തിരയുക

കുട്ടികളുടെ ശോഭനമായ ഭാവിക്കായി കുട്ടികളുടെ ശോഭനമായ ഭാവിക്കായി  (ANSA)

കുട്ടികളുടെ നിലയെക്കുറിച്ചുള്ള ചതുർദിനചർച്ച റോമിൽ: ഇമ്പോസ്സിബിൾ 2022

ഏറ്റവും അമൂല്യവും, അവഗണിക്കപ്പെട്ടതുമായ സമ്പത്തായ കുട്ടികളുടെ അവസ്ഥയെക്കുറിച്ച് "ഇമ്പോസ്സിബിൾ 2022" എന്ന പേരിൽ നാലുദിവസം നീളുന്ന സമ്മേളനം റോമിൽ ആരംഭിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലോകമെമ്പാടും കുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും, അവഗണനകളെക്കുറിച്ചും, അവർക്ക് ലഭ്യമാകുന്ന സാധ്യതകളെക്കുറിച്ചുമുള്ള നാലു ദിവസത്തെ ചർച്ചാസമ്മേളനം ഒരുക്കുന്നത് സേവ് ദി ചിൽഡ്രൻ സംഘടനയാണ്. മെയ് പത്തൊൻപത് മുതൽ ഇരുപത്തിരണ്ടുവരെ തീയതികളിൽ റോമിന്റെ വിവിധ ഭാഗങ്ങളിലായാണ് ഈ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

2015 മുതൽ ഇന്നുവരെ ലോകമെമ്പാടുമായി ഏതാണ്ട് നാല്പത്തിയേഴു കോടിയോളം കുട്ടികൾക്ക് അടിസ്ഥാനവിദ്യാഭ്യാസം ലഭ്യമായിട്ടില്ല. രണ്ടായിരത്തിമുപ്പതോടെ ഇത് നൂറു കോടിയോടടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. യൂറോപ്പിലെ കണക്കുകൾ പ്രകാരം ഇറ്റലിയിലാണ് സ്ഥിതിഗതികൾ കൂടുതൽ മോശമായിരിക്കുന്നത്.

യുവാക്കളും, കുട്ടികളുടെ കാര്യങ്ങളിൽ വിദഗ്ദരായവർ, വിവിധ സ്ഥാപനങ്ങൾ, സാംസ്കാരികലോകം, വിദ്യാഭ്യാസമേഖല എന്നിവയെ ഒരുമിച്ച് ചേർത്ത്, കാര്യപ്രാപ്‌തവും, സമൂർത്തവുമായ നിർദ്ദേശങ്ങളും പ്രവർത്തനരീതികളും മുന്നോട്ടുവയ്ക്കുകയാണ് ഇമ്പോസ്സിബിൾ 2022 സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികൾ, കൗമാരപ്രായക്കാർ എന്നിവർക്കുവേണ്ടി പ്രവർത്തിക്കുന്ന ആളുകൾ, യുവജനങ്ങൾ, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ ഏതാണ്ട് തൊള്ളായിരത്തോളം ആളുകൾ ഈ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.

സമീപകാലത്ത്, ലോകത്ത് കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ, ചെറിയതോതിലാണെങ്കിലും പുരോഗമിച്ചിട്ടുണ്ട് എന്നത് സത്യമാണെങ്കിലും, വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന, സംഘർഷങ്ങൾ, പ്രത്യേകിച്ച് ഇപ്പോൾ നടക്കുന്ന ഉക്രയിൻ യുദ്ധം, കാലാവസ്ഥാ പ്രതിസന്ധികൾ, കോവിഡ്-19 പോലെയുള്ള മഹാമാരികൾ, എന്നിവ, കുട്ടികളുടെ മെച്ചപ്പെട്ട ഒരു നാളെയിലേക്കുള്ള വളർച്ചയെ മന്ദഗതിയിലാക്കിയിട്ടുണ്ട്. ഇക്കാരണങ്ങളാൽത്തന്നെ, ദശലക്ഷക്കണക്കിന് കുട്ടികൾക്ക് അവരുടെ ഭവനങ്ങൾ ഉപേക്ഷിക്കേണ്ടിവരികയും, അവശ്യഭക്ഷണം ലഭ്യമല്ലാതാകുകയും ചെയ്യുന്നുണ്ട് എന്നും സേവ് ദി ചിൽഡ്രൻ സംഘടന വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 May 2022, 17:28