തിരയുക

പോപാസ്നയിലെ ഒരു തെരുവിലൂടെ റഷ്യൻ അനുകൂല സൈനികരുടെ ടാങ്കുകൾ പോപാസ്നയിലെ ഒരു തെരുവിലൂടെ റഷ്യൻ അനുകൂല സൈനികരുടെ ടാങ്കുകൾ  

യുക്രെയ്ൻ: സമാധാനത്തിനായി പരിശ്രമിക്കണമെന്ന് ഹെൻറി കിസിംഗർ

അത്ര എളുപ്പത്തിൽ മറികടക്കാൻ കഴിയാത്ത പ്രക്ഷോഭങ്ങളും പിരിമുറുക്കങ്ങളും സൃഷ്ടിക്കുന്നതിന് മുമ്പ് യുക്രെയ്ൻ റഷ്യയുമായി ചർച്ച നടത്തുന്നത് അന്താരാഷ്ട്ര സ്ഥിരതയ്ക്ക് നിർണ്ണായകമാണെന്ന് അമേരിക്ക൯ ഐക്യനാടുകളുടെ മുൻ സെക്രട്ടറി ഹെൻറി കിസിംഗർ പറഞ്ഞു.

സി. റൂബനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

തിങ്കളാഴ്ച സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക  ഫോറത്തിൽ സംസാരിച്ച മുൻ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗർ, യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള തന്റെ ആശങ്കകൾ പങ്കുവെക്കുകയും സംഘർഷം നമുക്കറിയാവുന്ന ലോകത്തെ മറ്റൊരു രൂപത്തിലാക്കിയേക്കും എന്ന അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു.

ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ക്ലോസ് ഷ്വാബുമായുള്ള സംഭാഷണത്തിൽ, ശീതയുദ്ധകാലത്ത് പ്രായോഗികവാദിയെന്ന ഖ്യാതിക്ക് പേരുകേട്ട 89-കാരനായ കിസിംഗർ, റഷ്യ യൂറോപ്പിൽ നിന്ന് പൂർണ്ണമായും അകന്നുപോകുമെന്നും മറ്റെവിടെയെങ്കിലും സ്ഥിരമായ സഖ്യം തേടുമെന്ന മുന്നറിയിപ്പും നൽകി.

"അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇരു കക്ഷികളെയും സമാധാന ചർച്ചകൾക്ക് കൊണ്ടുവരണം," അദ്ദേഹം പറഞ്ഞു. "യൂറോപ്പിനും റഷ്യയ്ക്കും ഇടയിൽ യുക്രെയ്ൻ ഒരു പാലമാകണമായിരുന്നു, എന്നാൽ ഇപ്പോൾ, ബന്ധങ്ങൾ പുനർരൂപകൽപ്പന ചെയ്യപ്പെടുമ്പോൾ, വീണ്ടും  വിഭജനരേഖ വരയ്ക്കപ്പെടുകയും റഷ്യ പൂർണ്ണമായും ഒറ്റപ്പെടുകയും ചെയ്യുന്ന ഒരു സ്ഥിതിയിലേക്ക് നമ്മൾ പ്രവേശിച്ചേക്കാം." അദ്ദേഹം വ്യക്തമാക്കി.

1960കളിലും,70കളിലും യുഎസ് വിദേശനയത്തിന്  നേതൃത്വം നൽകിയ ഈ മുൻ അമേരിക്കൻ നയതന്ത്രജ്ഞൻ, ഡിറ്റന്റേ (détente) നയത്തിനായി വാദിക്കുകയും അന്നത്തെ സോവിയറ്റ് യൂണിയനുമായുള്ള പിരിമുറുക്കം കുറയ്ക്കാനും ചൈനയുമായുള്ള യുഎസ് നയതന്ത്ര ബന്ധങ്ങൾ ക്രമീകരിക്കാനും പരിശ്രമിച്ച വ്യക്തിയാണ്. യുക്രെയ്നിന്റെ കിഴക്കൻ ഡോൺബാസ് പ്രദേശത്ത് റഷ്യൻ ആക്രമണം രൂക്ഷമായി തുടരുമ്പോൾ, റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ ആ പ്രദേശം വിട്ടുകൊടുക്കണമെന്ന് താൻ വിശ്വസിക്കുന്നതായി  കിസിംഗർ പറഞ്ഞു.

പൂർവ്വ സ്ഥിതി

"ആശയപരമായി, വിഭജന രേഖ പൂർവ്വാവസ്ഥയിലേക്ക്' മടങ്ങുന്നതായിരിക്കണം." അതിനപ്പുറം യുദ്ധം പിന്തുടരുന്നത് യുക്രെയ്നിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചായിരിക്കില്ല, മറിച്ച് റഷ്യയ്ക്കെതിരായ ഒരു പുതിയ യുദ്ധത്തെക്കുറിച്ചായിരിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സും അതിന്റെ യൂറോപ്യൻ സഖ്യകക്ഷികളും " യുദ്ധ നിമിഷത്തിന്റെ മാനസികാവസ്ഥയിൽ" സ്വയം നഷ്ടപ്പെടരുത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

റഷ്യയുടെ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24-ന് ഉണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കുന്ന ഒരു കരാറിന് യുക്രെയ്ൻ സമ്മതിക്കണം എന്നാണ് "മുൻകാല സ്ഥിതിയിലേക്ക്" മടങ്ങാനുള്ള കിസിംഗറിന്റെ ക്ഷണം അർത്ഥമാക്കുന്നത്. ഇത്തരമൊരു കരാർ റഷ്യയ്ക്ക്

ക്രിമിയൻ പെനിൻസുലയുടെ നിയന്ത്രണം നിലനിർത്തുന്നതിലും കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയുടെ ഭാഗങ്ങളുടെ അനൗപചാരിക നിയന്ത്രണത്തിനും കളമൊരുക്കും.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഏതെങ്കിലും പ്രദേശം വിട്ടുകൊടുക്കുന്ന ആശയത്തെ യുക്രേനിയൻ നേതാക്കൾ പണ്ടേ എതിർക്കുന്നു എന്ന് പറഞ്ഞ കിസ്സിഗർ യുക്രേനിയക്കാർ അവർ കാണിച്ച വീരത്വം  വിവേകത്തോടും കൂട്ടിച്ചേർക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു,” എന്ന് രാജ്യതന്ത്രജ്ഞൻ പറഞ്ഞു.

യുഎസ് നയതന്ത്രം സമാധാനത്തിനായി പരിശ്രമിക്കണം

ചൈനയുടെ ഉയർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ, ബെയ്ജിംഗുമായി ചർച്ച നടത്തിയതിലെ തന്റെ അനുഭവം കിസിംഗർ പങ്കുവച്ചു."1970-കളിൽ തങ്ങൾ ചൈനയുമായി നയതന്ത്രബന്ധം ആരംഭിച്ചപ്പോൾ, സ്ഥിരമായ ഒരു ബന്ധം ആരംഭിക്കുക എന്ന ബോധത്തോടെയാണ് അത് ചെയ്തത് " എന്ന് അദ്ദേഹം പറഞ്ഞു, അന്ന് ചൈന വളരെ വ്യത്യസ്ഥമായ ഒരു രാജ്യമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. “ഇന്ന്, അത് കാര്യമായ സാമ്പത്തികവും തന്ത്രപരവുമായ താൽപ്പര്യങ്ങളുള്ള ഒരു ശക്തികേന്ദ്രമാണ്. വരും വർഷങ്ങളിൽ യുഎസും ചൈനയും എങ്ങനെ ബന്ധം പുലർത്തുന്നു എന്നത് അതിന്റെ നേതാക്കളുടെ ക്ഷമയെയും നയതന്ത്രത്തെയും ആശ്രയിച്ചിരിക്കും, ”അദ്ദേഹം വിശദീകരിച്ചു.

യുഎസ്-ചൈന ബന്ധത്തിന്റെ വൈരുദ്ധ്യ സാധ്യത ലഘൂകരിക്കേണ്ടതും പൊതു താൽപ്പര്യങ്ങൾ പിന്തുടരുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യേണ്ടതുമാണെന്നും കിസിംഗർ അഭിപ്രായപ്പെട്ടു. "ചൈനയുടെ തന്ത്രപരവും സാങ്കേതികവുമായ കഴിവ് വികസിച്ചുവെന്ന് യുഎസ് മനസ്സിലാക്കണം, നയതന്ത്ര ചർച്ചകൾ സംവേദനക്ഷമതയുള്ളതും വിവരമുള്ളതും ഏകപക്ഷീയമായി സമാധാനത്തിനായി പരിശ്രമിക്കുന്നതുമായിരിക്കണം."

പുതിയ സൈനിക സാങ്കേതികവിദ്യകൾ

"ആധുനിക സാങ്കേതിക വിദ്യകൾ രാജ്യങ്ങളെ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു എന്ന യാഥാർത്ഥ്യത്തെ നാം അഭിമുഖീകരിക്കുന്നു" എന്ന് പറഞ്ഞുകൊണ്ട് സാങ്കേതികവിദ്യയുടെ പരിണാമത്തെ അവഗണിക്കുന്നില്ലെന്ന് ഹെൻറി കിസിംഗർ വെളിപ്പെടുത്തി.

"പരിമിതികളുടെ വ്യവസ്ഥാപിത മാനദണ്ഡങ്ങളില്ലാതെയുള്ള ആണവശക്തികളും പുതിയ സൈനിക സാങ്കേതികവിദ്യകളും, മനുഷ്യരാശിക്ക് ദുരന്തം വിതച്ചേക്കാം." ഹെൻറി കിസിംഗർ മുന്നറിയിപ്പ് നൽകി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2022, 13:22