തിരയുക

സംരക്ഷക്കപ്പെടേണ്ട ബാല്യം - ഉക്രൈനിൽനിന്ന് സംരക്ഷക്കപ്പെടേണ്ട ബാല്യം - ഉക്രൈനിൽനിന്ന് 

ഉക്രൈനിലെ കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും യൂണിസെഫ് സഹായം

ഉക്രൈൻ റഷ്യ യുദ്ധം തുടരുന്നതിനിടയിൽ ലക്ഷക്കണക്കിന് കുട്ടികൾ യുദ്ധത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നുവെന്നും, അവരുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും കൂടുതൽ ശ്രദ്ധ വേണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉക്രൈനിലെ യുദ്ധത്തിന്റെ ഫലമായി ഏതാണ്ട് എഴുപത്തിയഞ്ച് ലക്ഷം കുട്ടികളാണ് ബുദ്ധിമുട്ടുന്നത്. ഇവരിൽ ഏതാണ്ട് മുപ്പത്തിരണ്ട് ലക്ഷം കുട്ടികൾ രാജ്യത്തിനുള്ളിൽത്തന്നെ വിവിധയിടങ്ങളിൽ അഭയം തേടിയിരിക്കുകയാണ്. എന്നാൽ ഏതാണ്ട് ഇരുപത്തിയേഴ് ലക്ഷത്തോളം കുട്ടികൾ അയൽരാജ്യങ്ങളിൽ അഭയം തേടി. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള കമ്മീഷന്റെ മെയ് ഒന്നുവരെയുള്ള കണക്കുകൾ പ്രകാരം ഉക്രൈൻ-റഷ്യ യുദ്ധത്തിന്റെ നേരിട്ടുള്ള ഇരകളായത് 545 കുട്ടികളാണ്. ഇവരിൽ 226 പേര് കൊല്ലപ്പെടുകയും 319 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ യഥാർത്ഥ കണക്കുകൾ വ്യത്യസ്തമായേക്കാമെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു.

ഉക്രൈനിലേയും, അയൽരാജ്യങ്ങളിൽ അഭയാർത്ഥികളായ കുട്ടികൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നും, അവരുടെ വിദ്യാഭ്യാസം പുനരാരംഭിക്കണമെന്നും യൂണിസെഫ് അഭിപ്രായപ്പെട്ടു. ഏതാണ്ട് ഇരുപത്തിരണ്ടു ലക്ഷം കുട്ടികൾക്ക് സംരക്ഷണം ആവശ്യമാണ്. അതേസമയം മുപ്പത്തിമൂന്ന് ലക്ഷം കുട്ടികൾക്ക് വിദ്യാഭ്യാസസഹായവും, മുപ്പത് ലക്ഷത്തോളം കുട്ടികൾക്ക് സാമ്പത്തികസഹായവും ആവശ്യമെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി വ്യക്തമാക്കി.

ഉക്രൈനിൽ യുദ്ധം രൂക്ഷമായതിനെത്തുടർന്ന്, യൂണിസെഫ് ഉക്രൈനിലെ തങ്ങളുടെ ഉദ്യോഗസ്ഥരുടെ എണ്ണം 186 ആയി ഉയർത്തി. ഒപ്പം കുട്ടികളുടെ സംരക്ഷണത്തിനായുള്ള നടപടികളും തുടരുന്നു.

നിലവിൽ ഉക്രൈനിലെ ആറ് പ്രവിശ്യകളിലായി ഇരുപത്തിയൊന്ന് ആരോഗ്യ ദ്രുത പ്രതികരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നൂറുകണക്കിന് ആളുകൾക്ക് അടിയന്തിരസഹായമേകാൻ അവർക്ക് സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്താകട്ടെ രണ്ടുലക്ഷത്തിഅറുപത്തിനായിരത്തിലധികം കുട്ടികൾക്ക് പഠനസമഗ്രികളെത്തിക്കാനും അറുപത്തിആറായിരത്തോളം കുട്ടികളെ വിദ്യാഭ്യാസപദ്ധതികളിൽ ചേർക്കാനും യൂണിസെഫിന് സാധിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2022, 17:43