തിരയുക

സങ്കീർത്തനചിന്തകൾ - 138 സങ്കീർത്തനചിന്തകൾ - 138 

വാഗ്ദാനങ്ങളിൽ വിശ്വസ്തനായ കർത്താവ്

വചനവീഥി: നൂറ്റിമുപ്പത്തിയെട്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിമുപ്പത്തിയെട്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തിനുള്ള നന്ദിയുടെ ഗീതമാണ് നൂറ്റിമുപ്പത്തിയെട്ടാം സങ്കീർത്തനം. ഒരു പ്രത്യേക വേദനയെയോ ദുരനുഭവത്തെയോ പരാമർശിച്ച്, അതിൽനിന്നും രക്ഷനൽകി തങ്ങളെ അനുഗ്രഹിച്ച ദൈവത്തിന് നന്ദി പറയുക എന്ന ശൈലിയിൽ നിന്ന് വിഭിന്നമായ, പൊതുവായ കൃതജ്ഞതാഗീതങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു സങ്കീർത്തനമാണിത്. ദൈവത്തിൽനിന്ന് ലഭിച്ച അനുഗ്രഹങ്ങൾക്കും സഹായങ്ങൾക്കും ഓരോ വ്യക്തികളും, പ്രത്യേകിച്ച്, അധികാരവും, ഉത്തരവാദിത്വങ്ങളും നിർവ്വഹിക്കുന്നവർ കൂടുതലായി നന്ദി പറയേണ്ടിയിരിക്കുന്നു. തന്നിൽ ആശ്രയിക്കുന്ന താഴ്ന്നവരെയും ഉയർന്നവരെയും, ദരിദ്രരെയും ധനികരെയും ഒരുപോലെ പരിപാലിക്കുന്നവനാണ് ദൈവം. കാരുണ്യവാനും വാഗ്ദാനങ്ങളിൽ വിശ്വസ്‌തനുമായതിനാൽ, നമ്മെക്കുറിച്ചുള്ള ക്ഷേമത്തിന്റെ പദ്ധതികൾ കുറവുകളില്ലാതെ അവിടുന്ന് നിറവേറ്റുമെന്ന പ്രത്യാശയാണ് സങ്കീർത്തകൻ പകരുന്നത്. ഇരുപത്തിമൂന്നാം സങ്കീർത്തനത്തിന്റെ നാലാം വാക്യത്തിൽ കാണുന്ന "മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു" എന്ന വാക്യത്തിന്റെ സാരാംശമുൾക്കൊള്ളുന്നവയാണ് ഈ സങ്കീർത്തനത്തിന്റെ വരികൾ. തന്നെ സംരക്ഷിച്ച, കാത്തുപരിപാലിക്കുന്ന ദൈവത്തിനുള്ള നന്ദിയുടെ വാക്കുകളാണ് ഈ സങ്കീർത്തനത്തെ മനോഹരമാക്കുന്നത്. തൊട്ടു മുൻപുള്ള നൂറ്റിമുപ്പത്തിയേഴാം സങ്കീർത്തനത്തിൽ, അടിമത്തത്തിന്റെ ദേശത്ത് ഇസ്രയേലിന്റെ ഗീതങ്ങൾ പാടാൻ വിസമ്മതിച്ച ജനത്തെ നാം കണ്ടുമുട്ടിയെങ്കിൽ, ഇന്നത്തെ സങ്കീർത്തനത്തിൽ, ദൈവത്തിന് കൃതജ്ഞതയോടെ ഗാനമാലപിക്കാൻ എല്ലാവരെയും ക്ഷണിക്കുന്ന സങ്കീർത്തകനെയാണ് നാം കാണുന്നത്. ദാവീദായിരിക്കണം ഈ സങ്കീർത്തനവും എഴുതിയത് എന്ന് കരുതപ്പെടുന്നു.

വിശ്വാസിയുടെ പ്രവൃത്തികളും ദൈവത്തിന്റെ വിശ്വസ്തതയും

സങ്കീർത്തനത്തിന്റെ ഒന്നുമുതൽ മൂന്നു വരെയുള്ള വാക്യങ്ങളിൽ ദൈവത്തിന്റെ വിശ്വസ്തതയെ ഓർത്ത് നന്ദി പറയുന്നതിനെക്കുറിച്ചാണ് സങ്കീർത്തകൻ എഴുതുക. "കർത്താവെ, ഞാൻ പൂർണഹൃദയത്തോടെ അങ്ങേക്ക് നന്ദി പറയുന്നു; ദേവന്മാരുടെ മുൻപിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും. ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരെ ശിരസ്സ് നമിക്കുന്നു; അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓർത്ത് അങ്ങേക്ക് നന്ദി പറയുന്നു: അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്. ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്റെ ആത്മാവിൽ ധൈര്യം പകർന്ന് എന്നെ ശക്തിപ്പെടുത്തി" (വാ. 1-3). ദൈവം നൽകുന്ന സംരക്ഷണവും വീണ്ടെടുക്കലും മനുഷ്യന്റെ സദ്‌ഗുണങ്ങളുടെയോ, നന്മയുടെയോ, കരബലത്തിന്റെയോ ഫലമല്ല, മറിച്ച് ദൈവത്തിന്റെ സ്‌നേഹനിർഭരമായ വിശ്വസ്തതയുടെ ഫലമാണ്. ഭയലേശമന്യേ, പൂർണഹൃദയത്തോടെയാണ് ദാവീദ് ദൈവത്തിന് നന്ദി പറയുന്നത്. മറ്റു ജനതകളുടെയും സകല അധികാരങ്ങളുടെയും, സ്വർഗ്ഗീയശക്തികളുടെയും മുന്നിൽ സങ്കീർത്തകൻ ദൈവത്തിന് സ്തുതി പാടുന്നതും, നന്ദി പറയുന്നതും, ദൈവത്തിന്റെ കാരുണ്യത്തെയും അവന്റെ വിശ്വസ്തതയെയും ഓർത്താണ്. ഒൻപതാം സങ്കീർത്തനത്തിന്റെ ആദ്യവാക്യത്തിലും ഏതാണ്ട് ഇതേ മനോഭാവത്തോടെ സങ്കീർത്തകൻ ദൈവത്തിന് നന്ദി പറയുന്നുണ്ട്: "പൂർണഹൃദയത്തോടെ ഞാൻ കർത്താവിന് നന്ദി പറയും; അവിടുത്തെ അത്ഭുതപ്രവൃത്തികൾ ഞാൻ വിവരിക്കും". ആരാധനയിലും ദൈവസ്തുതിയിലും, വിശ്വാസവുമായി ബന്ധപ്പെട്ടും ദൈവാലയത്തിനുള്ള പ്രാധാന്യം രണ്ടാം വാക്യത്തിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. ദൈവം വസിക്കുന്ന ഇടമെന്ന നിലയിലാണ് സങ്കീർത്തകൻ 'വിശുദ്ധ മന്ദിരത്തിനു നേരെ ശിരസ്സ് നമിക്കുന്നത്' (വാ. 2). ദൈവത്തിന്റെ നാമവും വാഗ്ദാനവും അത്യുന്നതമാണെന്ന് സങ്കീർത്തകൻ ഏറ്റു പറയുന്നു.  ഇസ്രയേലിന്റെ വീഴ്ചകളിലും, പാപങ്ങളിലും ദൈവം അവരെ കൈവെടിയുന്നില്ല. ഉടമ്പടിയുടെ ദൈവമാണ് യാഹ്‌വെ. പാപത്തിന്റെ പിടിയിൽ പെടുന്ന ജനത്തെ ശിക്ഷിക്കുന്ന ദൈവം പക്ഷെ അവരെ രക്ഷയുടെ മാർഗ്ഗത്തിലേക്ക് കൊണ്ടുവരുന്നതിലേക്കുള്ള പദ്ധതിയുടെ ഭാഗമായാണ് പലപ്പോഴും അവരെ ശിക്ഷിച്ചിട്ടുള്ളത്. കഷ്ടതയുടെ നാളുകളിൽ അവന്റെ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് അവൻ ഉത്തരമേകുന്നു. അങ്ങനെ ദൈവത്തിന് നന്ദിയർപ്പിക്കുന്നഹ് തന്റെ കടമയാണെന്ന് തിരിച്ചറിവിൽ നിന്നുകൊണ്ടാണ് സങ്കീർത്തകൻ കൃതജ്ഞതയോടെ ഈ വാക്കുകൾ ആലപിക്കുന്നത്. ദൈവസ്‌തുതിയർപ്പിക്കുവാൻ അവന് ശക്തിയേകുന്നതും ദൈവംതന്നെയാണ്.

ജനത്തെ അടുത്തറിയുന്ന ദൈവം

നാലുമുതൽ ആറുവരെയുള്ള വാക്യങ്ങളിൽ, ദൈവത്തെ അറിഞ്ഞ്, എല്ലാവർക്കും ദൃശ്യമായ രീതിയിൽ, പരസ്യമായാണ് മനുഷ്യൻ കർത്താവായ ദൈവത്തിന് നന്ദി പറയുന്നതെന്നും അതുവഴി ദൈവാരാധന മറ്റു ജനതകൾക്കും യാഹ്‌വെ എന്ന ദൈവത്തെ അറിയുവാനും സ്വീകരിക്കുവാനും പ്രയോജനപ്രദമാകുന്നു എന്നും നാം കാണുന്നുണ്ട്.. സങ്കീർത്തനവാക്യങ്ങൾ ഇങ്ങനെയാണ്: കർത്താവെ, ഭൂമിയിലെ സകല രാജാക്കന്മാരും അങ്ങയെ പ്രകീർത്തിക്കും; എന്തെന്നാൽ, അവർ അങ്ങയുടെ വാക്കുകൾ കേട്ടിരിക്കുന്നു. അവർ കർത്താവിന്റെ മാർഗ്ഗങ്ങളെക്കുറിച്ച് പാടും; എന്തെന്നാൽ, കർത്താവിന്റെ മഹത്വം വലുതാണ്. കർത്താവ് മഹോന്നതനാണെങ്കിലും താണവരെ കടാക്ഷിക്കുന്നു; അഹങ്കാരികൾ അവിടുന്ന് അകലെവച്ചുതന്നെ അറിയുന്നു" (വാ. 4-6). ഭൂമിയിലെ സകല രാജാക്കന്മാരുടെയും മുന്നിൽ ഇസ്രയേലിന്റെ ദൈവമായ യാഹ്‌വെയുടെ നാമം അറിയപ്പെട്ടിട്ടുണ്ട്. തന്റെ ജനവുമായി ഉടമ്പടി ചെയ്യുന്ന, അവർക്കൊപ്പം വസിക്കുന്ന, അടിമത്തത്തിന്റെയും അധികാരത്തിന്റെയും കരങ്ങളിൽനിന്ന് അവരെ മോചിപ്പിക്കുന്ന ഒരു ദൈവമാണവൻ എന്ന തിരിച്ചറിവിൽ, ഭൂമിയിലെ സകല രാജാക്കന്മാരും യാഹ്‌വെ എന്ന ദൈവത്തെ പ്രകീർത്തിക്കും എന്ന് ഉറപ്പിച്ചു പറയാൻ സങ്കീർത്തകനെ പ്രേരിപ്പിക്കുന്ന ഘടകം, ദൈവത്തോടുള്ള അവന്റെ ഭക്തിയും, അവൻ  അനുഭവിച്ചറിഞ്ഞ ദൈവസ്നേഹവുമാണ്. ഇസ്രയേലിന്റെ ദൈവം ലോകം മുഴുവനും പ്രകീർത്തിക്കപ്പെടണമെന്ന് സങ്കീർത്തകൻ ആഗ്രഹിക്കുന്നുണ്ട്. എല്ലാമറിയുന്നവനായ ദൈവം താഴ്ന്ന മനുഷ്യരെ സംപ്രീതിയോടെ നോക്കുന്നുവെന്നും, അഹങ്കാരത്തോടെ തലയുയർത്തി നിൽക്കുന്നവരെ അവൻ മുൻപേതന്നെ തിരിച്ചറിയുന്നുവെന്നുമുള്ള ചിന്ത, പഴയനിയമത്തിൽത്തന്നെ, സുഭാഷിതങ്ങളുടെ പുസ്തകം മൂന്നാം അദ്ധ്യായത്തിന്റെ മുപ്പത്തിനാലാം വാക്യത്തിലും, പുതിയ നിയമത്തിൽ യാക്കോബ് എഴുതിയ ലേഖനം നാലാം അധ്യായത്തിന്റെ ആറാം വാക്യത്തിലും, പത്രോസിന്റെ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായം അഞ്ചാം വാക്യത്തിലും നാം കണ്ടുമുട്ടുന്നുണ്ട്. ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിക്കുകയും, എളിയവരെ ഉയർത്തുകയും ചെയ്യുന്ന, രക്ഷകനായ ദൈവത്തെക്കുറിച്ച് തന്റെ സ്തോത്രഗീതത്തിൽ മറിയം ആലപിക്കുന്നത് ലൂക്കയുടെ സുവിശേഷത്തിന്റെ ഒന്നാം അധ്യായം അൻപത്തിയൊന്നും അൻപത്തിരണ്ടും വാക്യങ്ങളിൽ നാം കാണുന്നുണ്ടല്ലോ. അധികാരവും, സ്ഥാനമാനങ്ങളും, ശക്തിയുമൊക്കെയുള്ളവർക്ക് കൂടുതൽ സ്വീകാര്യതയുള്ള മനുഷ്യരുടെയിടയിൽ, എളിമയും വിനയവുമുള്ളവരെ അനുഗ്രഹിക്കുകയും, അഹങ്കാരികളെ എതിർക്കുകയും ചെയ്യുന്ന ദൈവം എന്നത്, കൂടുതൽ സ്വീകാര്യമായ ഒരു ദൈവസങ്കല്പമാണ്.

കൂടെയുള്ള, രക്ഷിക്കുന്ന ദൈവം

ദൈവം നൽകുന്ന രക്ഷയും സംരക്ഷണവും അനുഭവിച്ച സങ്കീർത്തകൻ, വലിയ അപകടങ്ങളുടെയും പ്രതിസന്ധികളുടെയും നിമിഷങ്ങളിൽ യാഹ്‌വെ തങ്ങൾക്ക് സംരക്ഷണമേകി കൂടെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, കഷ്ടതകളിലൂടെ കടന്നുപോകുമ്പോഴും, ശത്രുവിന്റെ മുൻപിലും, അവൻ കർത്താവിന്റെ അനന്തമായ കാരുണ്യത്തിൽ പ്രത്യാശയർപ്പിച്ച് മുന്നോട്ടുപോകുന്നു. ഈയൊരു ആശയം സങ്കീർത്തനത്തിന്റെ അവസാന രണ്ടു വാക്യങ്ങളിൽ നാം കാണുന്നുണ്ട്: "കഷ്ടതകളിലൂടെ കടന്നുപോകുന്നെങ്കിലും, എന്റെ ജീവനെ അവിടുന്ന് പരിപാലിക്കുന്നു; എന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരെ അവിടുന്ന് കരം നീട്ടും; അവിടുത്തെ വലതുകൈ എന്നെ രക്ഷിക്കും. എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കർത്താവ് നിറവേറ്റും; കർത്താവെ, അവിടുത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!" (വാ. 7-8). ഇത്രനാളും തങ്ങൾക്കൊപ്പം രക്ഷയായി കൂടെ വന്ന ദൈവം ഇനിയും തങ്ങൾക്കൊപ്പമുണ്ടാകുമെന്നും, അവനിൽ ആശ്രയിച്ചാൽ, നിരാശരാകേണ്ടിവരില്ലെന്നുമുള്ള ബോധ്യമാണ് ഈ വരികളിലൂടെ സങ്കീർത്തകൻ നമ്മോട് പറയുന്നത്. എന്നാൽ ഇതൊരു പ്രാർത്ഥനയായി മാറുന്നതും നാം കാണുന്നുണ്ട്. ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് ദാവീദ് ഈ വരികൾ എഴുതിവയ്ക്കുന്നത്. തന്നെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന് ദാവീദ് തിരിച്ചറിയുന്നുണ്ട്. ദൈവത്തിന്റെ വിശ്വസ്തതയുടെ ആഴവും, അവന്റെ അനന്തമായ കാരുണ്യവും  തിരിച്ചറിയുന്നത്, അവനിൽ കൂടുതൽ ആശ്രയം വയ്ക്കാൻ ഓരോ വിശ്വാസിക്കും കാരണമാകുന്നുണ്ട്.

സങ്കീർത്തനം ജീവിതത്തിൽ

നൂറ്റിമുപ്പത്തിയെട്ടാം സങ്കീർത്തനവിചാരങ്ങൾ ഇവിടെ ചുരുക്കുമ്പോൾ, ദൈവാശ്രയബോധത്തിൽ കൂടുതൽ ആഴപ്പെടുവാനും, വാഗ്ദാനങ്ങളിൽ വിശ്വസ്തനായ, അനന്തകാരുണ്യമായ ദൈവത്തെ മുറുകെപ്പിടിച്ച് മുന്നോട്ട് ധൈര്യപൂർവ്വം നീങ്ങുവാനും ഓരോ വിശ്വാസിക്കും ഈ സങ്കീർത്തനവരികൾ പ്രചോദനമേകുന്നുണ്ട്. ജീവിതത്തിന്റെ ഓരോ അവസരങ്ങളിലും യാഹ്‌വെ എന്ന ദൈവത്തെ സ്തുതിക്കുവാനും, ലോകത്തോട് അവന്റെ മാർഗ്ഗങ്ങളെക്കുറിച്ച് അറിയിക്കുവാനും അവന്റെ ജനമായ നമുക്ക് കടമയുണ്ടെന്നുകൂടി ദാവീദ് നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഭൂമിയിലെ സകല രാജാക്കന്മാരുടെയും മുന്നിൽ ഇസ്രയേലിന്റെ ദൈവം അറിയപ്പെടേണ്ടതുണ്ട്.

ഹൃദയത്തിൽ എളിമയുള്ളവരെ കടാക്ഷിക്കുന്ന, അനുഗ്രഹിക്കുന്ന, ഉയർത്തുന്ന, എന്നാൽ അഹങ്കരിക്കുന്നവരെ അവരുടെ ഹൃദയവിചാരങ്ങളോടെ മുൻകൂട്ടിയറിയുന്ന ഒരു ദൈവമാണ് യാഹ്‌വെ എന്നത് സങ്കീർത്തനത്തിൽ നാം കണ്ടുമുട്ടുന്ന ഒരു മനോഹരമായ ചിന്തയാണ്. തന്റെ പ്രിയപ്പെട്ട ജനമായി നമ്മെ തിരഞ്ഞെടുത്ത, സർവ്വശക്തനായ ദൈവം നിത്യം നമുക്കൊപ്പമുണ്ടെന്നും, നമ്മെ അറിഞ്ഞ്, കൂടെ നടക്കുന്ന, കരുതുന്ന ദൈവമാണെന്നുമുള്ള തിരിച്ചറിവ്, കൂടുതലായി അവനിൽ ശരണം വയ്ക്കാനും പ്രതീക്ഷകളോടും ധൈര്യത്തോടുംകൂടി ജീവിതത്തിന്റെ പാതകളിൽ സഞ്ചരിക്കാൻ നമുക്ക് കരുത്തേകട്ടെ. ദൈവാലയത്തിൽ നമുക്കായി സാന്നിദ്ധ്യമാകുന്ന, വിളിക്കുമ്പോൾ ഉത്തരമേകുന്ന, നമ്മുടെ ആത്മാവിൽ ധൈര്യം പകരുന്ന മഹോന്നതനായ ദൈവത്തിന്റെ സ്തുതികൾ നമ്മുടെ നാവിലൂടെയും ജീവിതങ്ങളിലൂടെയും ലോകമെങ്ങും അറിയപ്പെടട്ടെ. നമ്മുടെ ജീവിതങ്ങൾ ദൈവത്തിന് സ്വീകാര്യമായ കാഴ്ചയർപ്പണമാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ജൂലൈ 2022, 16:47