യെമെനിൽ സമാധാനത്തിനായി കുട്ടികൾ അഭ്യർത്ഥിക്കുന്നു: സേവ് ദി ചിൽഡ്രൻ സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ദേശീയ സമാധാന ഉടമ്പടിയുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കാനിരിക്കെ, ഒരു തലമുറയുടെ ഭാവി മുഴുവൻ നഷ്ടപ്പെടാതിരിക്കാനായി, നിലവിലെ സമാധാന ഉടമ്പടി വീണ്ടും പുതുക്കുവാനായി യുദ്ധത്തിലേർപ്പെട്ടിരുന്ന കക്ഷികൾ തയാറാകണമെന്നാണ് യെമെനിലെ കുട്ടികൾ ആവശ്യപ്പെടുന്നതെന്ന്, അവിടുത്തെ സേവ് ദി ചിൽഡ്രൻ ഡയറക്ടർ രാമ ഹാൻസ്‌രാജ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് യെമെനിൽ യുദ്ധത്തിനെതിരെ സമാധാന ഉടമ്പടി ഏർപ്പെടുത്തിയത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം അൻപത് കുട്ടികൾ യുദ്ധത്തിന്റെ ഇരകളായപ്പോൾ, സമാധാന ഉടമ്പടി വന്നതിന് ശേഷമുള്ള രണ്ടു മാസങ്ങളിൽ പതിനെട്ട് കുട്ടികൾ മാത്രമാണ് അക്രമങ്ങൾക്ക് ഇരകളായത്. കഴിഞ്ഞ ജനുവരിയിലാണ് യെമെനിൽ ഏറ്റവും കൂടുതൽ കുട്ടികൾ ആക്രമിക്കപ്പെട്ടത്. ആ ഒരു മാസത്തിൽ നൂറ്റിമുപ്പത്തിയാറു കുട്ടികളാണ് അക്രമങ്ങളിൽപ്പെട്ടത്.
നിലവിലെ മാനുഷികപ്രതിസന്ധികൾ അവസാനിപ്പിക്കാനും, കുട്ടികളുടെ ജീവൻ സംരക്ഷിക്കുന്നതിനുമായി താൽക്കാലികമായി ഏർപ്പെടുത്തിയ യുദ്ധവിരാമം തുടരുവാൻ സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനവിക നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും മാനിക്കുകയും കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കാനും സംഘടന ആവശ്യപ്പെട്ടു.
നിലവിലെ ഉടമ്പടി കുട്ടികളുടെയും രാഷ്ട്രത്തിന്റെയും തന്നെ ഭാവിയെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. കുട്ടികൾക്ക് തങ്ങളുടെ ഭാവിയെക്കുറിച്ച് പ്രതീക്ഷകൾ വച്ചുപുലർത്താനും ഇതുപോലെയുള്ള സമാധാനശ്രമങ്ങൾക്കാകുമെന്ന് സേവ് ദി ചിൽഡ്രൻ ഡയറക്ടർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ നൂറു വർഷങ്ങളായി വിവിധ രാജ്യങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, അക്രമങ്ങളിൽപ്പെട്ട കുട്ടികളെ സംരക്ഷിക്കാനുമായി പരിശ്രമിക്കുന്ന സംഘടനയാണ് സേവ് ദി ചിൽഡ്രൻ. 1963 മുതൽ ഈ സംഘടന യെമെനിൽ വിദ്യാഭ്യാസരംഗത്തും, കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി പ്രവർത്തിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: