തിരയുക

സുഡാനിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം സുഡാനിൽനിന്നുള്ള ദൃശ്യം - ഫയൽ ചിത്രം 

സുഡാനിൽ ലക്ഷക്കണക്കിന് കുട്ടികൾ കടുത്ത പോഷകാഹാരക്കുറവാനുഭവിക്കുന്നു: സേവ് ദി ചിൽഡ്രൻ

രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യപ്രതിസന്ധി മൂലം, സുഡാനിൽ നാലിൽ ഒരാൾ പട്ടിണിയനുഭവിക്കുന്നുവെന്നും, ഓരോ വർഷവും അരലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും സേവ് ദി ചിൽഡ്രൻ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജൂൺ 22-ന് സേവ് ദി ചിൽഡ്രന്റെ സുഡാൻ ദേശീയ ഡയറക്ടർ അർഷാദ് മാലിക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഈ വർഷം ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സുഡാനിൽ ഏകദേശം ഒന്നേകാൽ കോടി ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയെ നേരിടേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.. രാജ്യത്തെ ജനസംഖ്യയിൽ 40 ശതമാനവും 15 വയസിനു താഴെയുള്ള കുട്ടികളാണ്.

ഐക്യരാഷ്ട്രസംഘടനയുടെ മുൻവർഷങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് ഏകദേശം ഇരുപത് ലക്ഷം ആളുകളാണ് ഈ വർഷം ഭക്ഷ്യ പ്രതിസന്ധിയുടെ ദുരിതഫലങ്ങൾ കൂടുതലായി അനുഭവിക്കുക. ഹോൺ ഓഫ് ആഫ്രിക്കയിൽ മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന പട്ടിണി അടിയന്തിരാവസ്ഥയുടെ അവസ്ഥയെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

രാജ്യത്ത് വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തികസ്ഥിതി, പലയിടങ്ങളിലും നിലനിൽക്കുന്ന ആക്രമണങ്ങൾ, കുറഞ്ഞ വിളവെടുപ്പ്, അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ആഗോളവിളനിലവാരത്തിലുള്ള വർദ്ധനവ് എന്നിവയാണ് നിലവിലെ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാകുന്നത്. നിലവിൽ ഉക്രൈനിൽ തുടരുന്ന യുദ്ധവും സുഡാന്റെ സ്ഥിതിയെ കൂടുതൽ വിഷമസ്ഥിതിയിലാക്കിയിട്ടുണ്ട്. റഷ്യയിൽനിന്നും ഉക്രൈനിൽനിന്നുമാണ്, രാജ്യത്ത് വേണ്ട 87 ശതമാനം ധാന്യവും സുഡാൻ ഇറക്കുമതി ചെയ്തുവന്നിരുന്നത്.

നിലവിലുള്ള പ്രതിസന്ധി ഇനിയും അവർത്തിക്കപ്പെടാതിരിക്കാൻ മാനവിക സഹായത്തിനായും സാമൂഹിക സംരക്ഷണപരിപാടികൾക്കായും അന്താരാഷ്ട്രസമൂഹം നൽകിവരുന്ന പിന്തുണ കൂടുതലായി വർദ്ധിപ്പിക്കണമെന്ന് സേവ് ദി ചിൽഡ്രൻ സംഘടന ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 June 2022, 15:51