തികസ്ഥിതിയുള്ള രാജ്യങ്ങളിലെ ഏതാണ്ട് പത്തുവയസ്സുള്ള കുട്ടികളിൽ ഭൂരിഭാഗത്തിനും ലളിതമായ വാചകങ്ങൾ പോലും വായിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ല. നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം താഴ്ന്ന വരുമാനമുള്ള മൂന്നിലൊന്ന് രാജ്യങ്ങളിലും ഉയർന്ന വിദ്യാഭ്യാസമോ, തൊഴിൽ, ഡിജിറ്റൽ മേഖലകളിലെ പരിശീലനമോ ലഭിക്കാത്തവരാണ് ഏതാണ്ട് 85 ശതമാനം യുവാക്കളെന്നും റിപ്പോർട്ട് വ്യക്തമാക്കി. 77 രാജ്യങ്ങളിൽനിന്നുള്ള കണക്കുകൾ പ്രകാരം മൂന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നാലിൽ മൂന്ന് പേരിലും താഴെ മാത്രമേ തങ്ങളുടേതായ മേഖലയിൽ ആവശ്യമായ പുരോഗതി നേടിയിട്ടുള്ളു.

ലോകമെമ്പാടുമുള്ള കുട്ടികൾക്കും യുവാക്കൾക്കും ആവശ്യമായ പരിശീലനം നൽകുന്നതിൽ നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്നും, ഈ പ്രതിസന്ധിയെ നേരിടാനും, ഇന്നത്തെയും ഭാവിതലമുറയുടെയും വിദ്യാഭ്യാസവും, നൈപുണ്യവികസനവും മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമായ പരിഹാരമാർഗ്ഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് യൂണിസെഫിലെ,  വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വിഭാഗത്തിന്റെ ഡയറക്ടർ റോബർട്ട് ജെങ്കിൻസ് പ്രസ്‌താവിച്ചു.

രാജ്യങ്ങൾക്കിടയിലും ദരിദ്ര സമൂഹങ്ങൾക്കിടയിലും നിലനിൽക്കുന്ന ആഴത്തിലുള്ള അസമത്വങ്ങൾ തൊഴിൽ വൈദഗ്ധ്യമേഖലയിലും അസമത്വങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2022, 16:29