ഉക്രൈനിൽ ദിവസം തോറും ശരാശരി രണ്ടു കുട്ടികൾ കൊല്ലപ്പെടുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി, കഴിഞ്ഞ ഫെബ്രുവരി 24 മുതൽ ജൂൺ ഒന്നുവരെയുള്ള കാലയളവിൽ ഏറ്റവും കുറഞ്ഞത് 262 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, 415 കുട്ടികൾക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും യൂണിസെഫ് അറിയിച്ചു. രാജ്യത്ത് മൂന്നിൽ രണ്ടു കുട്ടികൾക്ക് സ്വഭവനങ്ങൾ വിട്ടിറങ്ങേണ്ടിവന്നു. ഈയൊരു യുദ്ധത്തിന്റെ ഫലമായി ഉക്രൈനിലും അയൽരാജ്യങ്ങളിലുമായി ഉക്രൈൻ സ്വദേശികളായ ഏതാണ്ട് അൻപത്തിരണ്ടു ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമായിട്ടുണ്ടെന്നും യൂണിസെഫ് കൂട്ടിച്ചേർത്തു.
റഷ്യ ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ടു സംസാരിക്കവെ, ഉക്രൈനിലും സമീപപ്രദേശങ്ങളിലും ജൂൺ ഒന്ന് അന്താരാഷ്ട്ര ശിശുസംരക്ഷണദിനമായി ആചരിക്കുകയാണെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറൈൻ റസ്സൽ പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വേഗതയിലും അളവിലുമാണ് റഷ്യ ഉക്രൈൻ യുദ്ധം കുട്ടികളുടെ കാര്യത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്ന് യൂണിസെഫ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് യൂണിസെഫ് പിന്തുണയോടെ കുറഞ്ഞത് 256 ആരോഗ്യകേന്ദ്രങ്ങളും, ഉക്രൈനിലെ ആറിലൊന്ന് വിദ്യാഭാസകേന്ദ്രങ്ങളും താരതമ്യേന സുരക്ഷിത അന്തരീക്ഷത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്. നൂറുകണക്കിന് സ്കൂളുകൾക്ക് ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. ജനസാന്ദ്രപ്രദേശങ്ങളിൽ ഉണ്ടായ സ്ഫോടനങ്ങളിൽ നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അറിയിച്ച യൂണിസെഫ്, ദിനംപ്രതി നാലോളം കുട്ടികൾക്ക് പരിക്കേൽക്കുന്നുണ്ടെന്ന് പറഞ്ഞു. പോരാട്ടം രൂക്ഷമായി തുടരുന്ന തെക്കുകിഴക്കൻ പ്രദേശങ്ങളിലെ കുട്ടികളുടെ അവസ്ഥ പരിതാപകരമാണെന്ന് യൂണിസെഫ് അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: