തിരയുക

സങ്കീർത്തനചിന്തകൾ - 127 സങ്കീർത്തനചിന്തകൾ - 127 

സർവ്വം ദൈവദാനം

വചനവീഥി: നൂറ്റിയിരുപത്തിയേഴാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിയിരുപത്തിയേഴാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ആരോഹണഗീതങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന പതിനഞ്ച് സങ്കീർത്തനങ്ങളിലെ എട്ടാമത്തെ സങ്കീർത്തനമാണ് നൂറ്റിയിരിരുപത്തിയേഴാം സങ്കീർത്തനം. നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാല് വരെയുള്ള സങ്കീർത്തനങ്ങളാണ് ആരോഹണഗീതങ്ങൾ എന്നറിയപ്പെടുന്നത്. പ്രവാസകാലത്തിന് ശേഷം തിരികെ വാഗ്‌ദത്തനാട്ടിലെത്തിയ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ പിൻതലമുറക്കാർ, തങ്ങളുടെ മതപരമായ കടമകളുടെ ഭാഗമായി ജെറുസലെത്തേക്ക് നടത്തിയിരുന്ന തീർത്ഥാടനവേളയിൽ ആലപിച്ചിരുന്നതിനാലാണ് ഇവ ആരോഹണഗീതങ്ങൾ എന്ന് അറിയപ്പെടുന്നത്. മറ്റുജനതകളുടെയിടയിൽ കഴിഞ്ഞിരുന്ന ജനം, ദൈവസാന്നിധ്യമുള്ള ജെറുസലേമിലേക്കെത്തുന്നത്, സ്വഭവനത്തിലേക്ക് തിരികെയെത്തുന്ന ഒരു പ്രവാസിയുടെ മനോഭാവത്തോടെയാണ്. ജെറുസലേമെന്ന നഗരം അവനെ ഓർമ്മിപ്പിക്കുന്നത്, തങ്ങളുടെ പൂർവ്വപിതാക്കന്മാരുടെ അവിശ്വസ്തയുടെ മുന്നിലും അചഞ്ചലമായി നിന്ന ദൈവത്തിന്റെ വിശ്വസ്‌തതയും, ദൈവം തങ്ങളുടെ ജനതയ്ക്കേകിയ അനേകം അനുഗ്രഹങ്ങളുമാണ്. എല്ലാം ദൈവത്തിന്റെ ദാനമാണെന്ന തിരിച്ചറിവാണ് ദൈവത്തോട് ചേർന്നുനിൽക്കാൻ ഇസ്രയേൽജനത്തിനെ പ്രചോദിപ്പിക്കുന്നത്. സോളമൻ രചിച്ചതാണ് ഈ സങ്കീർത്തനമെന്നാണ് കരുതപ്പെടുന്നത്. രണ്ട് സൂക്തങ്ങൾ, രണ്ട് പഴഞ്ചൊല്ലുകൾ കൂട്ടിച്ചേർത്താണ് നൂറ്റിയിരുപത്തിയേഴാം സങ്കീർത്തനം രചിച്ചിരിക്കുന്നത്. ദൈവമാണ് ഇസ്രായേൽ ജനത്തിനായി ഭവനങ്ങൾ നൽകുന്നതും, അവരുടെ കുടുംബങ്ങളെ ഒരുമിച്ച് ചേർക്കുന്നതും, നഗരം കാക്കുന്നതും എന്ന ഒരു ചിന്തയും, തങ്ങൾക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ, പ്രത്യേകിച്ച് സന്താനഭാഗ്യം നൽകിയത് യാഹ്‌വെ എന്ന ദൈവമാണെന്ന ചിന്തയും ഉൾക്കൊള്ളുന്ന രണ്ടു സൂക്തങ്ങളാണവ. തങ്ങൾക്ക് ഉള്ളതും ജീവിതത്തിൽ നേടാൻ കഴിഞ്ഞ പുരോഗതിയും, തങ്ങളുടെ അധ്വാനത്തിന്റെ മാത്രം ഫലമല്ല, മറിച്ച് അവ ദൈവത്തിന്റെ ദാനമാണെന്ന ഒരു ചിന്തയാണ് ഈ സങ്കീർത്തനത്തിൽ നാം കാണുന്നത്.

സ്രഷ്ടാവും പരിപാലകനുമായ ദൈവം

മനുഷ്യരുടെ പ്രയത്നങ്ങളെ വിലമതിക്കുമ്പോൾത്തന്നെ, ദൈവമാണ് എല്ലാത്തിന്റെയും സ്രഷ്ടാവും പരിപാലകനുമെന്ന ഒരു ബോധ്യം സങ്കീർത്തനകർത്താവിനെ നയിക്കുന്നുണ്ട്. ഇത് ഇസ്രായേൽജനത്തിന്റെ, യാഹ്‌വെയിൽ വിശ്വസിക്കുന്ന ഓരോ വിശ്വാസിയുടെയും ബോധ്യംകൂടിയാണ്. ഈയൊരു ബോധ്യമാണ് ഒന്നാം വാക്യത്തിൽ വ്യക്തമായി നമുക്ക് കാണാനാകുക: "കർത്താവ് വീട് പണിയുന്നില്ലെങ്കിൽ പണിക്കരുടെ അധ്വാനം വ്യർഥമാണ്. കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥം". ദൈവത്തിന്റെ കരവേലയാണ് പ്രപഞ്ചവും അതിലെ സർവ്വവുമെന്ന തിരിച്ചറിവുള്ള വിശ്വാസിക്ക് ഈ വാക്കുകൾ, ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഫലംകൂടിയാണ്. ദൈവത്തെ ഒഴിവാക്കുന്നയിടങ്ങളിൽ, സൃഷ്ടികർത്താവിനെയാണ് ഒഴിവാക്കുന്നത്. ഒരു കെട്ടിടമെന്ന നിലയിൽ, വീട് പണിയുന്നതിനെക്കുറിച്ചല്ല സങ്കീർത്തനത്തിന്റെ വാക്യം പറയുന്നതെന്ന് നമുക്കറിയാം; മറിച്ച് ഒരു കുടുംബം സ്ഥാപിക്കപ്പെടുന്നതിനെക്കുറിച്ചാണ്.

ഈ വാക്യത്തിന്റെ രണ്ടാം ഭാഗത്ത്, സംരക്ഷണമേകുന്ന ദൈവത്തെക്കുറിച്ചുള്ള ചിന്തയാണ് നാം കാണുന്നത്. മനുഷ്യകരങ്ങളുടെ ബലമല്ല, ദൈവമാണ് ഇസ്രായേലിന് സംരക്ഷണമായി നിന്നിരുന്നതെന്ന്, ഇസ്രയേലിനെ നയിക്കാനായി ദൈവം തന്നെ അനുവദിച്ച സോളമനറിയാം. ദൈവമാണ് തന്റെ ജനത്തെയും അവരുടെ നഗരങ്ങളെയും ശത്രുക്കളുടെ കരങ്ങളിൽനിന്ന് മാറ്റിനിറുത്തിയതും പൊതിഞ്ഞുപിടിച്ചതും. മനുഷ്യർക്ക് തങ്ങളുടെ ഓരോ പ്രയത്നത്തിലും, ഓരോ കുടുംബങ്ങളിലും ഈയൊരു ചിന്ത കൂടുതൽ ശക്തമായിരുന്നെങ്കിൽ!

മനുഷ്യപ്രയത്നങ്ങളുടെ നിസ്സാരതയും ദൈവവും

സങ്കീർത്തനത്തിന്റെ രണ്ടാം വാക്യം, ദൈവികപ്രവൃത്തികളുടെ പ്രാധാന്യമാണ് ഒരിക്കൽക്കൂടി എടുത്തുപറയുക, ഒപ്പം മനുഷ്യന്റെ എല്ലാ കഴിവുകളും ചേർന്നാലും ദൈവം അനുവദിക്കുന്നില്ലെങ്കിൽ എല്ലാ പ്രയത്നങ്ങളും വ്യർത്ഥമാകുമെന്ന ഒരു ചിന്തയും. വചനം ഇങ്ങനെയാണ്: "അതിരാവിലെ എഴുന്നേൽക്കുന്നതും, വളരെ വൈകി കിടക്കാൻ പോകുന്നതും കഠിന പ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും വ്യർഥമാണ്. തന്റെ പ്രിയപ്പെട്ടവർ ഉറങ്ങുമ്പോൾ കർത്താവ് അവർക്ക് വേണ്ടത് നൽകുന്നു". ഇവിടെ മനുഷ്യപ്രയത്നത്തെ വിലയില്ലാത്തതായി കാണിക്കാനല്ല, മറിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനം മുഴുവനും കൂടുതൽ ദൈവാശ്രയബോധത്തിലേക്ക് വളരുവാനും, അവരുടെ ഇല്ലായ്മകളുടെ രാവുകളിൽപ്പോലും, തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് എല്ലാം നല്കുന്നവനായി ദൈവത്തെ വർണ്ണിക്കാനുമാണ് സോളമൻ പരിശ്രമിക്കുന്നത്. ഭൗമികമായവയെ കെട്ടിപ്പടുക്കാനും, ലൗകികമായ കാര്യങ്ങൾക്ക് വേണ്ടി അധ്വാനിക്കാനും ശ്രമിക്കുന്ന മനുഷ്യർ, ദൈവത്തിൽ കൂടുതൽ ആശ്രയിക്കാനും, അങ്ങനെ ഉയർന്ന ഒരു ചിന്താഗതിയുള്ളവരാകുവാനുമുള്ള ഒരു വിളികൂടിയാണ് സങ്കീർത്തകൻ നൽകുന്നത്. സാമുവലിന്റെ രണ്ടാം പുസ്തകം പന്ത്രണ്ടാം അധ്യായം ഇരുപത്തിയഞ്ചാം വാക്യത്തിൽ കാണുന്ന യെദിദീയ എന്ന സോളമന്റെ പേരുമായി ബന്ധപ്പെടുത്തി, "തന്റെ പ്രിയപ്പെട്ടവർ" എന്ന പ്രയോഗത്തിൽ, സങ്കീർത്തകൻ തന്നെക്കുറിച്ച് തന്നെയാണ് ഇത് പറയുന്നതെന്ന് കരുതുന്ന ബൈബിൾ വ്യാഖ്യാതാക്കളുമുണ്ട്. അങ്ങനെ ചിന്തിക്കുമ്പോൾ, താൻ ഉറങ്ങുമ്പോഴും, തനിക്ക് വേണ്ട അനുഗ്രഹങ്ങൾ ദൈവം നൽകുന്നു എന്ന ഒരേറ്റുപറച്ചിലുകൂടിയാണ് സോളമൻ നടത്തുന്നത്.

ദൈവദാനമായ മക്കൾ

പല ജനവിഭാഗങ്ങളുടെയും ചിന്തകൾ പോലെ, യഹൂദപാരമ്പര്യപ്രകാരവും മക്കൾ ഒരു ദൈവാനുഗ്രഹമായാണ് കരുതപ്പെട്ടിരുന്നത്. മനുഷ്യന്റെ കഴിവുകളെക്കാളും അധ്വാനത്തെക്കാളും ദൈവത്തിന്റെ ദാനമാണ് ഒരു ഭവനമെങ്കിൽ, അതിൽ വസിക്കുന്ന കുടുംബവും ദൈവത്തിന്റെ അനുഗ്രഹത്തിന്റെ ഭാഗമാണ്. മൂന്നാം വാക്യം ഇതാണ് വ്യക്തമായി പറയുന്നത്: "കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും". എന്നാൽ രാജാക്കന്മാരുടെ ഒന്നാം പുസ്തകം പതിനൊന്നാം അധ്യായം മൂന്നാം വാക്യത്തിൽ കാണുന്നതുപോലെ നൂറുകണക്കിന് ഭാര്യമാരുണ്ടായിരുന്നിട്ടും ഈയൊരർത്ഥത്തിൽ സോളമൻ ഏറെയൊന്നും അനുഗ്രഹീതനായിരുന്നില്ല.

മക്കൾ ദൈവത്തിന്റെ ദാനമാണെങ്കിൽ, കൂടുതൽ മക്കൾ കൂടുതൽ ദൈവാനുഗ്രഹത്തിന്റെ അടയാളമായിരിക്കണം. നാലും അഞ്ചും വാക്യങ്ങൾ ഈയൊരു അർത്ഥമാണ് നൽകുന്നത്. "യൗവനത്തിൽ ജനിക്കുന്ന മക്കൾ യുദ്ധവീരന്റെ കൈയിലെ അസ്ത്രങ്ങൾ പോലെയാണ്. അവ കൊണ്ട് ആവനാഴി നിറയ്ക്കുന്നവൻ ഭാഗ്യവാൻ; നഗരകവാടത്തിങ്കൽവച്ച് ശത്രുക്കളെ നേരിടുമ്പോൾ അവന് ലജ്ജിക്കേണ്ടിവരുകയില്ല". ഇവിടെ ശത്രുക്കളെ നേരിടുമ്പോൾ എന്നതിന്, കായികമായി ശത്രുക്കളെ നേരിടുക എന്നതിനേക്കാൾ, നഗരകവാടത്തിൽവച്ച് നടത്തിയിരുന്ന വാഗ്വാദങ്ങളിൽ  ശത്രുക്കളെ നേരിടുന്നതിനെക്കുറിച്ചാണ് ഉദ്ദേശിക്കുന്നത്. നഗരകവാടം കച്ചവടത്തിന്റെയും നീതിനിർണയത്തിന്റെയും ഇടമായിരുന്നു. ഇതോടൊപ്പം മനസ്സിലാക്കേണ്ട ഒരു വസ്തുതകൂടിയുണ്ട്. ദൈവാനുഗ്രഹമായി ലഭിച്ച മക്കളെ ഒരുമിച്ചു നിറുത്തുന്നതും അവരുടെ ജീവിതങ്ങളെ നേർവഴിയിൽ നയിക്കുന്നതും, മക്കൾ യഥാർത്ഥത്തിൽ ഒരു അനുഗ്രഹമായി മാറുന്നതിന് അത്യന്താപേക്ഷിതമാണ്.

സങ്കീർത്തനം ജീവിതത്തിൽ

നൂറ്റിയിരുപത്തിയേഴാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, സങ്കീർത്തകൻ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ഓർമ്മിപ്പിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു ചിന്തയാണ്. എല്ലാം ദൈവദാനമാണ്. നാമായിരിക്കുന്നതിലും, നമുക്കുള്ളതിലും, സ്വന്തം കരബലത്തിനെക്കാൾ ദൈവത്തിനാണ് നന്ദി പറയേണ്ടത്. ഒപ്പം ഈയൊരു തിരിച്ചറിവിൽ, കൂടുതൽ ഉത്തരവാദിത്വമുള്ളവരായി ജീവിക്കുകയും വേണം. നാമും, നമുക്കുള്ളതും, നമ്മുടെ അധ്വാനവും, ചിന്തകളും, ഉറക്കവും, കുടുംബവും, ഒപ്പം നമുക്ക് പ്രിയപ്പെട്ടവരും എല്ലാം ദൈവത്തിന്റെ സംരക്ഷണത്തിന് കീഴിലെന്ന തിരിച്ചറിവിൽ ജീവിക്കണം. ജെറുസലേമിലേക്കെത്തുന്ന ഓരോ തീർത്ഥാടകനും ഈ സങ്കീർത്തനവാക്യങ്ങൾ ആലപിക്കുമ്പോൾ, ദൈവത്തിന്റെ നഗരത്തിലേക്കുള്ള തങ്ങളുടെ യാത്ര പോലും ദൈവത്തിന്റെ അനുഗ്രഹമാണ് എന്ന അറിവിൽ, കൂടുതൽ എളിമയോടെ അവന്റെ മഹത്വത്തെയും തന്റെ ജനത്തോടുള്ള അവന്റെ കരുതലിനെയും തങ്ങളുടെ വംശത്തോടുള്ള അവന്റെ വിശ്വസ്തതയെയും തിരിച്ചറിയുകയാണ്. ഈ സങ്കീർത്തനവിചാരങ്ങളിലൂടെ കടന്നുപോകുമ്പോൾ, സമർപ്പണത്തിന്റെയും, നന്ദിയുടെയും ചിന്തകൾ നമ്മുടെ മനസ്സിൽ കാത്തുസൂക്ഷിക്കാം. സ്വർഗ്ഗീയജെറുസലേമിലേക്കുള്ള ഈ ഭൂമിയിലെ നമ്മുടെ തീർത്ഥയാത്രയും, ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതമാണെന്ന ബോധ്യത്തിൽ നമുക്കും ജീവിക്കാം. നമ്മുടേതും ദൈവം പണിത ഭവനങ്ങളായിരിക്കട്ടെ. സങ്കീർത്തകനെപ്പോലെ, നാമും ദൈവത്തിന് പ്രിയപ്പെട്ടവരായിരിക്കട്ടെ. നമ്മിലും ദൈവം കനിവായി അവന്റെ അനുഗ്രഹങ്ങളാൽ നമ്മെ നിറയ്ക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 April 2022, 16:53