സർവ്വവ്യാപിയായ ദൈവം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സർവ്വവ്യാപിയും സർവ്വജ്ഞാനിയുമായ ദൈവത്തെക്കുറിച്ചുള്ള ഒരു സ്തുതിഗീതമാണ് നൂറ്റിമുപ്പത്തിയൊൻപതാം സങ്കീർത്തനം. സങ്കീർത്തകനിലെ ആരാധകനും ദൈവവും തമ്മിലുള്ള വ്യക്തിപരമായ ഒരു സംഭാഷണത്തിന്റെ ശൈലിയിലുള്ള ഒരു ആരാധനാപ്രബോധന ഗീതമാണിത്. സങ്കീർത്തനത്തിലുടനീളം ദൈവത്തിലുള്ള പൂർണ്ണമായ വിശ്വാസവും ശരണവുമാണ് നാം കാണുന്നത്. തന്റെ ജീവിതം ദൈവത്തിന് അജ്ഞാതമല്ലെന്ന് ദാവീദിന് നന്നായി അറിയാം. സങ്കീർത്തകനെപ്പോലെ, ഓരോ വിശ്വാസിയും തന്റെ മനസ്സിൽ കൊണ്ടുനടക്കേണ്ട ഒരു വിചിന്തനം കൂടിയാണ് ഇതിലെ വരികൾ. നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ കണ്മുൻപിലാണ് നാം ജീവിക്കുന്നതെന്ന ചിന്ത, നമ്മുടെ വാക്കുകളെയും പ്രവൃത്തികളെയും ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ നമ്മെ ക്ഷണിക്കുന്നു. അതേ സമയം, സർവ്വശക്തനും സർവ്വവ്യാപിയുമായ, നമ്മെ കരുതുന്ന നമ്മുടെ ദൈവം നമുക്കൊപ്പമുണ്ടെന്നും, അവിടുത്തെ സംരക്ഷണത്തിലാണ് നാമെന്നുമുള്ള ചിന്ത നമ്മുടെ ഹൃദയത്തിൽ സമാധാനവും ആശ്വാസവും നിറയ്ക്കുന്നു. ദൈവം അനുവദിക്കാത്തതൊന്നും നമുക്ക് ഭവിക്കുകയില്ലെന്നും, ദൈവത്തിന് പ്രീതികരമായ രീതിയിലാണ് നാം ജീവിക്കേണ്ടതെന്നുമുള്ള ചിന്തകളാണ് സങ്കീർത്തനം നമ്മിൽ ഉണർത്തുന്നത്.
എല്ലാമറിയുന്ന ദൈവം
ഇസ്രയേലിന്റെ ദൈവമായ കർത്താവ് എല്ലാം അറിയുന്നവനാണെന്ന തിരിച്ചറിവാണ് സങ്കീർത്തനത്തിന്റെ ആദ്യത്തെ ആറു വാക്യങ്ങളിൽ ദാവീദ് പറഞ്ഞുവയ്ക്കുന്നത്. ദൈവത്തോടുള്ള ഒരു സംഭാഷണത്തിന്റെ രൂപത്തിലാണ് ഈ വാക്യങ്ങൾ. "കർത്താവെ അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടുന്ന് അറിയുന്നു" (വാ. 1-2). മാനുഷികമായ ചിന്തകൾക്കും പരിമിതികൾക്കും ഉപരിയായി നിൽക്കുന്നവനാണ് ദൈവം എന്ന തിരിച്ചറിവ് ദാവീദിന്റെ വാക്കുകളിൽ വ്യക്തമാണ്. പ്രപഞ്ചത്തിന്റെ ഓരോ ചലനവും തിരിച്ചറിയുന്നു എന്നതിലുപരി, തന്റെ ദാസനായ ദാവീദിനെയും, ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും, അതുപോലെതന്നെ അവരുടെ ഉള്ളും ദൈവം മനസ്സിലാക്കുന്നു എന്നത് വിസ്മയമുളവാക്കുന്ന തിരിച്ചറിവാണ്. തന്റെ സൃഷ്ടികളായ ഓരോ മനുഷ്യരും ഇരിക്കുന്നതും നിൽക്കുന്നതും, നടക്കുന്നതും കിടക്കുന്നതും അങ്ങനെ തീരെ അപ്രധാനമെന്നു തോന്നുന്ന കാര്യങ്ങൾ പോലും ദൈവത്തിന് അജ്ഞാതമല്ല. മനുഷ്യന് ചിന്തിക്കാനാകുന്നതിലുമപ്പുറം ഉന്നതനാണ് കർത്താവ്. എന്നാൽ ദൈവം തന്നെയും തന്റെ ചിന്തകളെപ്പോലും അറിയുന്നു എന്നതിനേക്കാൾ, അവൻ തന്റെ മുൻപിലും പിന്നിലും തനിക്ക് സംരക്ഷണമേകി കാവൽ നിൽക്കുന്നു (വാ.5) എന്ന ബോധ്യം സങ്കീർത്തകനിൽ വിസ്മയം ജനിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ കരം തന്റെ മേലുണ്ട് (വാ.5), എന്ന വാക്കുകളിൽ, തന്നെ തഴുകുന്ന സ്നേഹമാണ് ദൈവമെന്ന് ദാവീദ് ലോകത്തോട് എറ്റു പറയുകയാണ്. നിസ്സാരരായ മനുഷ്യരെ, അർഹിക്കുന്നതിലേറെ സ്നേഹവും സംരക്ഷണവുമേകി പരിപാലിക്കുന്നവനാണ് ഇസ്രയേലിന്റെ ദൈവം.
സർവ്വ വ്യാപിയായ ദൈവം
ഏഴു മുതൽ പന്ത്രണ്ടു വരെയുള്ള വാക്യങ്ങളിൽ, ദൈവം സർവ്വവ്യാപിയാണെന്ന തിരിച്ചറിവാണ് സങ്കീർത്തകൻ പങ്കുവയ്ക്കുന്നത്. നമുക്ക് ഏറെ ഹൃദ്യവും പരിചിതവുമായ ചില സങ്കീർത്തനവരികളാണിവ. "അങ്ങയിൽനിന്ന് ഞാൻ എവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ടു ഞാൻ എവിടെ ഓടിയൊളിക്കും? ആകാശത്തിൽ കയറിയാൽ അങ്ങ് അവിടെയുണ്ട്; ഞാൻ പാതാളത്തിൽ കിടക്കവിരിച്ചാൽ അങ്ങ് അവിടെയുണ്ട്" (വാ. 7-8). പ്രപഞ്ചത്തിന്റെ ഏതു കോണിലും ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ട് എന്നതിനേക്കാൾ,, സർവ്വവ്യാപിയായ ദൈവത്തിൽനിന്ന് ഓടിയകലുവാനോ മറഞ്ഞിരിക്കുവാനോ സാധിക്കില്ല എന്ന തിരിച്ചറിവാണ് ഇവിടെ കൂടുതലായി വ്യക്തമാകുന്നത്. മനുഷ്യനോടൊത്തുള്ള ഒരു ദൈവമാണ് ഇസ്രയേലിന്റെ നാഥൻ. പതിനൊന്നും പന്ത്രണ്ടും വാക്യങ്ങളിലും ഇതേ ആശയം നമുക്ക് കാണാം. പന്ത്രണ്ടാം വാക്യത്തിൽ സങ്കീർത്തകൻ ഇങ്ങനെ പറയുന്നു; "ഇരുട്ടുപോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല; രാത്രി പകൽ പോലെ പ്രകാശപൂർണ്ണമായിരിക്കും; എന്തെന്നാൽ, അങ്ങേക്ക് ഇരുട്ട് പ്രകാശം പോലെത്തന്നെയാണ്" (വാ. 12). ദൈവസന്നിധിയിൽനിന്ന് ഭീതിയാലോ കുറ്റബോധത്താലോ ഒളിച്ചിരിക്കാൻ പരിശ്രമിക്കുക എന്ന ഒരു അർത്ഥം ഇവിടെ നമുക്ക് ആരോപിക്കാമെങ്കിലും, പത്താം വാക്യത്തിലൂടെ പ്രതീക്ഷയുടെയും ധൈര്യത്തിന്റെയും വാക്കുകളാണ് സങ്കീർത്തകൻ നമുക്ക് നൽകുന്നത്; "അവിടെയും (സമുദ്രത്തിന്റെ അതിർത്തിയിൽ ചെന്ന് വസിച്ചാൽ) അങ്ങയുടെ കരം എന്നെ നയിക്കും; അങ്ങയുടെ വലത്തുകൈ എന്നെ പിടിച്ചുനടത്തും" (വാ. 10). ജീവിതത്തെ അന്ധകാരമായമാക്കുന്ന അനുഭവങ്ങളും അവസരങ്ങളും വന്നുകൊള്ളട്ടെ, അവയെ തരണം ചെയ്യാൻ സഹായിക്കാൻ കഴിവുള്ള ദൈവം, ഇരുട്ടിന്റെ മറവിലും തന്റെ കൂടെയുണ്ട് എന്ന പ്രത്യാശാപൂർണ്ണമായ ഒരു ചിന്തയാണ് സങ്കീർത്തകന്റെ മനസ്സിൽനിന്നുയരുന്നത്.
ജീവിതം ദൈവദാനം
പതിമൂന്ന് മുതൽ പതിനാറു വരെയുള്ള വാക്യങ്ങളിൽ, തന്റെ ജനനം പോലും ദൈവികപദ്ധതിയുടെ ഭാഗമാണെന്ന് സങ്കീർത്തകനിലെ വിശ്വാസി ഏറ്റുപറയുകയാണ്. "അവിടുന്നാണ് എന്റെ അന്തരംഗത്തിന് രൂപം നൽകിയത്; എന്റെ അമ്മയുടെ ഉദരത്തിൽ അവിടുന്ന് എന്നെ മെനഞ്ഞു" (വാ. 13) എന്ന പതിമൂന്നാം വാക്യം മുതൽ "എനിക്ക് രൂപം ലഭിക്കുന്നതിന് മുൻപുതന്നെ, അവിടുത്തെ കണ്ണുകൾ എന്നെ കണ്ടു; എനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകൾ ഉണ്ടാകുന്നതിന് മുൻപുതന്നെ, അങ്ങയുടെ പുസ്തകത്തിൽ അവ എഴുതപ്പെട്ടു" (വാ. 16) എന്ന പതിനാറാം വാക്യം വരെ ഇത് വ്യക്തമാണ്. തികച്ചും അജ്ഞാതമായ ഏതോ കാരണങ്ങളാൽ യാദൃശ്ചികമായി സൃഷ്ടിക്കപ്പെട്ടവനല്ല മനുഷ്യനെന്നും, ഓരോ ജീവിതത്തിനുപിന്നിലും ദൈവികമായ ഒരു പദ്ധതി ഉണ്ടെന്നും ഓർമ്മിപ്പിക്കുന്ന അർത്ഥപൂർണ്ണങ്ങളായ വാക്യങ്ങളാണിവ. മനുഷ്യജീവിതം രൂപപ്പെടുന്നത് സങ്കീർണ്ണമായ ഒരു പ്രക്രിയയിലൂടെയാണെന്നും, എന്നാൽ കൃത്യമായ ഒരു സംവിധാനത്തിന്റെ ഭാഗമായാണ് അത് മുന്നോട്ട് പോകുന്നതെന്നും, ദൈവമാണ്, തന്റെ അന്തരംഗത്തിന് രൂപം നൽകിയതെന്നും, അമ്മയുടെ ഉദരത്തിൽ തന്നെ മെനഞ്ഞതെന്നും സങ്കീർത്തകനിലെ വിശ്വാസി ലോകത്തോട് മുഴുവൻ ഏറ്റുപറയുന്നു. ഈയൊരർത്ഥത്തിൽ ആയിരിക്കുന്നവയൊക്കെയും ദൈവികപദ്ധതിയുടെ ഭാഗമാണെന്നുകൂടി ദാവീദ് പറഞ്ഞുവയ്ക്കുകയും ദൈവത്തിൽ കൂടുതൽ ആശ്രയിക്കുകയും ചെയ്യുന്നു.
പതിനേഴും പതിനെട്ടും വാക്യങ്ങളും ഈയൊരു ചിന്തയോട് ചേർന്ന് പോകുന്നവയാണ്. എന്നാൽ അതേസമയം, ഒന്നുമുതൽ പതിനാറുവരെയുള്ള വാക്യങ്ങളിൽ പ്രകീർത്തിക്കപ്പെടുന്ന ദൈവത്തിനുള്ള പൊതുവായ സ്തുതികൂടിയാണ്. ദൈവത്തിന്റെ ചിന്തകൾ മനുഷ്യന് അമൂല്യമാണെന്നും, എണ്ണുവാനാകാത്തവിധം അവ അസംഖ്യമാണെന്നും പറയുന്ന സങ്കീർത്തകൻ, താൻ എപ്പോഴും ദൈവത്തോടുകൂടെയായിരിക്കുമെന്ന് പ്രത്യാശിക്കുന്നു.
തിന്മ പ്രവർത്തിക്കുന്നവരും സങ്കീർത്തകന്റെ ജീവിതവും
തിന്മ ചെയ്യുന്ന മനുഷ്യരിൽനിന്ന് അകന്നിരിക്കുവാനുള്ള തീരുമാനമാണ് പത്തൊൻപത് മുതൽ ഇരുപത്തിരണ്ടുവരെയുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ വ്യക്തമാക്കുന്നത്. തന്റെ ജീവിതത്തോടും തന്നോടുമെന്നതിനേക്കാൾ, ദൈവത്തിന്റെ പദ്ധതികൾക്കും ഹിതകൾക്കുമെതിരെ പ്രവർത്തിക്കുന്നവരെയാണ് സങ്കീർത്തകൻ ശത്രുവായി കണക്കാക്കുന്നതും വെറുക്കുന്നതും. ദൈവവുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്, ദൈവത്തിൽനിന്ന് അകന്നിരിക്കുന്നവരെയും, ദൈവത്തെ എതിർക്കുന്നവരെയും സങ്കീർത്തകൻ അകറ്റിനിറുത്തുന്നത്. മനുഷ്യന് അസ്തിത്വമേകി അവനെ എല്ലാ അവസ്ഥകളിലും പരിപാലിക്കുന്ന നല്ലവനായ ദൈവത്തെ എതിർത്ത്, സർവ്വവും അറിയുന്ന, സർവ്വവ്യാപിയായ ദൈവത്തിൽനിന്ന് തങ്ങളുടെ ദുഷ്പ്രവൃത്തികളാൽ അകന്നിരിക്കുന്നവരെ തന്റെ ജീവിതത്തോട് ചേർത്തുനിറുത്തുവാൻ വിശ്വാസിയായ മനുഷ്യന് സാധിക്കില്ല. ദൈവത്തിന് സ്വീകാര്യനായി ജീവിക്കുവാനുള്ള സങ്കീർത്തകന്റെ ആഗ്രഹമാണ് അവസാന രണ്ടു വാക്യങ്ങളിൽ വെളിവാകുന്നത്. "ദൈവമേ എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ! എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ മനസ്സിലാക്കണമേ! വിനാശത്തിന്റെ മാർഗത്തിലാണോ ഞാൻ ചരിക്കുന്നതെന്ന് നോക്കണമേ! ശാശ്വതമാർഗ്ഗത്തിലൂടെ എന്നെ നയിക്കേണമേ!" (വാ. 23-24). ദൈവമാണ് എല്ലാത്തിന്റെയും സൃഷ്ടാവും പരിപാലകനുമെന്നു തിരിച്ചറിയുകയും, അവന്റെ സ്തുതികൾ ആലപിക്കുകയും, ദൈവത്തോട് മറുതലിച്ചുനിൽക്കുന്ന മനുഷ്യരിൽനിന്ന് അകന്നു നിൽക്കുകയും ചെയ്യുന്ന സങ്കീർത്തകൻ, തന്റെ ജീവിതം പൂർണ്ണമായും ദൈവത്തിന്റെ പാതയിലാകണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെയാണ് തന്റെ ഹൃദയവിചാരങ്ങളും ചിന്തകളും അറിയുന്ന ദൈവത്തോട്, തന്നെ പരിശോധിക്കണമേയെന്നും, ശരിയും, ശാശ്വതവുമായ പാതയിലൂടെ തന്നെ നടത്തണമെന്നും അവൻ അപേക്ഷിക്കുന്നത്. നാഥനും കർത്താവുമായ സത്യദൈവത്തെ യഥാർത്ഥത്തിൽ തിരിച്ചറിയുന്ന മനുഷ്യന് അവനിൽനിന്നും ഒരിക്കലും അകന്നുനിൽക്കാൻ ആകില്ലല്ലോ.
സങ്കീർത്തനം ജീവിതത്തിൽ
ഏറെ മനോഹരമായ നൂറ്റിമുപ്പത്തിയൊൻപതാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, ദൈവമാരെന്ന ബോധ്യത്തിലേക്ക് കൂടുതലായി വളരാനും, അവനിൽ നമ്മുടെ സൃഷ്ടാവിനെയും പരിപാലകനെയും തിരിച്ചറിഞ്ഞ്, അവനിൽ കൂടുതലായി ശരണം വയ്ക്കാനും, അവന്റെ മാർഗ്ഗത്തിൽ ചരിക്കാനുമാണ് വചനം നമ്മെ ക്ഷണിക്കുന്നത്. നമ്മുടെ ശ്വാസനിശ്വാസങ്ങളും, ഹൃദയവിചാരങ്ങളും ദൈവമറിയുന്നുണ്ടെന്ന ചിന്തയിൽ നമ്മുടെ ജീവിതങ്ങളെ ക്രമപ്പെടുത്താനും, നമ്മെ കരുതുന്ന, തലോടുന്ന, പരിപാലിക്കുന്ന അവന്റെ ഹിതം മാത്രം സ്വീകരിക്കാനും അവയിൽ ആനന്ദം കണ്ടെത്തുവാനും നമുക്ക് പരിശ്രമിക്കാം. പരാജയങ്ങളുടെ ഇരുട്ടിലും, മരണത്തിന്റെ പാതാളത്തിലും, ഒറ്റപ്പെടലിന്റെ സീമകളിലും ദൈവം നമ്മെ ഉപേക്ഷിക്കുന്നില്ലെന്ന ബോധ്യത്തിൽ, ദൈവത്തോട് കൂടുതൽ ചേർന്ന് നടക്കാം. ദൈവസാന്നിദ്ധ്യത്തിൽ ആനന്ദിക്കുവാൻ തക്ക വിശ്വാസവും ശരണവും നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലുമുണ്ടാകട്ടെ. മറ്റുള്ളവരെക്കൂടി ദൈവത്തിലേക്കടുപ്പിക്കാൻ തക്ക നന്മയും കരുണയും നമ്മിലുണ്ടാകട്ടെ. ദൈവത്തിന്റെ വലതുകരം നമ്മെയും ശാശ്വതമാർഗ്ഗത്തിലൂടെ നയിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: