തിരയുക

ഉക്രൈയിൻ യുദ്ധം ഉക്രൈയിൻ യുദ്ധം  (ANSA)

യുദ്ധ ലക്ഷ്യം: ഉക്രൈയിൻ നാടിനെയും ജനങ്ങളെയും ഇല്ലാതാക്കുക, വലിയമെത്രാപ്പോലീത്ത ഷെവ്ചുക്!

യുദ്ധത്തെയും സമാധാനത്തെയും അധികരിച്ച് നൂതനമായൊരു മനനം, സർവ്വോപരി, സഭയുടെ സാമൂഹ്യ പ്രബോധനത്തിൽ ആവശ്യമാണെന്നും സഭയും രാഷ്ട്രവും തമ്മലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കേണ്ടതുണ്ടെന്നും ഉക്രയിനിൽ ഇപ്പോൾ നടക്കുന്ന യുദ്ധം ഓർമ്മപ്പെടുത്തുന്നുവെന്ന് മെത്രാപ്പോലീത്ത ഷെവ്ചുക് അഭിപ്രായപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റഷ്യ ഉക്രയിനെതിരെ നടത്തുന്ന യുദ്ധത്തിൻറെ ലക്ഷ്യം ഉക്രൈയിൻ രാഷ്ട്രത്തെയും ഉക്രൈയിൻ ജനതയെയും ഉന്മൂലനം ചെയ്യുകയാണെന്ന് ഉക്രൈയിൻ ഗ്രീക്ക് കത്തോലിക്കാസഭയുടെ വലിയമെത്രാപ്പോലീത്ത (മേജർ ആർച്ചുബിഷപ്പ്) സ്വിയത്തൊസ്ലാവ് ഷെവ്ചുക്.

റോമിൽ, ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ സമ്പൂർണ്ണസമ്മേളനത്തിൽ പങ്കെടുത്തവരെ വെള്ളിയാഴ്‌ച (06/05/22) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സിദ്ധാന്താധിഷ്ഠിത യുദ്ധമാണ് റഷ്യ നടത്തുന്നതെന്ന് പറയാമെന്ന് വലിയ മെത്രാപ്പോലീത്ത ഷെവ്ചുക് വിശദികരിച്ചു.

ഉക്രയിനിലേത് ഒരു മാനവിക ദുരന്തമാണെന്നും 1 കോടിയിലേറെ ജനങ്ങൾ സ്വഭവനം വിട്ട് പലായനം ചെയ്തുവെന്നും അമ്പതുലക്ഷത്തോളം ജനങ്ങൾ അന്നാട്ടിൽ നിന്ന് അന്യനാടുകളിൽ അഭയം തേടിയിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

റഷ്യൻ സൈന്യം പിടിച്ചെടുക്കുകയും പിന്നീട് വിട്ടുപോകുകയും ചെയ്ത പ്രദേശങ്ങളിൽ ദാരുണമായ ദൃശ്യങ്ങളാണുള്ളതെന്നും അവിടങ്ങളിൽ കണ്ടെത്തിയ പൊതുശ്മശാനങ്ങൾ  ഇപ്പോൾ സകലമതവിഭാഗങ്ങളുടെയും, ക്രൈസ്തവരുടെയും യഹൂദരുടെയും മുസ്ലീങ്ങളുടെയും പ്രാർത്ഥനാവേദികളായി പരിണമിച്ചിരിക്കയാണെന്നും മേജർ ആർച്ചുബിഷപ്പ് ഷെവ്ചുക് പറഞ്ഞു.

യുദ്ധം 70 ദിനങ്ങൾ പിന്നിട്ടപ്പോൾ അന്നാട്ടിൽ തകർക്കപ്പെട്ടിരിക്കുന്ന ദേവാലയങ്ങളുടെയും ആശ്രമങ്ങളുടെയും സംഖ്യ നൂറോളം വരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

യുദ്ധത്തെയും സമാധാനത്തെയും അധികരിച്ച് നൂതനമായൊരു മനനം, സർവ്വോപരി, സഭയുടെ സാമൂഹ്യ പ്രബോധനത്തിൽ ആവശ്യമാണെന്നും സഭയും രാഷ്ട്രവും തമ്മലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കേണ്ടതുണ്ടെന്നും ഉക്രയിനിൽ ഇപ്പോൾ നടക്കുന്ന യുദ്ധം ഓർമ്മപ്പെടുത്തുന്നുവെന്ന് മേജർ ആർച്ചുബിഷപ്പ് ഷെവ്ചുക് അഭിപ്രായപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2022, 20:12