വിദ്യാഭ്യാസവും കോവിഡും: പുതിയ യൂണിസെഫ് റിപ്പോർട്ട്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കഴിഞ്ഞ വർഷത്തിനിടെ ഏകദേശം നാലേമുക്കാൽ കോടിയോളം കുട്ടികൾക്ക് മുഖാഭിമുഖവിദ്യാഭ്യാസത്തിന്റെ പകുതിയിലധികം നഷ്ടപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് പുതിയ റിപ്പോർട്ട് പുറത്തിറക്കി. 32 രാജ്യങ്ങളിൽ സർവ്വേയുടെ ഫലമായാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ഈ രാജ്യങ്ങളിലെ കുട്ടികളിൽ നടത്തിയ പഠനങ്ങളിൽ പതിനാല് വയസിൽ താഴെയുള്ള കുട്ടികളിൽ നാലിലൊന്ന് പേർക്ക് അടിസ്ഥാനവായനാവൈദഗ്ധ്യം പോലും ഇല്ലായിരുന്നതായി അവർ കണ്ടെത്തി.
മാർച്ച് 30ന് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, കോവിഡ് മഹാമാരി മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ, ഇനിയും 23 രാജ്യങ്ങളിൽ സ്‌കൂളുകൾ പൂർണ്ണമായി തുറന്നിട്ടില്ല. നാല്പതിലധികം കോടി കുട്ടികൾ താമസിക്കുന്നത് ഈ രാജ്യങ്ങളിലാണ്. പല കുട്ടികളും വിദ്യാഭ്യാസം ഉപേക്ഷിക്കാനുള്ള സാധ്യതപോലും പഠനങ്ങൾ വ്യക്തമാക്കി.
ഇടത്തരവും താഴ്ന്നതുമായ സാമ്പത്തികസ്ഥിയുള്ള 32 രാജ്യങ്ങളിലാണ് വിദ്യാഭ്യാസരംഗത്ത് കോവിഡിന്റെ ആഘാതത്തെക്കുറിച്ചുള്ള ഈ പഠനം നടത്തിയത്.
ഇതേക്കുറിച്ച് സംസാരിക്കവെ, കുട്ടികൾക്ക് അവരുടെ അധ്യാപകരുമായും സമപ്രായക്കാരുമായും നേരിട്ട് ഇടപഴകാൻ കഴിയാത്തപ്പോൾ, അവരുടെ പഠനം തകരാറിലാകുന്നു എന്നും,.എന്നാൽ അവർക്ക് അവരുടെ അധ്യാപകരുമായും സമപ്രായക്കാരുമായും ഒട്ടും ഇടപഴകാൻ കഴിയാതെ വരുമ്പോൾ, അവരുടെ പഠനത്തിലുണ്ടാകുന്ന നഷ്‌ടം ശാശ്വതമായി മാറുന്നുവെന്നും, യുണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പറഞ്ഞു." പഠനത്തിലേക്കുള്ള പ്രവേശനത്തിലെ ഈ വർദ്ധിച്ചുവരുന്ന അസമത്വം അർത്ഥമാക്കുന്നത് വിദ്യാഭ്യാസം, ഇനിമുതൽ സമൂഹത്തിൽ തുല്യത ഉറപ്പുവരുത്തുന്ന ഒരു വസ്തുത എന്നതിനേക്കാൾ ഏറ്റവും വലിയ വിഭജനകാരണമായി മാറാനുള്ള സാധ്യതയാണെന്നും, കുട്ടികളെ പഠിപ്പിക്കാൻ ലോകത്തിന് സാധിക്കാതെ വരുമ്പോൾ, അതിന്റെ നഷ്ടം നേരിടേണ്ടിവരുന്നത് എല്ലാവരുമാണെന്നും അവർ കൂട്ടിച്ചേർത്തു.
പഠനങ്ങൾ നടന്ന രാജ്യങ്ങളിൽ കുട്ടികളുടെ പഠിക്കാനുള്ള കഴിവുതന്നെ മന്ദഗതിയിലായിട്ടുണ്ടെന്നും, രണ്ടു വർഷം കൊണ്ട് നേടിയെടുക്കേണ്ടിയിരുന്ന അടിസ്ഥാനവായനാ വൈദഗ്ധ്യം നേടിയെടുക്കാൻ, ഇപ്പോഴത്തെ നിലയിൽ ഏഴു വർഷങ്ങളും, ഗണിതശാസ്ത്രത്തിൽ സാധാരണ പുരോഗതി നേടാൻ 11 വർഷങ്ങളും ആവശ്യമായി വരുമെന്നും, റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: