തിരയുക

സങ്കീർത്തനചിന്തകൾ - 128 സങ്കീർത്തനചിന്തകൾ - 128 

ഭക്തരെ അനുഗ്രഹിക്കുന്ന ദൈവം

വചനവീഥി: നൂറ്റിയിരുപത്തിയെട്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
വചനവീഥി: നൂറ്റിയിരുപത്തിയെട്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രവാസാനന്തരകാലം രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന നൂറ്റിയിരുപത്തിയെട്ടാം സങ്കീർത്തനം ജ്ഞാനകീർത്തനങ്ങൾ എന്ന വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്. ജെറുസലേമിലേക്കുള്ള തീർത്ഥാടകർ ഉപയോഗിച്ചിരുന്ന നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാല് വരെയുള്ള പതിനഞ്ച് ആരോഹണഗീതങ്ങളിൽ ഒൻപതാമത്തേതായ ഈ സങ്കീർത്തനം ദൈവത്തെ ഭയപ്പെടുന്നവർക്ക്, അവിടുത്തെ ഭക്തർക്ക് ദൈവം അനുഗ്രഹങ്ങളും രക്ഷയും നൽകും എന്ന ആശംസയാണ് ഉൾക്കൊള്ളുന്നത്. വ്യക്തവും സുനിശ്ചിതവുമായ അനുഗ്രഹങ്ങളാണ് ഇവിടെ വാഗ്ദാനം ചെയ്യപ്പെടുന്നത്. ഉദരഫലം നൽകുന്ന ഭാര്യയും, ധാരാളം മക്കളും കർത്താവിന്റെ അനുഗ്രഹവുമാണ് ഭക്തന് വാഗ്‌ദാനം ചെയ്യപ്പെടുന്നത്. വ്യക്തിപരമായ ഈ അനുഗ്രഹങ്ങൾ പിന്നീട് വരുംതലമുറകളിലേക്ക് നീളുന്ന അനുഗ്രഹമായും, ജെറുസലേമിന്റെ ഐശ്വര്യമായും, ഇസ്രായേലിന്റെ സമാധാനമായും കൂടുതൽ വ്യാപിക്കുന്നുണ്ട്. നൂറ്റിയിരുപത്തിയേഴാം സങ്കീർത്തനം പോലെ ഇവിടെയും, തന്റെ ഭക്തരുടെ കുടുംബങ്ങളിലെ ദൈവത്തിന്റെ ഇടപെടലാണ് പ്രതിപാദിക്കപ്പെടുന്നത്. തങ്ങളുടെ മതപരമായ കടമയുടെ ഭാഗമായി ജെറുസലേമിലേക്കെത്തുന്ന തീർത്ഥാടകരോട് ജ്ഞാനോപദേശമായി പറയപ്പെട്ടിരുന്ന വാക്കുകളായും ഇവയെ കാണാം.

അനുഗ്രഹദായകമായ ദൈവഭയം

സങ്കീർത്തനം ആരംഭിക്കുന്നത് ദൈവാനുഗ്രഹം ലഭിക്കുന്നതിനുള്ള വഴിയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ്. "കർത്താവിനെ ഭയപ്പെടുകയും അവിടുത്ത വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ". വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം തന്നെ ഭയപ്പെടുന്നവരെ, തന്റെ ഭക്തരെ അനുഗ്രഹിക്കുമെന്ന ഒരു ഉറപ്പാണ് സങ്കീർത്തകൻ നൽകുന്നത്. "ദൈവഭക്തി ജ്ഞാനത്തിന്റെ ആരംഭം" ആണെന്ന് നൂറ്റിപ്പതിനൊന്നാം സങ്കീർത്തനത്തിന്റെ പത്താം വാക്യത്തിൽ നാം കാണുന്നുണ്ട്. "ദൈവഭക്തിയാണ് അറിവിന്റെ ഉറവിടം" എന്ന് സുഭാഷിതങ്ങളുടെ പുസ്തകം ഒന്നാം അധ്യായം ഏഴാം വാക്യത്തിലും നാം കാണുന്നുണ്ട്. ദൈവഭക്തിയിലൂടെ ജ്ഞാനം നേടുന്ന ഭക്തൻ ദൈവത്തിന് പ്രീതികരമായാണ് ജീവിക്കാൻ പരിശ്രമിക്കുക. ഇതുതന്നെയാണ്, നൂറ്റിയിരുപ്പത്തിയെട്ടാം സങ്കീർത്തനത്തിലെ ഒന്നാം വാക്യത്തിന്റെ രണ്ടാം ഭാഗവും വ്യക്തമാക്കുന്നത്; "അവിടുത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ". സഭാപ്രസംഗകൻ പന്ത്രണ്ടാം അധ്യായത്തിന്റെ പതിമൂന്നാം വാക്യത്തിൽ വളരെ വ്യക്തമായി ഇത് പറയുന്നുണ്ട്: "പരിസമാപ്തി ഇതാണ്; എല്ലാം കേട്ടുകഴിഞ്ഞതുതന്നെ. ദൈവഭയമുള്ളവനായിരിക്കുക, അവിടുത്തെ കൽപനകൾ പാലിക്കുക; മനുഷ്യന്റെ മുഴുവൻ കർത്തവ്യവും ഇതുതന്നെ". യഥാർത്ഥ ഭക്തന് ദൈവത്തിന്റെ വഴികൾ ഉപേക്ഷിച്ച് നടക്കാൻ സാധിക്കുകയില്ല. ദൈവത്തോടുള്ള പൂർണ്ണമായ അനുസരണത്തിന്റേതായ ഒരു ജീവിതമാണ് യഥാർത്ഥ ദൈവഭയം എന്നത്. വിശ്വസ്തതാപൂർവ്വം തന്റെ വഴി പിന്തുടരുന്ന ഭക്തനെ ദൈവം അനുഗ്രഹിക്കുകയും ചെയ്യും.

ഭക്തർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ

സങ്കീർത്തനത്തിന്റെ രണ്ടു മുതൽ നാലുവരെയുള്ള വാക്യങ്ങൾ ഇങ്ങനെയാണ്: "നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും; നിനക്ക് നന്മവരും. നിന്റെ ഭാര്യ ഭവനത്തിൽ ഫലസമൃദ്ധമായ മുന്തിരിവള്ളിപോലെയായിരിക്കും; നിന്റെ മക്കൾ നിന്റെ മേശയ്ക്ക് ചുറ്റും ഒലിവുതൈകൾ പോലെയും. കർത്താവിന്റെ ഭക്തൻ ഇപ്രകാരം അനുഗ്രഹീതനാകും." അവ്യക്തമായ ഒരു അനുഗ്രഹാശംസയല്ല സങ്കീർത്തകൻ ഭക്തനായ മനുഷ്യന് നൽകുന്നത്. അധ്വാനഫലത്തിൽ സന്തുഷ്ടിയും, ഉദരഫലം നൽകുന്ന ഭാര്യയും, തന്റെ വംശത്തിന്റെ തുടർച്ചയായി മക്കളുമാണ്, മണ്ണിൽ അധ്വാനിച്ച്, കുടുംബം പോറ്റി ജീവിച്ചുപോന്നിരുന്ന ഒരു സമൂഹമനഃസ്ഥിതിയിൽ ദൈവാനുഗ്രഹമായി കണക്കാക്കപ്പെട്ടിരുന്നത്.

ആദത്തിന്റെ പാപം മൂലം ശപിക്കപ്പെട്ട മണ്ണിനെക്കുറിച്ചും കഠിനാധ്വാനം ചെയ്ത്, നെറ്റിയിലെ വിയർപ്പുകൊണ്ട് ഭക്ഷണം സമ്പാദിക്കേണ്ടിവരുന്ന മനുഷ്യനെക്കുറിച്ചും ഉത്പത്തിപുസ്തകം മൂന്നാം അദ്ധ്യായത്തിന്റെ പതിനേഴുമുതൽ പത്തൊന്പതുവരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നുണ്ട്. വചനം ഇങ്ങനെയാണ്; "ആദത്തോട് അവിടുന്ന് പറഞ്ഞു: തിന്നരുതെന്ന് ഞാൻ പറഞ്ഞ പഴം സ്ത്രീയുടെ വാക്ക് കേട്ട് നീ തിന്നതുകൊണ്ട് നീ മൂലം മണ്ണ് ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്കാലം മുഴുവൻ കഠിനാധ്വാനം കൊണ്ട് നീ അതിൽ നിന്ന് കാലയാപനം ചെയ്യും. അത് മുള്ളും മുൾച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങൾ നീ ഭക്ഷിക്കും. മണ്ണിൽനിന്ന് എടുക്കപ്പെട്ട നീ മണ്ണിനോട് ചേരുന്നതുവരെ, നെറ്റിയിലെ വിയർപ്പുകൊണ്ട് ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും". ദൈവത്തോടുള്ള അനുസരണക്കേട് ശിക്ഷയ്ക്ക് കാരണമാകുമ്പോൾ, ദൈവഭക്തിയും, ദൈവമാർഗ്ഗത്തിലുള്ള ജീവിതവും അനുഗ്രഹങ്ങൾ കൊണ്ടുവരും. ദൈവഭയമുള്ള മനുഷ്യന് സന്തോഷം ലഭ്യമാകത്തക്കവിധത്തിൽ ദൈവം മണ്ണിൽനിന്ന് ഫലങ്ങൾ നൽകുമെന്ന വാഗ്ദാനമാണ് നൂറ്റിയിരുപത്തിയെട്ടാം സങ്കീർത്തനം നൽകുന്നത്.

'ദൈവഭയമുള്ള മനുഷ്യന്റെ ഭാര്യ ഫലസമൃദ്ധമായ മുന്തിരിവള്ളിപോലെയായിരിക്കും, അവന്റെ മക്കൾ ഒലിവുതൈകൾ പോലെയായിരിക്കും' എന്ന രണ്ടു ഉദാഹരണങ്ങൾക്കും പഴയകാല ഇസ്രായേൽ ജനതയുടെ മുന്നിൽ വളരെ വ്യക്തമായ ഒരു അർത്ഥമുണ്ട്. ഗോതമ്പോ മറ്റു ധാന്യങ്ങളോ പോലെ സാധാരണ ഒരു ജീവിതത്തിന് മുന്തിരിയുടെ ഫലവും ഒലിവെണ്ണയും അത്യാവശ്യമായിരുന്നില്ല. എന്നാൽ അവ സമൂഹത്തിൽ ഉയർന്ന ജീവിതനിലവാരത്തിന്റെ ലക്ഷണമായിരുന്നു. മനുഷ്യശരീരത്തിന് പോഷകം നൽകുകയും, അവന്റെ മനസ്സിന് സന്തോഷം നൽകുകയും ചെയ്യുന്ന മുന്തിരിവീഞ്ഞുപോലെ, കാരുണ്യത്തിന്റെയും ക്ഷമയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും വിശ്വസ്തതയുടെയും നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന ഒരു ഭാര്യയും, കർഷകനാൽ നന്നായി വെട്ടിയൊരുക്കപ്പെട്ട് വർഷങ്ങളോളം ഫലം നൽകുന്ന ഒലിവിൻ തൈകൾ പോലെ, വിശ്വാസത്തിലും അനുസരണത്തിലും ദൈവഭയത്തിലും ഒരുക്കപ്പെട്ട്, എന്നും സന്തോഷത്തിനും, അഭിമാനത്തിനും കാരണമാകുന്ന നല്ല മക്കളും ദൈവാനുഗ്രഹം തന്നെയാണ്.

കുടുംബത്തെ സമൂഹത്തിന് മുന്നിൽ പ്രതിനിധീകരിച്ചിരുന്നത് ഭവനത്തിലെ മുതിർന്ന പുരുഷനായിരുന്നു എന്ന കാര്യവും സങ്കീർത്തനവാക്യങ്ങളിൽ വ്യക്തമാണ്. "കർത്താവിന്റെ ഭക്തൻ ഇപ്രകാരം അനുഗ്രഹീതനാകും" എന്ന നാലാം വാക്യം തന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർക്ക് ദൈവം തീർച്ചയായും അനുഗ്രഹമേകും എന്ന ഒരു ഉറപ്പാണ് ആവർത്തിക്കുന്നത്.

തലമുറകളിലേക്കും ജനതകളിലേക്കും നീളുന്ന അനുഗ്രഹം

ആറ് വാക്യങ്ങൾ മാത്രമുള്ള ഈ സങ്കീർത്തനത്തിന്റെ അവസാന രണ്ടു വാക്യങ്ങളിൽ, മക്കളിലൂടെ തലമുറകളിലേക്കും,  കുടുംബങ്ങളിൽനിന്ന് കൂടുതൽ വിസ്തൃതമായ ഒരു ലോകത്തിലേക്ക്, ജെറുസലേമിലേക്കും, ഇസ്രായിലിലേക്കും വ്യാപിക്കുന്ന ദൈവാനുഗ്രഹത്തെക്കുറിച്ചുള്ള ചിന്തയാണ് തെളിയുന്നത്. സങ്കീർത്തനവരികൾ ഇങ്ങനെയാണ്; "കർത്താവ് സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്കാലമത്രയും നീ ജെറുസലേമിന്റെ ഐശ്വര്യം കാണും. മക്കളുടെ മക്കളെ കാണാൻ നിനക്ക് ഇടവരട്ടെ! ഇസ്രായേലിനു സമാധാനമുണ്ടാകട്ടെ". മറ്റു പല സങ്കീർത്തനങ്ങളിലും വിശുദ്ധഗ്രന്ഥത്തിന്റെ മറ്റിടങ്ങളിലും, സീയോനെന്ന, ജെറുസലേം നഗരത്തിൽനിന്ന് അനുഗ്രഹം വരുന്നു എന്ന ചിന്ത കാണാം. കുടുംബസമേതം ജെറുസലേമിലേക്ക് തീർത്ഥാടനം നടത്തുന്ന വിശ്വാസിക്ക്, തങ്ങളുടെ ജീവിതത്തിലും, വരും തലമുറകളിലും ദൈവാനുഗ്രഹം ലഭ്യമാകുമെന്ന വാക്കുകൾ സന്തോഷത്തിന് കാരണമാകുന്നുണ്ട്. ജെറുസലേമിന്റെ ഐശ്വര്യവും, ഇസ്രയേലിന്റെ സമാധാനവും ഒക്കെ യാഹ്‌വെയിൽ വിശ്വസിച്ചിരുന്ന ഓരോ ഭക്തന്റെയും പ്രാർത്ഥനയുടെ ഭാഗമാകുന്നു. ഒരു യഥാർത്ഥ ദൈവഭക്തൻ സ്വഭവനത്തിന്റെ ഐശ്വര്യത്തിലും സമാധാനത്തിലും മാത്രം സന്തുഷ്ടനാകുന്നില്ല. താൻ വസിക്കുന്ന നഗരത്തിന്റെ ഐശ്വര്യവും, തന്റെ ദേശത്തിന്റെ സമാധാനവും അവന് പ്രധാനപ്പെട്ടതാണ്. യഥാർത്ഥ ദൈവസ്നേഹം സ്വാർത്ഥതയിൽനിന്ന് അപരസ്നേഹത്തിലേക്ക് നമ്മെ നയിക്കണം.

സങ്കീർത്തനം ജീവിതത്തിൽ

നൂറ്റിയിരുപത്തിയെട്ടാം സങ്കീർത്തനവിചാരങ്ങൾ ഇവിടെ ചുരുക്കുമ്പോൾ, ദൈവഭയത്തിനും ഭക്തിക്കും ഒരു വിശ്വാസിയുടെ ജീവിതത്തിൽ ദൈവാനുഗ്രഹങ്ങൾ കൊണ്ടുവരാനാകുമെന്ന ഒരുറപ്പാണ് സങ്കീർത്തകന്റെ വാക്കുകളിൽ നമുക്ക് കാണാനാകുന്നത്. സന്തോഷദായകമായ ഒരു കുടുംബവും, ദൈവം അനുവദിച്ചേകുന്ന മക്കളിലൂടെ തലമുറകളോളം നീളുന്ന അനുഗ്രഹങ്ങളും സങ്കീർത്തകൻ ഓരോ വിശ്വാസിക്കും ആശംസിക്കുന്നു. സ്വന്തം ഭവനത്തിന്റെ സമാധാനവും ഐശ്വര്യവും ദൈവദാനമെങ്കിൽ, അതെ ദൈവം തങ്ങളുടെ നാടിനും രാജ്യത്തിനും നന്മ ഉറപ്പാക്കണമേയെന്ന ഒരു ആഗ്രഹവും പ്രാർത്ഥനയും ഓരോ യഥാർത്ഥ ദൈവവിശ്വാസിക്കുമുണ്ടാകണം. ദൈവജനമെന്ന നിലയിൽ തങ്ങൾ പരസ്പരം സഹോദരങ്ങളാണെന്ന ബോധ്യമുണ്ടാകണം. ഈ സങ്കീർത്തനം നമുക്കും ജീവിതവിചിന്തനത്തിന് കാരണമാകട്ടെ.. ആഴമേറിയ വിശ്വാസത്തോടെ കർത്താവിന്റെ വഴികൾ പിൻചെല്ലാനും, നമ്മുടെ കുടുംബങ്ങളെ ദൈവാനുഗ്രഹങ്ങൾ നിറഞ്ഞതാക്കാനും, അപരന്റെ ഐശ്വര്യവും നാടിന്റെ സമാധാനവും ഹൃദയത്തിൽ പ്രാർത്ഥനയാക്കാനും നമ്മെയും ദൈവം സഹായിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 ഏപ്രിൽ 2022, 15:44