യുക്രെയ്ൻ: മരിയുപോൾ ഉരുക്ക് ഫാക്ടറിയിൽ നിന്ന് നൂറ് സാധാരണ പൗരന്മാരെ ഒഴിപ്പിച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
റെഡ് ക്രോസിന്റെയും, മറ്റ് കക്ഷികളുടെയും സഹകരണങ്ങൾ ഏകോപിച്ച് ഐക്യരാഷ്ട്രസഭയ്ക്ക് 100 സാധാരണ പൗരന്മാരെ മരിയുപോളിലെ അസോവ്സ്റ്റാൾ സ്റ്റീൽ പ്ലാന്റിൽ നിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞു. തുടർന്ന്, അവരെ കീവ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെത്തിച്ചു. എന്നാൽ റഷ്യക്കാർക്ക് കീഴടങ്ങാതെ ചെറുത്തുനില്ക്കുന്ന തുറമുഖ നഗരത്തിലെ സ്റ്റീൽ പ്ലാൻറിൽ അഞ്ഞൂറ് സിവിലിയന്മാരും, കുറഞ്ഞത് 1000 ത്തോളം വരുന്ന യുക്രേനിയൻ സൈനീകരും ഇനിയും ഉണ്ടെന്ന് പ്രാദേശിക സ്രോതസ്സുകളിൽ നിന്ന് കണക്കാക്കുന്നു.
കിഴക്ക് ഭാഗത്ത് പുതിയ ബോംബാക്രമണം
അതേസമയം, കിഴക്ക് ഭാഗത്ത് റഷ്യൻ ആക്രമണം തുടരുകയാണ്. ഖാർകീവ് മേഖലയിൽ റഷ്യൻ ബോംബാക്രമണത്തിൽ മൂന്ന് പൗരന്മാർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ ഡൊനെറ്റ്സ്ക് മേഖലയിൽ നടന്ന ബോംബാക്രമണത്തിൽ മറ്റ് നാല് സിവിലിയന്മാരും വധിക്കപ്പെട്ടു.
നയതന്ത്ര രംഗത്ത്, അമേരിക്കയുടെ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി കീവ് സന്ദർശിച്ചു. അവിടെ അവർ യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിച്ച സമാനമായ നടപടികൾക്ക് മറുപടിയായി മോസ്കോയിൽ ഡുമയുടെ പ്രസിഡന്റ്, വോളോഡിൻ, തങ്ങളോട് സൗഹൃദമില്ലാത്ത രാജ്യങ്ങളുടെ ഓഹരികളും സ്വത്തുക്കളും കണ്ടുകെട്ടാൻ നിർദ്ദേശിച്ചു.
യുക്രേനിയൻ ഗോതമ്പിനെക്കുറിച്ചുള്ള ഉദ്വേഗം
ആക്രമണം മുൻപു നിശ്ചയിച്ചിരുന്ന മെയ് 9ന് അപ്പുറത്തേക്ക് പോകുമെന്ന സൂചനയും നൽകുകയും നിലവിലെ യുക്രേനിയൻ സർക്കാരിനെ അട്ടിമറിക്കലല്ല തങ്ങളുടെ ലക്ഷ്യമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്റോവ്, ഒരു ടെലിവിഷൻ അഭിമുഖത്തിൽ ആവർത്തിച്ചു. 4.5 ദശലക്ഷം ടൺ ധാന്യങ്ങൾ ഇപ്പോഴും യുക്രേനിയൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇത് ലോകമെമ്പാടുമുള്ള ഭക്ഷ്യവിലയുടെ കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: