തിരയുക

സങ്കീർത്തനചിന്തകൾ - 129 സങ്കീർത്തനചിന്തകൾ - 129 

നീതിയും ശിക്ഷയും ദൈവത്തിലുള്ള പ്രത്യാശയും

വചനവീഥി: നൂറ്റിയിരുപത്തിയൊൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിയിരുപത്തിയൊൻപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആരോഹണഗീതങ്ങളിലെ പത്താമത്തേതാണ് നൂറ്റിഇരുപത്തിയൊൻപതാം സങ്കീർത്തനം. ജെറുസലേമിലേക്കുള്ള തീർത്ഥാടകർ ഉപയോഗിച്ചിരുന്ന നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാല് വരെയുള്ള പതിനഞ്ച് സങ്കീർത്തനങ്ങളാണ് ആരോഹണഗീതങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഇസ്രായേലിന് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതിനാൽ വിലാപഗീതങ്ങളുടെ ശ്രേണിയിലും പെടുന്ന ഒന്നാണ് ഈ സങ്കീർത്തനം. ഇസ്രായേൽജനതയ്‌ക്കെതിരെ ശത്രുക്കൾ ഉയർന്നുവരുമ്പോൾ, നീതിമാനായ കർത്താവിലാണ് താൻ പ്രത്യാശയർപ്പിക്കേണ്ടതെന്ന് സങ്കീർത്തകനറിയാം. സീയോനെ വെറുക്കുന്നവർക്ക് കർത്താവിന്റെ അനുഗ്രഹം ആശംസിക്കാൻ ദൈവഭയമുള്ള തീർത്ഥാടകനാകില്ല. തങ്ങൾക്ക് അഭയവും സംരക്ഷണവുമേകിയ ദൈവത്തെക്കുറിച്ചുള്ള ഓർമ്മയാണ് ഇപ്പോഴും തങ്ങൾക്കെതിരെ പ്രവൃത്തിക്കുന്ന ശത്രുക്കളുടെ മുന്നിൽ, ഭയമില്ലാതെ മുന്നേറാനും നന്ദിയോടെ ദൈവത്തിൽ ആശ്രയിക്കാനും ഇസ്രയേലിന് കരുത്തേകുന്നത്.

ആക്രമണങ്ങളിൽനിന്ന് സംരക്ഷണമേകുന്ന ദൈവം

സങ്കീർത്തനത്തിന്റെ ഒന്നുമുതൽ നാലുവരെയുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന ആദ്യപകുതിയിൽ തങ്ങളുടെ ചരിത്രത്തിലുടനീളം, നിരവധിയായ അപകടങ്ങളിൽനിന്ന് തങ്ങളെ രക്ഷിച്ച ദൈവത്തിനുള്ള നന്ദിയുടെ വാക്കുകളാണ് നാം കാണുന്നത്. ഒന്നും രണ്ടും വാക്യങ്ങൾ ഇങ്ങനെയാണ്: "ഇസ്രായേൽ ഇപ്പോൾ പറയട്ടെ, ചെറുപ്പം മുതൽ എന്നെ അവർ എത്രയധികം പീഡിപ്പിച്ചു! ചെറുപ്പം മുതൽ എന്നെ അവർ അതികഠിനമായി പീഡിപ്പിച്ചു; എന്നിട്ടും അവർ എന്റെ മേൽ വിജയം നേടിയില്ല" (വാ. 1-2).

സങ്കീർത്തകൻ വ്യക്തിഗതമായ ഒരു ഭാഷയിലാണ് ഈ വാക്യങ്ങൾ എഴുതുന്നതെങ്കിലും, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ചരിത്രത്തിലുടനീളം കടന്നുപോയ അതിക്രമങ്ങളും പീഡനങ്ങളുമാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. തങ്ങളുടെ ചെറുപ്പം മുതൽ, ഈജിപ്തിൽനിന്നിങ്ങോളവും നിരവധി അധികാരങ്ങളാണ് ഈ ജനത്തെ ഇല്ലാതാക്കാൻ പരിശ്രമിച്ചത്. കാരാഗ്രഹങ്ങളും, നാടുകടത്തലും, മരണത്തിനുള്ള വിധിയുമൊക്കെ കടന്നുപോയെങ്കിലും, അവയൊന്നും ഇസ്രായേൽ ജനത്തെ പൂർണ്ണമായും, ഇല്ലായ്മചെയ്യാനോ, അവരുടെമേൽ ശാശ്വതമായ വിജയം നേടാനോ പ്രാപ്തമായിരുന്നില്ല. രണ്ടാം വാക്യത്തിൽ നാം കണ്ടതും അതുതന്നെയാണല്ലോ; “എന്നിട്ടും അവർ എന്റെ മേൽ വിജയം നേടിയില്ല".

മൂന്നും നാലും വാക്യങ്ങളിലും ആദ്യ രണ്ടു വാക്യങ്ങളുടെ വ്യത്യസ്തമായ ഒരു ആവർത്തനമാണ് നാം കണ്ടുമുട്ടുന്നത്. ഈ സങ്കീർത്തനവരികൾ ഇങ്ങനെയാണ്: " ഉഴവുകാർ എന്റെ മുതുകിൽ ഉഴുതു; അവർ നീളത്തിൽ ഉഴവുചാലു കീറി. കർത്താവു നീതിമാനാണ്; ദുഷ്ടരുടെ ബന്ധനങ്ങളിൽനിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു" (വാ. 3-4). കൃഷിക്കാരൻ മണ്ണ് ഉഴുതുമറിക്കുന്നതുപോലെ ശത്രു തങ്ങളുടെ ജനതയെ കഠിനമായി ആക്രമിച്ച അവസരങ്ങളെയാണ് ഈ വാക്യങ്ങളിലൂടെ സങ്കീർത്തകൻ സൂചിപ്പിക്കുന്നത്. സങ്കീർത്തകന്റെ കാലഘട്ടത്തിനുമപ്പുറത്തേക്ക് ചരിത്രത്തിലൂടെയിന്നോളവും നീളുന്ന ഒരു അർത്ഥവ്യാപ്തി ഈ വാക്യങ്ങൾക്കുണ്ട്. എന്നാൽ മൃഗങ്ങളുടെ തോളിന്മേൽ വയ്ക്കുന്ന നുകം പോലെ, ഇസ്രയേലിന്റെമേലുണ്ടായിരുന്ന ബന്ധനങ്ങളെ കർത്താവ് തകർത്ത് അവർക്ക് മോചനം നൽകി എന്ന ഒരു സത്യമാണ് ഇവിടെ ആവർത്തിക്കപ്പെടുന്നത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേൽ മറ്റു ജനതകളെപ്പോലെ സഹനത്തിന്റെയും പീഡനങ്ങളുടെയും പാതയിലൂടെത്തന്നെയാണ് മുന്നോട്ട് നീങ്ങിയിരുന്നത്. എങ്കിലും വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം അവരെ നിത്യമായ സഹനത്തിനോ തകർച്ചക്കോ വിട്ടുകൊടുക്കുന്നില്ല. മറിച്ച് ശത്രുകരങ്ങളിൽനിന്ന് തന്റെ ജനത്തെ ശക്തമായ ഇടപെടലിലൂടെ വിടുവിക്കുന്ന ദൈവമാണവൻ. ദൈവികമായ നീതിയുടെ ഭാഗംകൂടിയാണ് ഇസ്രയേലിന്റെ രക്ഷ. കൂടെ നടക്കുന്ന, രക്ഷ വാഗ്ദാനം ചെയ്ത ദൈവത്തിന്, തന്റെ ജനത്തെ ശത്രുക്കളുടെ അധീനതയിൽ വിട്ടുകൊടുക്കാനാവുകയില്ലല്ലോ.

ദൈവത്തെ വെറുക്കുന്നവർക്ക് ശിക്ഷ

സങ്കീർത്തനത്തിന്റെ അഞ്ചുമുതൽ എട്ടുവരെയുള്ള വാക്യങ്ങൾ തിന്മ പ്രവർത്തിക്കുന്നവർക്കെതിരെയുള്ള ഒരു പ്രാർത്ഥനയും കുറ്റംവിധിയുമാണ്. വിളവെടുപ്പിന്റെ സന്തോഷമോ, വിശ്വാസികളിൽനിന്ന് അനുഗ്രഹാശംസകളോ അവർക്കുണ്ടാകരുതെന്ന് ഈ വാക്യങ്ങളിലൂടെ ജനം പ്രാർത്ഥിക്കുന്നു. ദേവാലയം നിലനിൽക്കുന്ന, ദൈവത്തിന്റെ സാന്നിധ്യമുള്ള സീയോനെ, ജെറുസലേമിനെ വെറുക്കുന്നവർക്കെതിരെയാണ് ഈ വാക്യങ്ങൾ. അഞ്ചുമുതൽ ഏഴുവരെയുള്ള വാക്യങ്ങൾ ഇങ്ങനെയാണ്: "സീയോനെ വെറുക്കുന്നവർ ലജ്ജിച്ചു പിന്തിരിയട്ടെ! അവർ പുരപ്പുറത്തെ പുല്ലുപോലെയാകട്ടെ! അത് വളരുന്നതിന് മുൻപ് ഉണങ്ങിപ്പോകുന്നു. അത് കൊയ്യുന്നവന്റെ കൈ നിറയുന്നില്ല; കറ്റ കെട്ടുന്നവന്റെ മടിയും നിറയുന്നില്ല" (വാ. 5-7).

നീതിമാനായ ദൈവത്തിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണ്, ഇസ്രായേൽ ജനത്തിന്റെ സംരക്ഷണമെങ്കിൽ, അതെ ദൈവത്തിന്റെ നീതി, ശത്രുവിനെ ശിക്ഷിക്കണമെന്നുകൂടി സങ്കീർത്തകൻ പ്രാർത്ഥിക്കുന്നു. ശത്രുവിനെതിരെ പ്രാർത്ഥിക്കുന്ന സങ്കീർത്തകൻ പക്ഷെ ഇവിടെ ശത്രുവിന്റെ നാശത്തിനായല്ല, മറിച്ച് അവർക്ക് അഭിവൃദ്ധിയുണ്ടാകരുതെന്നാണ് പ്രാർത്ഥിക്കുന്നത്. ദൈവത്തിന്റെ നഗരത്തിനും, അവന്റെ ജനത്തിനുമെതിരായ പ്രവർത്തനങ്ങൾ ദൈവത്തിനെതിരായ പ്രവർത്തനങ്ങൾതന്നെയാണ്.

മണ്ണിൽ പൊതിഞ്ഞ മേൽക്കൂരകളിൽ മഴക്കാലത്ത് വളരുന്ന പുല്ല്, കടുത്ത വേനൽച്ചൂടിൽ എങ്ങനെ കരിഞ്ഞുണങ്ങുന്നുവോ, അതുപോലെ, ഇസ്രയേലിനെതിരായി പ്രവർത്തിക്കുന്നവരുടെ അഭിവൃദ്ധിയും ക്ഷണികമാകണമെന്ന ഒരു പ്രാർത്ഥനയാണിത്. ദൈവത്തിനും ദൈവജനതയ്ക്കും എതിരെ പ്രവർത്തിക്കുന്നവർ, ഉണങ്ങിക്കരിഞ്ഞ പുല്ലിൽനിന്ന് എന്നതുപോലെ, ഫലമൊന്നും നേടാതെപോകട്ടെ എന്നും, കറ്റ കെട്ടുന്നവന്റെ മടി നിറയാതിരിക്കട്ടെ എന്നുമുള്ള വാക്കുകൾ, ലോകത്തിന് മുന്നിൽ ഒരു മുന്നറിയിപ്പുകൂടിയാണ്. ദൈവമാണ് പ്രതിഫലം നൽകുന്നവൻ; ദൈവത്തിനെതിരെ നിൽക്കുന്നവരുടേത്, ക്ഷണികമായ, നിലനില്പില്ലാത്ത വളർച്ചമാത്രമാണ്.

തിന്മ ചെയ്യുന്നവർക്ക് വിജയം ഉണ്ടാവുകയില്ലെന്നും, അവരുടെ പ്രതിഫലം സുസ്ഥിരമല്ലെന്നും ഓർമ്മിപ്പിക്കുന്ന സങ്കീർത്തകൻ, ദൈവത്തിന്റെ അനുഗ്രഹം അവർക്ക് ലഭ്യമാകില്ല എന്നുകൂടി എടുത്തുപറയുന്നതാണ് സങ്കീർത്തനത്തിന്റെ അവസാനവാക്യമായ എട്ടാം വാക്യം: "കർത്താവിന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ! കർത്താവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു എന്ന് വഴിപോക്കർ അവരെ നോക്കി പറയുന്നില്ല" (വാ. 8). ഇസ്രയേലിന്റെ ശത്രുക്കൾക്ക് ദൈവാനുഗ്രഹമുണ്ടാകരുതേ എന്ന ഒരു പ്രാർത്ഥനയാണ് ഇവിടെ നാം കാണുന്നത്. ദൈവനാമത്തിലുള്ള അനുഗ്രഹാശംസ, ദൈവത്തിന്റെ ജനത്തിനെതിരെ പ്രവർത്തിക്കുന്ന, ദൈവികചിന്തയോ ദൈവഭയമോ ഇല്ലാത്ത ജനങ്ങൾക്ക് ഒരിക്കലും ലഭ്യമാകില്ലല്ലോ. പഴയനിയമത്തിൽത്തന്നെ റൂത്തിന്റെ പുസ്തകം രണ്ടാം അധ്യായത്തിന്റെ നാലാം വാക്യത്തിൽ, തന്റെ വയലിൽ കൊയ്യാനെത്തിയ കൊയ്ത്തുകാരെ "കർത്താവ് നിങ്ങളോടു കൂടെ" എന്ന് പറഞ്ഞു അഭ്യവാദ്യം ചെയ്യുന്ന ബോവസിനെയും, അവനോട് തിരികെ "കർത്താവ് അങ്ങയെ അനുഗ്രഹിക്കട്ടെ" എന്ന പ്രത്യഭിവാദനം ചെയ്യുന്ന കൊയ്ത്തുകാരെയും നാം കാണുന്നുണ്ട്. അനീതിയും അക്രമവും പ്രവർത്തിക്കുന്നതിനാലാണ് ദൈവജനത്തിനെതിരെ തിന്മ ചെയ്യുന്നവർക്ക്, വഴിപോക്കർ പോലും ദൈവാനുഗ്രഹങ്ങൾ ആശംസിക്കാത്തത്.

സങ്കീർത്തനം നമ്മുടെ ജീവിതത്തിൽ

നൂറ്റിയിരുപത്തിയൊൻപതാം സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, രണ്ടു പ്രധാനപ്പെട്ട ചിന്തകളാണ് സങ്കീർത്തനം നമുക്ക് നൽകുന്നത്. ഒന്നാമതായി, ഇസ്രയേലിനെതിരെ എന്നതുപോലെ ശത്രുക്കളാൽ ആക്രമിക്കപ്പെടുമ്പോൾ ദൈവത്തിൽ കൂടുതലായി ആശ്രയം വയ്ക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് സങ്കീർത്തനം. ദൈവത്തിനെതിരായി നിൽക്കുന്ന ശത്രുവിന്റെ കരങ്ങൾ, കർത്താവിൽ ആശ്രയമർപ്പിക്കുന്നവരുടെമേൽ, അവൻ ദൈവമായി കൂടെയുള്ളവരുടെമേൽ, നിലനിൽക്കുന്ന വിജയം നേടില്ലയെന്ന് സങ്കീർത്തകൻ നമുക്ക് ഉറപ്പുനൽകുന്നു. മോചനം നൽകുന്ന ദൈവമാണ് യാഹ്‌വെ എന്ന് ചരിത്രബോധമുള്ള ഓരോ തീർത്ഥാടകനും  സങ്കീർത്തകനൊപ്പം ഏറ്റുപറയുന്നുണ്ട്.

രണ്ടാമതൊരു ചിന്ത ദൈവത്തിൽനിന്ന് മനുഷ്യനുള്ള പ്രതിഫലവുമായി ബന്ധപ്പെട്ടതാണ്. നീതിമാനായ കർത്താവ് പ്രവൃത്തികൾക്കനുസരിച്ച് പ്രതിഫലം നൽകുന്നവനാണ്. കർത്താവിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനെതിരെ ആക്രമണം നടത്തിയിട്ട്, ജീവിതത്തിൽ ശാശ്വതമായ ഒരു വിജയം നേടാനാകില്ലെന്ന് സങ്കീർത്തനവാക്യങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഒപ്പം ദൈവത്തിന്റെ ഭവനത്തെയും നഗരത്തെയും വെറുക്കുന്നവർക്ക് ഈലോകതീർത്ഥാടനത്തിൽ അനുഗ്രഹങ്ങൾ നേടാനാകില്ലെന്നും.

വിശ്വാസികൾ എന്ന നിലയിൽ നമുക്ക് അർഹതപ്പെട്ട ദൈവാനുഗ്രഹങ്ങൾ, ദൈവഹിതത്തിനെതിരെ നിൽക്കുന്നവർക്കൊപ്പം പ്രവർത്തിച്ച് നഷ്ടപ്പെടുത്താതിരിക്കാം. സംരക്ഷണമേകുന്ന, ശത്രുകരങ്ങളിൽനിന്ന് രക്ഷിക്കുന്ന നീതിമാനായ ദൈവത്തിൽ കൂടുതലായി ശരണം വയ്ക്കുകയും അവൻ നൽകുന്ന രക്ഷയെ എന്നും ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 May 2022, 13:36