പീഡകർക്കെതിരെയുള്ള വിലാപവും കർത്താവിലുള്ള ആശ്രയവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദാവീദിനാൽ എഴുതപ്പെട്ട നൂറ്റിനാൽപ്പതാം സങ്കീർത്തനം ഒരു വൈയക്തികവിലാപമാണ്. തിന്മ നിരൂപിക്കുന്ന ദുഷ്ടരിൽനിന്നും, കെണികളൊരുക്കി കാത്തിരിക്കുന്ന ശത്രുക്കളിൽനിന്നും തന്നെ രക്ഷിക്കണമേ എന്ന പൊതുവായ ഒരു അപേക്ഷയാണ് ഇവിടെ നാം കാണുന്നത്. തനിക്കെതിരെ നിൽക്കുന്നവർ എത്രമാത്രം ശക്തരുമായിക്കൊള്ളട്ടെ, ദൈവം തന്നെ സംരക്ഷിക്കുമെന്നും, തിന്മ ചെയ്യുന്നവരെ ശിക്ഷിക്കുമെന്നുമുള്ള ചിന്തകളും നാം ഇവിടെ കണ്ടതുമുട്ടുന്നു. പീഡിതരുടെയും അഗതികളുടെയും, ഒപ്പം നീതിമാന്മാരുടെയും പരാമർത്ഥഹൃദയരുടെയും കൂടെയാണ് ദാവീദ് തന്നെത്തന്നെ കാണുന്നത്. അപവാദങ്ങളുടെയും പീഡനങ്ങളുടെയും മദ്ധ്യേ കഴിയുന്ന ഏതൊരു ആത്മാവിനും സ്വന്തമാക്കാവുന്ന ഒരു പ്രാർത്ഥനയായി ഈ സങ്കീർത്തനത്തെ നമുക്ക് കാണാനാകും. ബുദ്ധിമുട്ടുകളെയും പ്രതികൂലസാഹചര്യങ്ങളെയും നേരിടുമ്പോഴും, ദൈവം തങ്ങൾക്ക് സഹായമേകി നടത്തുമെന്ന വിശ്വാസമാണ് സങ്കീർത്തകൻ ദൈവജനത്തിന് പകരുന്നത്.
ശത്രുക്കളിൽനിന്നുള്ള രക്ഷയ്ക്കായുള്ള വിലാപം
സങ്കീർത്തനത്തിന്റെ ഒന്നു മുതൽ അഞ്ചു വരെയുള്ള വാക്യങ്ങളിൽ, അക്രമാസക്തരും വഞ്ചകരുമായ ശത്രുക്കളിൽനിന്നുള്ള രക്ഷയ്ക്കായി ദൈവത്തോട് വിളിച്ചപേക്ഷിക്കുന്ന സങ്കീർത്തകനെയാണ് നാം കാണുന്നത്. സാധാരണ സങ്കീർത്തനങ്ങളിൽനിന്ന് വിഭിന്നമായി, "കർത്താവെ ദുഷ്ടരിൽനിന്ന് എന്നെ മോചിപ്പിക്കണമേ! അക്രമികളിൽനിന്ന് എന്നെ കാത്തുകൊളളണമേ" (വാ. 2) എന്ന വിലാപപ്രാർത്ഥനയോടെയാണ് സങ്കീർത്തനം ആരംഭിക്കുന്നത്. ദാവീദ് നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധികളുടെയും ആക്രമണങ്ങളുടെയും തീവ്രതയായിരിക്കാം ഇതുപോലെ ഒരു ആരംഭത്തിന്ന് കാരണം. തിന്മ എന്നത് പലപ്പോഴും അറിവില്ലായ്മയിൽനിന്ന് വരുന്നതല്ല. തിന്മ ഉള്ളിലുള്ള മനുഷ്യർ തങ്ങളുടെ ഉള്ളിലെ വിദ്വെഷത്തിന്റെ കാഠിന്യം നിമിത്തം വ്യക്തമായ അറിവോടെ ചെയ്യുന്ന പ്രവർത്തികളാണവ. അതുകൊണ്ടു തന്നെയാണ് സങ്കീർത്തകൻ തന്റെ രണ്ടും മൂന്നും വാക്യങ്ങളിൽ ഇങ്ങനെ പറയുക: "അവർ തിന്മ നിരൂപിക്കുകയും, നിരന്തരം കലഹമിളക്കി വിടുകയും ചെയ്യുന്നു. അവർ തങ്ങളുടെ നാവു സർപ്പത്തിന്റെ നാവു പോലെ മൂർച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങൾക്ക് കീഴിൽ അണലിയുടെ വിഷമുണ്ട്" (വാ. 3-4). വിഷം നിറഞ്ഞ നാവുകളിൽനിന്നുള്ള മുറിവുകൾ എത്രയോ ജീവിതങ്ങളെയാണ് ഇല്ലാതാക്കിയിട്ടുള്ളത്.
ദുഷ്ടരും അക്രമികളും തനിക്ക് ചുറ്റുമുണ്ടെന്ന് ദാവീദ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് "കർത്താവെ, ദുഷ്ടരുടെ കൈകളിൽനിന്ന് എന്നെ കാത്തുകൊള്ളേണമേ! എന്നെ വീഴിക്കാൻ നോക്കുന്ന അക്രമികളിൽനിന്ന് എന്നെ രക്ഷിക്കണമേ!" (വാ.4) എന്ന് ദാവീദ് അപേക്ഷിക്കുന്നത്. അവസരം കാത്തിരിക്കുന്ന തിന്മയെക്കുറിച്ചുള്ള തിരിച്ചറിവ് വീഴ്ചകളിൽപ്പെടാതിരിക്കാൻ സഹായിച്ചേക്കാം. ഒരു ഇരയെക്കാത്തിരിക്കുന്ന കൗടില്യത്തോടെയാണ്, വിശ്വാസിയുടെ അജ്ഞതയെയും, ദുർബലതയെയും തിന്മയുള്ള ആളുകൾ കാത്തിരിക്കുന്നത്. "ഗർവ്വിഷ്ഠർ എനിക്ക് കെണി വച്ചിരിക്കുന്നു; അവർ എനിക്ക് വല വിരിച്ചിരിക്കുന്നു: വഴിയരികിൽ അവർ എനിക്ക് കുടുക്കൊരുക്കിയിരിക്കുന്നു" (വാ. 5) എന്ന സങ്കീർത്തകന്റെ പ്രസ്താവന, അക്രമിക്കപ്പെടുമ്പോഴും, ശത്രുക്കൾ ചുറ്റും കൂടുമ്പോഴും ദാവീദ് തന്റെ കണ്ണുകൾ തുറന്ന്, തനിക്ക് ചുറ്റും ശത്രു സ്ഥാപിക്കുന്ന കെണികളെക്കുറിച്ച് അവബോധമുള്ളവനാണെന്ന് വ്യക്തമാക്കുന്നു.
ശത്രുവിനെതിരായ പ്രാർത്ഥന
തനിക്കെതിരെ ശത്രു തയ്യാറാക്കുന്ന കെണികളെക്കുറിച്ചും, അവസരം കാത്തിരിക്കുന്ന അവരിലെ തിന്മയെക്കുറിച്ചും അറിവുള്ള സങ്കീർത്തകൻ ദൈവസന്നിധിയിൽ തന്റെ രക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും ശത്രുവിന്റെ പദ്ധതികൾ തകർക്കണമെന്നും ദുഷ്ടരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കരുതെന്നും ദൈവത്തോട് അപേക്ഷിക്കുന്നു. ദൈവത്തിലുള്ള ഉറച്ച വിശ്വാസമാണ് ദാവീദിനെ "കർത്താവിനോട് ഞാൻ പറയുന്നു: അവിടുന്നാണ് എന്റെ ദൈവം; കർത്താവെ എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ!" (വാ. 6) എന്ന പ്രാർത്ഥനാവരികൾ എഴുതുവാൻ പ്രേരിപ്പിക്കുന്നത്. ഇതേ ഉറച്ച വിശ്വാസമാണ്, കർത്താവ് തനിക്ക് സംരക്ഷണമാണെന്ന് ഏറ്റു പറയാൻ സങ്കീർത്തകനെ പ്രചോദിപ്പിക്കുന്നത്. യുദ്ധഭൂമിയിൽ തന്നെ അവൻ പരിപാലിച്ചു എന്ന് ദാവീദ് ഏറ്റുപറയുന്നു: "കർത്താവെ, എന്റെ കർത്താവെ, എന്റെ ശക്തനായ രക്ഷകാ, യുദ്ധദിവസം അവിടുന്ന് എന്നെ പടത്തൊപ്പി അണിയിച്ചു" (വാ. 7). ദൈവം അനുവദിക്കുന്നില്ലെങ്കിൽ ശത്രുവിന് തന്റെമേൽ വിജയം നേടാനാകില്ലെന്ന് ദാവീദിനറിയാം. അതുകൊണ്ടുതന്നെയാണ് "കർത്താവെ ദുഷ്ടന്റെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കരുതേ! അവന്റെ ദുരുപായങ്ങൾ സഫലമാക്കരുതേ!" (വാ. 8) എന്ന് അവൻ പ്രാർത്ഥിക്കുന്നത്. ദുഷ്ടന്റെ ആഗ്രഹങ്ങൾ ഒരിക്കലും അപരന്റെ നന്മയ്ക്കുവേണ്ടിയാകില്ലല്ലോ.
തിന്മയുള്ളവർക്കെതിരെ അവരുടെതന്നെ തിന്മ ഭവിക്കട്ടെയെന്ന പ്രാർത്ഥനയാണ് ഒൻപതുമുതലുള്ള വാക്യങ്ങളിൽ നാം കാണുന്നത്. "എന്നെ വലയം ചെയ്യുന്നവർ തല ഉയർത്തുന്നു; അവരുടെ അധരങ്ങളുടെ തിന്മ അവരെ കീഴ്പ്പെടുത്തട്ടെ! ജ്വലിക്കുന്ന തീക്കനലുകൾ അവരുടെ മേൽ വീഴട്ടെ! ഒരിക്കലും എഴുന്നേൽക്കാനാവാത്തവിധം അവർ കുഴിയിൽ എറിയപ്പെടട്ടെ" (വാ. 9-10). സങ്കീർത്തനത്തിന്റെ ആദ്യവാക്യങ്ങളിൽ നാം കണ്ടതുപോലെ, ശത്രുവിന്റെ നാവിന് പാമ്പിന്റെ നാവിന്റെ മൂർച്ചയും,അവന്റെ അധരങ്ങൾക്ക് കീഴിൽ അണലിയുടെ വിഷവുമാണുള്ളത്. അഗതികൾക്കും, നിരാലംബർക്കുമെതിരെ തിന്മയുടെ വിഷം വമിപ്പിച്ച് അവരെ ഇല്ലാതാക്കുന്ന ജീവിതങ്ങൾക്ക് നേരെ, അവരുടെ തന്നെ തിന്മ വന്നു ചേരട്ടെയെന്നാണ് സങ്കീർത്തകൻ പ്രാർത്ഥിക്കുന്നത്. മറ്റുള്ളവരുടെ ജീവിതങ്ങളെ എരിയിച്ചു കളയുന്ന തിന്മയുടെ തീക്കനൽ ശത്രുവിന്റെ മേൽ തിരികെ പതിക്കട്ടെ, നീതിമാനെ വീഴിക്കുവാനായി കുഴിച്ച കുഴിയിൽ അവർ തന്നെ വീഴട്ടെ എന്നാണ് സങ്കീർത്തകന്റെ അപേക്ഷ. കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന പഴയനിയമനീതിയുടെ ഒരു മുഖമാണ് ദാവീദിന്റെ വാക്കുകളിൽ നാം കാണുന്നത്.
ദൈവനീതിയിലുള്ള വിശ്വാസവും സ്തുതിയും
സങ്കീർത്തനത്തിന്റെ അവസാന രണ്ടു വാക്യങ്ങളിൽ തന്റെ വിശ്വാസികൾക്കെതിരെ പ്രവർത്തിക്കുന്ന ശത്രുവിന്റെ മേൽ കർത്താവ് വിജയം നേടുമെന്ന ഉറപ്പും, തിന്മയ്‌ക്കെതിരെയുള്ള ദൈവത്തിന്റെ പോരാട്ടത്തിനുള്ള നീതിമാന്മാരുടെ നന്ദിയുമാണ് നാം കാണുന്നത്. "കർത്താവ് പീഡിതർക്ക് നീതി നടത്തിക്കൊടുക്കുമെന്നും അഗതികൾക്ക് ന്യായം നിർവ്വഹിച്ചു കൊടുക്കുമെന്നും ഞാൻ അറിയുന്നു. നീതിമാന്മാർ അങ്ങയുടെ നാമത്തിന് നിശ്ചയമായും നന്ദി പറയും; പരാമർത്ഥഹൃദയർ അവിടുത്തെ സന്നിധിയിൽ വസിക്കും" (വാ. 12-13). കഠിനമായ പീഡനങ്ങളുടെ മുൻപിൽ ദൈവസഹായം അപേക്ഷിക്കുന്ന സങ്കീർത്തകൻ, നീതിമാന്മാരും പരാമർത്ഥഹൃദയരുമായ തന്റെ വിശ്വാസികൾക്ക് സംരക്ഷണവും, ശത്രുക്കളിൽനിന്ന് സംരക്ഷണവും നൽകുന്ന ദൈവത്തിനുള്ള നന്ദിയുടെ ശാന്തമായ സ്തുതികളിലേക്കാണ് നൂറ്റിനാല്പതാം സങ്കീർത്തനത്തിലെ അവസാന വരികൾ നമ്മെ കൊണ്ടുപോവുക. തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന അക്രമങ്ങളുടെയും പീഡനങ്ങളുടെയും മുന്നിൽ, സർവ്വശക്തനായ ദൈവത്തിൽ ആശ്രയം വച്ച് മുന്നോട്ടു പോകുന്ന ദാവീദിന്റെ പ്രാർത്ഥനയാണ് ഈ സങ്കീർത്തനവരികളിൽ നാം കാണുന്നത്.
സങ്കീർത്തനം വിശ്വാസജീവിതത്തിൽ
നൂറ്റിനാൽപ്പതാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, പല സമൂഹങ്ങളിലും കണ്ടെത്താവുന്ന ഒരു ജീവിതസാഹചര്യമാണ് സങ്കീർത്തകനും ജീവിക്കുന്നതെന്ന് മനസ്സിലാക്കാനാകും. അതുകൊണ്ടുതന്നെ നാം ചിലപ്പോഴെങ്കിലും അഭുമുഖീകരിക്കേണ്ടിവരുന്ന അവസ്ഥകളോട് ഇവയ്ക്ക് സാമ്യവും തോന്നിയേക്കാം. നാം അനുഭവിക്കുന്ന വേദനകളോ, ഭയക്കുന്ന അനുഭവങ്ങളോ വ്യക്തികളോ എന്തുതന്നെയായിക്കോട്ടെ, ദൈവത്തിൽ ശരണം വയ്ക്കാനും, അവനോട് സഹായമപേക്ഷിക്കാനും ഈ സങ്കീർത്തനം നമ്മെ ആഹ്വാനം ചെയ്യുന്നു. ജീവിതത്തെ ദൈവപരിപാലനയ്ക്ക് ഏൽപ്പിക്കുമ്പോൾ, ഇസ്രയേലിന്റെ ദൈവമായ കർത്താവ് നമ്മെ കരുതുമെന്നും, നമുക്ക് തിന്മകളിൽനിന്ന് സംരക്ഷണമേകി, വേഗം നീതി നടപ്പിലാക്കിത്തരുമെന്നുമുള്ള വിശ്വാസം സങ്കീർത്തനവരികൾ നൽകുന്നുണ്ട്. നമ്മുടെ പരിമിതികളിലും ദൗർബല്യങ്ങളിലും ദൈവത്തിന്റെ ശക്തമായ കരം കൂടെയുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നും, അവൻ നമ്മെ കൈപിടിച്ച് സമാധാനതീരങ്ങളിലേക്കെത്തിക്കുമെന്നും നമുക്കും ആഴമായി വിശ്വസിക്കാം. പീഡിതർക്കും അഗതികൾക്കും ഒപ്പമാണ് ദൈവമെന്ന തിരിച്ചറിവിൽ, പരാമർത്ഥഹൃദയത്തോടെയും നീതിയിലും നമുക്കും ജീവിക്കാം. സംരക്ഷകനായ ദൈവത്തിന് സങ്കീർത്തകനൊപ്പം നമുക്കും നന്ദി പറയാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: