യമനിൽ യുദ്ധം ചെയ്യുന്ന കക്ഷികൾ വെടിനിർത്തൽ പുതുക്കാൻ സമ്മതിച്ചതായി ഐക്യരാഷ്ട്രസഭ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
2014 ൽ യമനിൽ സൗദി അറേബ്യയും, ഇറാനും തമ്മിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം ഒരു നിഴൽ യുദ്ധത്തിലേക്കാണ് നയിച്ചത്. ഈ പോരാട്ടം 14,500-ലധികം സാധാരണ ജനങ്ങൾ ഉൾപ്പെടെ 150,000-ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളിലൊന്ന് സൃഷ്ടിക്കുകയും ദശലക്ഷക്കണക്കിന് യമനികളെ പട്ടിണിയുടെ വക്കിലേക്ക് തള്ളിവിടുകയും ചെയ്തു. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരും ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള വെടിനിർത്തൽ ഏപ്രിൽ രണ്ട് മുതലാണ് പ്രാബല്യത്തിൽ വന്നത്.
വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഓരോ കക്ഷിയും ചിലപ്പോഴൊക്കെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, അറബ് ലോകത്തെ ഏറ്റവും ദരിദ്രമായ രാഷ്ട്രത്തിലെ സംഘർഷത്തിന്റെ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ പ്രാവർത്തീകമാക്കപ്പെടുന്ന ആദ്യത്തെ രാജ്യവ്യാപകമായ ഉടമ്പടിയാണിത്. യുദ്ധ പാതയിൽ സുപ്രധാനമായ മാറ്റത്തെ പ്രതിനിധാനം ചെയ്യുന്ന ഈ വെടിനിർത്തൽ ഉടമ്പടി ഇരു കക്ഷികളുടെയും ഉത്തരവാദിത്തത്തിലൂടെയും ധീരത നിറഞ്ഞ തീരുമാനങ്ങളിലൂടെയും നേടിയെടുത്തതാണെന്നും, ഈ വിനാശകരമായ സംഘർഷം അവസാനിപ്പിക്കാൻ ഇത് സാധ്യമാക്കുമെന്നും യമന് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബെർഗ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി വെടിനിർത്തൽ സന്ധിയുടെ വ്യക്തമായ നേട്ടങ്ങൾ അനുഭവിച്ചു വരുകയാണ്. യമനിൽ മരണസംഖ്യകുറയുകയും ഹുദൈദ തുറമുഖം വഴിയുള്ള ഇന്ധന വിതരണം വർദ്ധിക്കുകയും ചെയ്തുവെന്ന് ഹാൻസ് ഗ്രണ്ട്ബെർഗ് വെളിപ്പെടുത്തി.
ശാശ്വതമായ സന്ധി ആവശ്യം
ഇപ്പോൾ ഒരു സ്ഥിരമായ സന്ധിക്ക് വേണ്ടി പ്രവർത്തിക്കണമെന്ന കാര്യത്തിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡ൯ അമേരിക്കയുടെ പിന്തുണ ഉറപ്പുനൽകി. സ്ഥിരമായ ഒരു കരാർ സ്ഥാപിക്കുന്നത് വരെ തങ്ങളുടെ നയതന്ത്രം അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുഴുവൻ പ്രദേശത്തിന്റെയും സഹകരണ നയതന്ത്രം ഇല്ലായിരുന്നെങ്കിൽ ഈ സന്ധിപോലും സാധ്യമാകുമായിരുന്നില്ല.
ഐക്യരാഷ്ട്രസഭ നേതൃത്വത്തിലുള്ള സന്ധിയുടെ വ്യവസ്ഥകൾ അംഗീകരിക്കാനും നടപ്പാക്കാനും തുടക്കം മുതൽ മുൻകൈയെടുത്ത് സൗദി അറേബ്യ ധീരമായ നേതൃത്വം പ്രകടിപ്പിച്ചു. സംവാദങ്ങൾ സംഘടിപ്പിക്കുന്നതിലും സുഗമമാക്കുന്നതിലും ഒമാനും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈജിപ്തും ജോർദാനും യമനിൽ നിന്നുള്ള വിമാനങ്ങൾക്കായി തങ്ങളുടെ വിമാനത്താവളങ്ങൾ തുറക്കുകയും ചെയ്തു.
17 ദശലക്ഷത്തിലധികം ജനങ്ങൾ പട്ടിണിയും, 3.5 ദശലക്ഷത്തിലധികം ആളുകൾ കടുത്ത പോഷകാഹാരക്കുറവും അനുഭവിക്കുന്ന ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളിലൊന്നാണ് യമൻ അനുഭവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ഗുട്ടെറസ് അനുസ്മരിച്ചു. രാജ്യം അതിന്റെ 90% ഭക്ഷണവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. അതിൽ 42% ഗോതമ്പും യുക്രെയ്നിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യപ്പെടുന്നതാണ്. അന്താരാഷ്ട്ര സഹായവും, വാഗ്ദാനങ്ങളും ഉണ്ടായിരുന്നിട്ടും ലോക ഭക്ഷ്യ കാര്യക്രമത്തിന് (World Food programme) തന്നെ അഞ്ച് ദശലക്ഷം യമ൯ ജനതയ്ക്ക് ഭക്ഷ്യ വിതരണം കുറയ്ക്കേണ്ടിവന്നു എന്ന് ദാരിദ്ര്യത്തിന്റെ അനീതി അവസാനിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന വ്യക്തികളുടെ ആഗോള പ്രസ്ഥാനമായ ഓക്സ്ഫാം അപലപിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: