യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിൽ വിജയം അവകാശപ്പെട്ട് റഷ്യ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
റഷ്യയിലെ ചെച്നിയ മേഖലാ നേതാവ് റംസാൻ കദിറോവ് ലിസിചാൻസ്ക് നഗരത്തിൽ തന്റെ സൈനിക സാന്നിധ്യം അവകാശപ്പെടുന്ന ഒരു വീഡിയോ പ്രസിദ്ധീകരിച്ചു. അതിൽ, റഷ്യൻ അനുകൂല കമാൻഡർമാരിൽ ഒരാൾ നഗരം പൂർണ്ണമായി റഷ്യൻ നിയന്ത്രണത്തിലാണെന്നും ശുചീകരണ പ്രവർത്തനം നടക്കുന്നുണ്ടെന്നും പ്രഖ്യാപിക്കുന്നതാണ് കാണുക.
ഞായറാഴ്ച, റഷ്യയുടെ പ്രതിരോധ മന്ത്രി സെർജി ഷോയിഗു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടു യുക്രെയ്‌നിലെ ലുഹാൻസ്ക് പ്രദേശം മുഴുവനും "വിമോചിതമായി" എന്ന് അറിയിച്ചു.
എന്നാൽ ലിസിചാൻസ്ക് റഷ്യൻ സേനയുടെ "പൂർണ്ണ നിയന്ത്രണത്തിൽ" അല്ലെന്നും ആ മേഖലയിൽ തീവ്രമായ പോരാട്ടം തുടരുകയാണെന്നും യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. യുക്രേനിയൻ നഗരമായ സ്ലോവിയൻസ്‌കിന്റെ മേയറും ഇക്കാര്യം സ്ഥിരീകരിച്ചു.
ഞായറാഴ്ച വിവിധ തരം റോക്കറ്റ് ലോഞ്ചറുകളിൽ നിന്നുള്ള ശക്തമായ ഷെല്ലാക്രമണത്തിനാണ് തന്റെ നഗരം വിധേയമായതെന്ന് മേയർ വാദിം ലിയാഖ് സമൂഹ മാധ്യമത്തോടു പറഞ്ഞു. ഇതിനെ നഗരത്തിലെ ഏറ്റവും ശക്തമായ സമീപകാല ഷെല്ലാക്രമണം എന്നു വിശേഷിപ്പിച്ച അദ്ദേഹം തുടർന്ന് 15 തീപിടിത്തങ്ങളുണ്ടായെന്നും "നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതും" പങ്കുവച്ചു.
നിഷേധിച്ച് റഷ്യ
ദൃശ്യങ്ങളും ദൃക്‌സാക്ഷികളും ചൂണ്ടിക്കാണിച്ചിട്ടും പൗര മേഖലകൾ ലക്ഷ്യമിടുന്നത് റഷ്യ തുടർച്ചയായി നിരസിച്ചു. എന്നാൽ യുക്രെയ്നിലെ ഡോൺബാസ്, മിക്കോളയേവ് മേഖലകളിലെ അഞ്ച് കമാൻഡ് പോസ്റ്റുകൾ തകർക്കാൻ ഉയർന്ന കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അവകാശപ്പെട്ടു. സപോരിജിയയുടെ പരിസരത്ത് മൂന്ന് ആയുധ ഡിപ്പോകളും ഖാർകിവിലെ യുക്രേനിയൻ ആയുധ താവളവും തകർത്തതായും റിപ്പോർട്ടിൽ പറയുന്നു.
ഒഡേസ പ്രദേശത്ത് നേരത്തെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്ക് തകർന്ന് കുറഞ്ഞത് 21 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് മന:പൂർവം നടത്തിയ ആക്രമണമാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വ്ലാളോഡിമർ സെലെൻസ്‌കിയുടെ വാദം മോസ്‌കോ നിഷേധിക്കുകയും ചെയ്തു.
അതേസമയം, റഷ്യയ്ക്കുള്ളിലെ അതിർത്തി നഗരത്തിൽ യുക്രേനിയൻ സൈന്യം ആക്രമണം നടത്തിയതായും നാല് പേർ കൊല്ലപ്പെട്ടതായും റഷ്യൻ അധികൃതർ പറഞ്ഞു.
റഷ്യയിൽ അക്രമം
റഷ്യയിലെ ബെൽഗൊറോഡ് നഗരത്തിലുണ്ടായ സ്ഫോടനങ്ങൾക്ക് റഷ്യയുടെ പ്രതിരോധ മന്ത്രാലയം യുക്രെയ്നെ കുറ്റപ്പെടുത്തി. യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയിലെ സാധാരണക്കാരെ ബാധിച്ച ഏറ്റവും മാരകമായ സംഭവമാണിത്.
റഷ്യയുടെ അതിർത്തി മേഖലയിലെ ഇന്ധന, സൈനിക ലക്ഷ്യങ്ങളിൽ യുക്രെയ്ൻ ആക്രമണം നടത്തിയതായും, റഷ്യൻ അതിർത്തിയിലെ ഒരു സുപ്രധാന നഗര കേന്ദ്രം ആക്രമിക്കപ്പെട്ടതിലും കീവിനെതിരെ മോസ്കോ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമാണ്.
ബെൽഗൊറോഡിൽ സോവിയറ്റ് കാലഘട്ടത്തിലെ മൂന്ന് മിസൈലുകൾ യുക്രെയ്ൻ തൊടുത്തുവിട്ടതായി റഷ്യൻ അധികൃതർ അറിയിച്ചു. എന്നാൽ മിസൈലുകളിലൊന്ന് മധു ബെൽഗൊറോഡിൽ വീണതാണ് നാശത്തിന് കാരണമായതെന്ന് അവർ അവകാശപ്പെട്ടു. അവകാശവാദങ്ങൾ ഇതുവരെ സ്വതന്ത്ര പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടില്ല.
യുക്രെയ്നിൽ നാല് മാസത്തിലേറെയായി റഷ്യൻ അധിനിവേശം തുടരുകയാണ്. ഇതിനകം പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച യുദ്ധം കൂടുതൽ രൂക്ഷമാക്കാൻ ഞായറാഴ്ചത്തെ ഏറ്റുമുട്ടലുകൾ കാരണമായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: