തിരയുക

ലോകത്ത് പട്ടിണിയും ദാരിദ്ര്യവും വർദ്ധിക്കുന്നു ലോകത്ത് പട്ടിണിയും ദാരിദ്ര്യവും വർദ്ധിക്കുന്നു 

ലോകത്ത് പട്ടിണിയനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു: ഐക്യരാഷ്ട്രസഭ

ലോകത്ത് പട്ടിണിയനുഭവിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിൽ വർദ്ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജൂലൈ ആറാം തീയതി ഐക്യരാഷ്ട്രസഭയിലെ വിവിധ ഏജൻസികൾ പുറത്തുവിട്ട സംയുക്തപത്രക്കുറിപ്പിൽ, ലോകത്ത് 2021-ൽ മാത്രം പട്ടിണി അനുഭവിക്കേണ്ടിവന്നവരുടെ എണ്ണം ഏതാണ്ട് എൺപത്തിമൂന്ന് കോടിയാണെന്ന് വ്യക്തമാക്കി. ഭക്ഷണലഭ്യതയുടെ ഉറപ്പും, പോഷകാഹാരലഭ്യതയും സംബന്ധിച്ചുള്ള പുതിയ ഈ റിപ്പോർട്ട്, പട്ടിണിയും പോഷകാഹാരക്കുറവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ ലോകം എത്രമാത്രം പിന്നോട്ട് പോയി എന്നാണ് കാണിക്കുന്നത്.

2020-ലെ കണക്കുകൾവച്ചു നോക്കുമ്പോൾ പട്ടിണിയനുഭവിക്കുന്ന ഏതാണ്ട് നാലരക്കോടി ആളുകളുടെ വർദ്ധനവാണ് 2021-ൽ ഉണ്ടായതായി പുതിയ ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ആരംഭിച്ചതിനുശേഷം ലോകത്ത് ഏതാണ്ട് 15 കോടിയാളുകളാണ്, മുൻ വർഷങ്ങളേക്കാൾ കൂടുതലായി പട്ടിണിയുടെ രൂക്ഷഫലങ്ങളനുഭവിക്കുന്നത്. പട്ടിണി, ഭക്ഷ്യ അരക്ഷിതാവസ്ഥ, പോഷകാഹാരക്കുറവ് എന്നിവ 2030-ഓടെ അവസാനിപ്പിക്കുവാനുള്ള ശ്രമങ്ങളിൽനിന്ന് ലോകം എത്രമാത്രം അകന്നുപോകുന്നു എന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.

"ലോകത്ത് ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരലഭ്യതയുടെയും നില" എന്ന പേരിലുള്ള 2022-ലെ റിപ്പോർട്ട് ആഗോള ഭക്ഷ്യ സുരക്ഷയെയും പോഷകാഹാര സാഹചര്യത്തെയും കുറിച്ചുള്ള പുതിയ കണക്കുകൾ അവതരിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണത്തിന്റെ വില കുറയ്ക്കുന്നതിനായി, കൃഷികൾക്കുള്ള പ്രോത്സാഹനവും പിന്തുണയും സംബന്ധിച്ച് ഗവൺമെന്റുകൾ പുനർവിചിന്തനം നടത്താനുള്ള വഴികളും റിപ്പോർട്ട് പരിശോധിക്കുന്നുണ്ട്.

ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO), കൃഷികാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര ഫണ്ട് (IFAD), ശിശുക്ഷേമനിധി (UNICEF), ലോക ഭക്ഷ്യപദ്ധതി (WFP), ലോകാരോഗ്യ സംഘടന (WHO) എന്നിവർ സംയുക്തമായാണ് ഈ റിപ്പോർട്ട് സംബന്ധിച്ച് പുതിയ പത്രക്കുറിപ്പ് പുറത്തുവിട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 July 2022, 16:58