ഈസ്റ്റർ ദിനത്തിൽ മരിയുപോളിലെ യുക്രെയ്ൻ സൈനീകർക്ക് റഷ്യയുടെ അന്ത്യശാസനം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
യുക്രെയ്നിലെ തകർക്കപ്പെട്ട തുറമുഖ നഗരമായ മരിയൂപോളിൽ, തകർന്ന കെട്ടിടങ്ങൾക്കും പുതിയ ശവക്കുഴികൾക്കും ഇടയിലാണ് അവിടെയുള്ളവരുടെ വാസം. പ്രതിരോധത്തിന്റെ പ്രതീകമായി മാറിയ മരിയുപോൾ, ഏഴാഴ്ചത്തെ ഉപരോധത്തിന് ശേഷം ഞായറാഴ്ച റഷ്യൻ സൈന്യത്തിന് മുന്നിൽ പരാജയത്തിന്റെ വക്കിലാണ് എന്ന പോലെയാണ് തോന്നുന്നത്. ഇത് ജനങ്ങളെ കൂടുതൽ ആശങ്കപ്പെടുത്തുന്നു.
കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നതിനാൽ എല്ലാം പൊളിച്ചു മാറ്റേണ്ടതായിട്ടുണ്ട്. ജനങ്ങൾ ഭയാനകമായ അവസ്ഥയിലാണ് ജീവിക്കുന്നത്. ഇനി എന്താണ് സംഭവിക്കുന്നതെന്ന് അവർക്കറിയില്ല. ഒരു അഗ്നിപർവ്വതത്തിന് മുകളിലായതുപോലെയാണ് ജീവിക്കുന്നതെന്നും തങ്ങളുടെ കെട്ടിടത്തിൽ ആളുകൾ മരിക്കുകയും അവരെ നേരെ മുറ്റത്ത് കുഴിച്ചിടേണ്ടി വന്നതായും അവിടെ താമസിക്കുന്നവർ പങ്കുവച്ചു.
2,500 യുക്രേനിയൻ പോരാളികൾ ഭൂഗർഭ പാതകളുള്ള ഒരു സ്റ്റീൽ പ്ലാന്റിൽ പിടിച്ചുനിൽക്കുന്നതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. അവരുടെ കീഴടങ്ങലിന് റഷ്യ സമയപരിധി നൽകിട്ടുണ്ട്. ആയുധങ്ങൾ വച്ചു കീഴടങ്ങുന്നവരുടെ ജീവന് ഉറപ്പു നൽകുമെന്നും റഷ്യ പറഞ്ഞു. എന്നിരുന്നാലും, പ്രതിരോധം തുടരുന്ന എല്ലാവരെയും നശിപ്പിക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് മുന്നറിയിപ്പ് നൽകി. അസോവ്സ്റ്റൽ സ്റ്റീൽ മില്ലിൽ 400 ഓളം വിദേശ കൂലിപ്പടയാളികളും യുക്രേനിയൻ സൈനികരുമുണ്ടെന്ന് പിടിച്ചെടുക്കപ്പെട്ട ആശയവിനിമയങ്ങളിൽ നിന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. എന്നാൽ ആ അവകാശവാദം സ്വതന്ത്രമായി അന്വേഷിച്ച് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
യുക്രെയ്ൻ കീഴടങ്ങാൻ വിസമ്മതിക്കുന്നു
മരിയുപോളിലെ യുക്രേനിയൻ സൈനികർ റഷ്യയ്ക്ക് കീഴടങ്ങില്ലെന്ന് യുക്രേനിയൻ നിയമസഭാംഗം ഒലെക്‌സി ഗോഞ്ചരെങ്കോ പറഞ്ഞു. സേനകൾ പ്രതിരോധിക്കുന്നത് തുടരുമെന്ന് മരിയുപോളിന്റെ മേയറുടെ ഉപദേശകൻ പറഞ്ഞു.
യുക്രേനിയൻ സൈനീക പോരാളികളെ മാരിയൂപോളിൽ ഉന്മൂലനം ചെയ്യുന്നത് സമാധാന ചർച്ചകളുടെ അന്ത്യമായിരിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തിങ്കളാഴ്ച മുതൽ മരിയുപോളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ റഷ്യ ആലോചിക്കുന്നതായി നഗര അധികൃതർ പറഞ്ഞു.
മരിയുപോളിനെ പിടിച്ചടക്കുന്നതോടെ റഷ്യയുടെ യുദ്ധലക്ഷ്യങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന കിഴക്കൻ യുക്രെയ്‌നിലെ യുക്രേനിയൻ സൈന്യത്തെ വളയാനും ദുർബ്ബലപ്പെടുത്താനും റഷ്യൻ സൈന്യത്തിന് എളുപ്പമാകും. അത് തലസ്ഥാനം ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനും റഷ്യൻ നാവികസേനയുടെ കരിങ്കടൽ ഫ്‌ളാഗ്ഷിപ്പ് മുങ്ങിയ നഷ്‌ടത്തിനും ശേഷം മോസ്കോയ്ക്ക് നിർണ്ണായക വിജയം നൽകും.
20,000 പേർ മരിച്ചതായി അധികാരികൾ പറയുന്ന മരിയുപോളിലെ പോരാട്ടവും മറ്റിടങ്ങളിലെ ഏറ്റുമുട്ടലുകളും ഈസ്റ്റർ ആഘോഷങ്ങൾക്ക് മേൽ നിഴൽ പരത്തിയെങ്കിലും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്ത പള്ളികളിൽ പോലും ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുന്നത് കാണാമായിരുന്നു.
ക്രിസ്ത്യാനികളുടെ പീഡനങ്ങളെ അഭിസംബോധന ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുക്രേനിയൻ വിശ്വാസികൾക്കായി ഒരു പ്രത്യേക സന്ദേശം നൽകി. "തീർച്ചയായും, യുക്രെയ്നിലെ ക്രൈസ്തവർ ഈ ഈസ്റ്റർ ഇന്നാണ് അല്ലെങ്കിൽ ഓർത്തഡോക്സ് വിശ്വാസികൾ ഈ മാസാവസാനമാണ് ആഘോഷിക്കുന്നത് എന്നിരിക്കിലും ക്രിസ്തുവിന്റെ പ്രത്യാശയുടെ സന്ദേശം - മരണത്തിന്മേലുള്ള ജീവന്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയം -എന്നത്തേക്കാളും ഈ വർഷം പ്രതിധ്വനിക്കും" എന്നാണ് അദ്ദേഹം പറഞ്ഞത്. "ഇരുട്ടിനുമപ്പുറം വെളിച്ചമുണ്ടെന്നും കഷ്ടപ്പാടുകൾക്കപ്പുറം വീണ്ടെടുപ്പ് ഉണ്ടെന്നും ഈസ്റ്റർ നമ്മോടു പറയുന്നു എന്ന് യുക്രേനിയൻ ഭാഷയിൽ പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി സങ്കീർത്തനം 31 ഉദ്ധരിച്ചുകൊണ്ട്, " കർത്താവിൽ ആശ്രയിക്കുന്നവരേ, നിങ്ങളുടെ ഹൃദയത്തിൽ ധൈര്യവും പ്രത്യാശയും ഉള്ളവരായിരിക്കുക." എന്ന് ആഹ്വാനം ചെയ്തു.
അടുത്തിടെ യുക്രേനിയൻ തലസ്ഥാനമായ കീവ് സന്ദർശിച്ച ജോൺസണെയും അദ്ദേഹത്തിന്റെ മുതിർന്ന മന്ത്രിമാരെയും റഷ്യയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതിന് പിന്നാലെയാണ് ഈ സന്ദേശം. പള്ളികൾ, മോസ്‌ക്കുകൾ, സിനഗോഗുകൾ തുടങ്ങി 59 മതകേന്ദ്രങ്ങളിലെങ്കിലും റഷ്യൻ ആക്രമണം ഉണ്ടായതായി യുക്രേനിയൻ അധികൃതർ അടുത്തിടെ പറഞ്ഞിരുന്നു.
മോസ്കോ സിവിലിയൻ നഗരങ്ങളിൽ നടന്ന ഷെല്ലാക്രമണം നിഷേധിച്ചു എങ്കിലും ആരാധനാലയങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതിന് തെളിവുകളുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: