തിരയുക

ശിഷ്യ പാദങ്ങൾ കഴുകുന്ന യേശു. ശിഷ്യ പാദങ്ങൾ കഴുകുന്ന യേശു.  

സ്പർദ്ധയല്ല സ്നേഹമാണ് പെസഹാ

പെസഹാ രാത്രിയിൽ ക്രിസ്തു കേട്ട പടയാളികളുടെ അതേ ശബ്ദാരവങ്ങൾ ഇന്ന് യുദ്ധ ഭൂമിയിൽ നിന്ന് നാം കേൾക്കുന്നു. ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ ഇവരിലെല്ലാം വീണ്ടും വീണ്ടും യേശു ക്രൂശിക്കപ്പെടുന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ശബ്ദരേഖ

ഒരമ്മ കുഞ്ഞിനെ ഒരുക്കി വിദ്യാലയത്തിലേക്ക് വിദ്യ അഭ്യസിക്കാൻ പറഞ്ഞു വിടുന്നത് പോലെ തിരുസഭാ മാതാവ് തന്റെ മക്കളുടെ നെറ്റിയിൽ ചാരം കൊണ്ട് കുരിശ് വരച്ച് തപസ്സിന്റെ പവിത്രതയിലേക്ക് പറഞ്ഞു വിടുന്നു. അവിടെ ഓരോരുത്തരും അഭ്യസിക്കേണ്ട പാഠം അവളുടെ തന്നെ ശിരസ്സായ ക്രിസ്തുവിന്റെ പീഡാസഹന, മരണ, ഉത്ഥാനങ്ങളിലൂടെ കൈവരുന്ന രക്ഷാകര കർമ്മത്തെക്കുറിച്ചാണ്. അങ്ങനെ തപസ്സിന്റെ നാൽപത് ദിവസങ്ങളിലൂടെ കടന്നു പോകുന്ന ഓരോ വ്യക്തിയും ക്രിസ്തുവിന്റെ പെസഹാ രാത്രിയിലൂടെ യാത്ര ചെയ്തു കൊണ്ട് മാത്രമേ രക്ഷാകര വിശുദ്ധിയുടെ ഉത്ഥാനത്തിലേക്ക് പ്രവേശിക്കൂ എന്ന് ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണ് പെസഹാ  വ്യാഴം. അന്നാണ് ക്രിസ്തു, താലത്തിൽ വെള്ളമെടുത്ത്, വെൺ കച്ചയും അരയിൽ ചുറ്റി ശിഷ്യ പാദങ്ങൾ കഴുകി,  ഇതെന്റെ ശരീരമാണ് ഇതെന്റെ രക്തമാണ് എന്ന് പറഞ്ഞ് സ്വന്തം ശരീര രക്തങ്ങളെ ദിവ്യകാരുണ്യമായി നൽകുകയും ചെയ്തു കൊണ്ട് ശുശ്രൂഷയുടെ പൗരോഹിത്യവും പൗരോഹിത്യത്തിലെ ശുശ്രൂഷയും തമ്മിൽ ബന്ധിപ്പിക്കുകയും സ്നേഹകൽപനയുടെ പുതിയനിയമ പൗരോഹിത്യം സ്ഥാപിക്കുകയും ചെയ്തത്.

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും, ഒറ്റികൊടുക്കലിന്റെയും, ഒറ്റയാക്കപ്പെട്ടതിന്റയും, വിട്ടുകൊടുക്കലിന്റെയും,  അവഹേളനത്തിന്റെയും ഓർമ്മകൾ ഉണർത്തുന്ന ഒരു രാത്രിയാണ് പെസഹാ രാത്രി.

അന്ത്യത്താഴം
അന്ത്യത്താഴം

പെസഹാ

പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നു പോക്ക് എന്നാണ്. ദൈവം ഇസ്രായേൽ ജനത്തിന്റെ നിലവിളിക്ക് ഉത്തരം നൽകി കൊണ്ട് കടന്നു പോയ മഹാ സംഭവത്തെ അത് അനുസ്മരിപ്പിക്കുന്നു.

പഴയ നിയമത്തിൽ പെസഹാക്കുഞ്ഞാടിന്റെ രക്തം കട്ടിള കാലുകളിലും മേൽ പടിയിലും പുരട്ടാൻ ദൈവം ആവശ്യപ്പെടുകയും ആ രക്തം രക്ഷയുടെ അടയാളമായിത്തീരുകയും ചെയ്യുന്നു.

പുതിയ നിയമത്തിൽ പെസഹാ കുഞ്ഞാടാകുന്നത് ദൈവപുത്രനായ യേശു തന്നെയാണ്.  ക്രിസ്തുവിന്റെ രക്തമാണ് രക്ഷയുടെ അടയാളമായി ചൊരിയപ്പെടുന്നത്. ഇവിടെ പെസഹാ ആചരണത്തെ വെറും ഒരു കടന്നു പോക്കായി മാത്രം കണക്കാക്കാൻ കഴിയില്ല. അത് പങ്കുവയ്പിന്റെ ഒരു മഹോൽസവമാണ്. പങ്കുവയ്പിലൂടെ സകലത്തിനെയും ജീവനിലേക്കു വിളിക്കുന്ന ദിവ്യകാരുണ്യത്തിന്റെ മഹോൽസവ ദിനമാണ്.

ക്രിസ്തു ജീവന്റെ അപ്പമായും നിണമായും തന്നെ തന്നെ പങ്കുവെക്കുന്നു. ഈ പങ്കുവയ്ക്കലിലാണ് ദിവ്യകാരുണ്യം സ്ഥാപിതമായത്.  ആ ദിവ്യകാരുണ്യം വീണ്ടും വീണ്ടും സജീവമായ പങ്കുവയ്ക്കലാക്കുവാൻ പൗരോഹിത്യം സ്ഥാപിതമായ ദിവസം കൂടിയാണിന്ന്.

പെസഹാ വ്യാഴത്തിൽ അങ്ങനെ നമ്മൾ രണ്ടു തരം ഉൽസവം കൊണ്ടാടുന്നു. പഴയ നിയമത്തിൽ നിന്ന് പുതിയതിലേക്കുള്ള കടന്നു പോക്കിൽ ദൈവം ദിവ്യകാരുണ്യമായി നമ്മുടെയിടയിൽ സജീവമായി വസിക്കുന്നു എന്നതാണ് ഒന്ന്. ആ വാസം ദൈനംദിന കരുണാനുഭവമായി പാപത്തിൽ നിന്നും അതിന്റെ ശിക്ഷയായ മരണത്തിൽ നിന്നും നമ്മെ കടത്തിക്കൊണ്ടു പോകുന്ന രക്ഷാകര പെസഹാ നമ്മിൽ പൂർത്തീകരിക്കുന്നു എന്നതാണ് മറ്റേത്.

ഫ്രാൻസിസ് പാപ്പാ വെല്ലെത്രി-ജയിലിൽ കഴിയുന്നവരുടെ പാദം കഴുകുന്നു
ഫ്രാൻസിസ് പാപ്പാ വെല്ലെത്രി-ജയിലിൽ കഴിയുന്നവരുടെ പാദം കഴുകുന്നു

പെസഹാ : രക്ഷയുടെ അനുഭവം

ഇന്ന് ലോകം കടന്നു പോകുന്ന ആയുധ കച്ചവടം, യുദ്ധം, ദാരിദ്ര്യം, അസമത്വം, അനീതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധിയായ ദുരിതങ്ങളുടെ നടുവിലൂടെയുള്ള രക്ഷാകര പാത തെളിക്കുന്ന ഒരു യാത്രയ്ക്കുള്ള ക്ഷണമുണ്ട് ഈ പെസഹാദിനങ്ങളിൽ. ഇവിടെയാണ്  ക്രിസ്തു സ്വയം അർപ്പിച്ച യാഗത്തിന്റെയും അവൻ സ്ഥാപിച്ച പൗരോഹിത്യത്തിന്റെയും പ്രസക്തി.

ഇസ്രായേൽ ജനം ഈജിപ്തിന്റെ അടിമത്തത്തിൽ കഴിഞ്ഞിരുന്ന കാലത്ത് ഇസ്രായേലിലെ പുരുഷന്മാർ അടിമകളാക്കപ്പെടുകയും സ്ത്രീകളും കുട്ടികളും പട്ടിണിയും പീഡനവും സഹിച്ച് നിലവിളിക്കുകയും ചെയ്തു. കാലമേറെ കഴിഞ്ഞിട്ടും പിടിച്ചടക്കലും അടിച്ചമർത്തലും അടിമയാക്കലും ഇന്നും ആവർത്തിക്കപ്പെടുന്നു. രക്ഷ കാത്തു കിടക്കുന്ന ജനവിഭാഗങ്ങൾ നിരവധിയാണ്.  ഇന്നും  ജനം പരസ്പരം ഭീകരമായി പോരാടുന്നു. ഭീകരായുധങ്ങളുടെ ആക്രമണങ്ങളിൽ തകർന്നു വീഴുന്ന സ്വപ്ന സൗദ്ധങ്ങളിൽ നിന്നുയരുന്ന കറുത്ത പുകപടലങ്ങളുടെ ഗന്ധം ശ്വസിച്ച്, ബോംബിന്റെ ശബ്ദം കേട്ടുണരുന്ന കുഞ്ഞുങ്ങൾ! അവർക്ക് നഷ്ടമായത് അമ്മയുടെ താരാട്ടുകളാണ്.  കുടുംബത്തിന്റെ കൂട് വിട്ട് സൈന്യത്തിന്റെ പാളയത്തിലേക്ക് ചെല്ലേണ്ടി വരുന്ന പുരുഷന്മാർ. സ്വന്തം മക്കളുടെ മുന്നിൽ പീഡിപ്പിക്കപ്പെടുന്ന അമ്മമാർ, കൺമുന്നിൽ കത്തിയെരിയുന്ന അമ്മയെ രക്ഷിക്കാനാവാതെ എരിഞ്ഞ് തീർന്ന ചാര കൂമ്പാരത്തെ നോക്കി വിലപിക്കുന്ന മക്കൾ, യുദ്ധഭൂമിയിൽ പിറന്നു വീഴുന്ന നവജാതശിശുക്കൾ, ബാല്യം നഷ്ടപ്പെട്ട കുട്ടികളും, കൗമാരക്കാരും, യുദ്ധം കവർന്നെടുത്ത യൗവനവും, സമാധാനം ചാരമാക്കിയ വാർദ്ധക്യവും ഇങ്ങനെ മനുഷ്യർ പെസഹാ രാത്രിയിൽ ക്രിസ്തു കേട്ട പടയാളികളുടെ അതേ ശബ്ദാരവങ്ങൾ കേൾക്കുന്നു. ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ   ഇവരിലെല്ലാം വീണ്ടും വീണ്ടും യേശു ക്രൂശിക്കപ്പെടുന്നു.

ഭീകരായുധങ്ങളുടെ ആക്രമണങ്ങളിൽ തകർന്നു വീഴുന്ന സ്വപ്നങ്ങളുടെ കരങ്ങൾ
ഭീകരായുധങ്ങളുടെ ആക്രമണങ്ങളിൽ തകർന്നു വീഴുന്ന സ്വപ്നങ്ങളുടെ കരങ്ങൾ

യുദ്ധത്തിന്റെ ഭീകരത ഇങ്ങനെ നിൽക്കുമ്പോൾ  ദാരിദ്ര്യം വിഴുങ്ങുന്ന നിരവധി മുഖങ്ങൾ നാം എങ്ങനെ തള്ളിക്കളയും.  ഏപ്രിൽ പന്ത്രണ്ടാം തിയതി ഫോബ്സ് മാഗസിൻ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ടു. കോടികളുടെ ആസ്ഥിയുള്ളവരുടെ പട്ടിക ഒരു വശത്ത് നിൽക്കുമ്പോൾ  മറ്റൊരു വശത്ത് ദരിദ്രരുടെ പട്ടിക അതിലും ഉയർന്നു നിൽക്കുന്നു. എല്ലാവർക്കുമായി നൽകിയതിനെ അന്യായമായി ചുരുക്കം ചിലർ കൈവശമാക്കുമ്പോൾ പട്ടിണിയിൽ വലയുന്നവരിലും ക്രൂശിക്കപ്പെടുന്നത് യേശു തന്നെയല്ലേ !

ഇനി മറ്റൊരു യഥാർത്ഥ്യത്തെ കൂടി കാണാൻ ലോകം നമ്മെ ക്ഷണിക്കുന്നു. നമ്മുടെ പൊതു ഭവനത്തിന്റെ ദയനീയ രോദനമാണത്. മനുഷ്യനെ കൊള്ളയടിച്ച് കീശ വീർപ്പിക്കുന്നവർ  ഈ പ്രകൃതിയെയും വെറുതെ വിടുന്നില്ല. ദുരന്തങ്ങളുടെ നീണ്ട നിരകൾ ഉയർത്തി പ്രകൃതി തന്റെ നിലവിളി കേൾക്കാൻ മുട്ടുമടക്കുന്നു. ഇങ്ങനെ നിരവധി ദുരന്തങ്ങളുടെ ഉള്ളിൽ നിന്നാണ് ഈ പെസഹാ വ്യാഴം നമുക്കാചരിക്കാൻ അവസരം വന്നിരിക്കുന്നത്. നമ്മുടെ പൗരോഹിത്യത്തിന്റെയും ബലിയർപ്പണങ്ങളുടേയും വഴികൾ ഇവയിലൂടെ കടന്നു പോയില്ലെങ്കിൽ പിന്നെ എന്താണ് പെസഹാ? തിന്മകൾ സ്ഥാപനവൽക്കരിക്കപ്പെടുന്ന ഈ കാലത്ത് നന്മയുടേയും കരുണാദ്ര സ്നേഹത്തിന്റെയും സ്വയം സമർപ്പണത്തിന്റെയും ബലിയുടെ സ്ഥാപനവൽക്കരണമാണ് പെസഹാ വ്യാഴത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്.

മനുഷ്യരുടെ കഴിഞ്ഞ് പോയ ദുരിതങ്ങൾക്കും വരാനിരിക്കുന്ന ദുരിതങ്ങൾക്കും പരിഹാരമായാണ് ക്രിസ്തു ബലിയർപ്പിച്ചത്. ക്രിസ്തു ബലി വസ്തുവും ബലിയർപ്പകനുമായിരുന്നു. ഈ ബലിയിൽ പങ്കുചേരാൻ വിളിക്കപ്പെട്ട ഓരോ  ക്രൈസ്തവനും ഓർമ്മിക്കേണ്ട ഒന്നാണ് നാം ഓരോരുത്തരും ബലി വസ്തുവും ബലിയർപ്പകരുമാണെന്ന്.

മാമോദീസയിൽ ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ പങ്കുചേരുന്നു. എങ്കിലും ശുശ്രൂഷാ പൗരോഹിത്യത്തിന് വിളിക്കപ്പെട്ടവർക്ക് അവരുടെ പ്രത്യേക ദൗത്യത്തിന് ഇന്ന് ആശംസകൾ അർപ്പിക്കുമ്പോൾ നമുക്കും ഓർമ്മിക്കാം ഓരോ ക്രൈസ്തവനിലും ഒരു ബലിയർപ്പകനുണ്ട് എന്ന്. പുരോഹിതർക്കായി നമുക്ക് പ്രത്യേകം  പ്രാർത്ഥിക്കാം.

അൾത്താരയിൽ അർപ്പിക്കുന്ന ഓരോ ബലിയും ജീവിതത്തിന്റെ പ്രായോഗികതലത്തിൽ പ്രാവർത്തികമാക്കാതെ അതിന്റെ പൂർണ്ണത വരുന്നില്ല എന്നാണ് യേശു കാണിച്ചു തന്നത്. അതിനാൽ ഓരോരുത്തരും തന്റെ പൗരോഹിത്യം ജീവിത ദൗത്യത്തിലൂടെ തുടരേണ്ടവരാണ്. അതിനാൽ പൗരോഹിത്യ സ്ഥാപനത്തിന്റെ ദിനമായി സഭ പഠിപ്പിക്കുന്ന ഈ പെസഹാ വ്യാഴം എല്ലാവരേയും അൾത്താരയിൽ നിന്ന് ജീവിതത്തിന്റെ താഴ്‌വാരങ്ങളിലുള്ള ബലിയർപ്പണത്തിന് നിർബ്ബന്ധിക്കുന്നു.  

സ്പർദ്ധയല്ല സ്നേഹമാണ് പെസഹാ

പെസഹാ വ്യാഴം നമ്മെ ഓർമ്മിപ്പിക്കുന്നത് സ്പർദ്ധയല്ല സ്നേഹമാണ്. വെട്ടിമുറിക്കലല്ല. മുറിഞ്ഞ് പങ്കിടലാണ്. അതിനാൽ മതത്തിന്റെ പേരിലായാലും, വിശ്വാസങ്ങളുടെ പേരിലായാലും,ആചാരത്തിന്റെ പേരിലായാലും സഹോദരനെതിരേ സഹോദരൻ ഉയർത്തുന്ന ആരോപണങ്ങളും നീക്കങ്ങളും ആബേലിനു നേരെ ഉയർത്തിയ കായേന്റെ കല്ലുകളാണ്.  നിന്റെ ദ്രോഹ മേറ്റ് മണ്ണിൽ വീണ സഹോദരൻന്റെ  രക്തകണങ്ങൾ നിന്നോടു കേഴും നിന്റെ സഹോദരനെവിടെ എന്ന്. തനിച്ച് രക്ഷപ്പെടാൻ ആർക്കും ആവില്ലായെന്നും നാം എല്ലാവരും ഒരേ വഞ്ചിയിലാണെന്നും ഒരു ബലിയും തനിച്ചുള്ള രക്ഷയെകുറിച്ചല്ല മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും പിതാവായ ദൈവത്തിന്റെ മക്കളെന്ന നിലയിലുള്ള സാർവ്വത്രീകസാഹോദര്യത്തെക്കുറിച്ചാണെന്നും മനസ്സിലാക്കി തരുകയാണ് പെസഹാ വ്യാഴം. അവിടെ ഒറ്റുകാരനും, തള്ളി പറയുന്നവനും, ഇട്ടോടുന്നവരും ഒരുമിച്ചു പങ്കിടുന്ന രക്ഷയാണ് ദിവ്യകാരുണ്യം.

അപ്പവും, വീഞ്ഞും
അപ്പവും, വീഞ്ഞും

പെസഹാ : എല്ലാത്തരം അടിമത്വത്തിൽ നിന്നും യേശു നയിക്കുന്ന ഒരു വിമോചനയാത്ര

പഴയ നിയമത്തിൽ പെസഹാ ഒരു കടന്നുപോക്കിന്റെ ഓർമ്മ കൊണ്ടാടലാണ്. അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു പോക്കിന്റെ ഓർമ്മ. 40 വർഷത്തോളമെടുത്ത ഒരു നീണ്ട യാത്രയുണ്ട് അതിനു പിന്നിൽ. ക്രൈസ്തവ ജീവിതത്തിൽ നടത്തേണ്ട ഒരു നീണ്ട രക്ഷാകര യാത്രയുടെ വഴിയായിരിക്കണം അത് നമ്മെ ഓർമ്മിപ്പിക്കേണ്ടത്. അതിൽ നമ്മുടെ അനുദിന ജീവിതത്തിന്റെ വിജയവും പരാജയങ്ങളുമുണ്ട്. മുന്നേറ്റങ്ങളും തളർന്നുവീഴലുകളുമുണ്ട്.

ഗുരുവായ യേശു തന്റെ പ്രസംഗപീഠത്തിൽ  നിന്നുള്ള പ്രഭാഷണത്തേക്കാൾ പ്രവർത്തിയിലൂടെയുള്ള പാഠം പരിചയപ്പെടുത്തുകയായിരുന്നു പാദ ക്ഷാളണത്തിൽ. മോശയും ഏലിയായും വണങ്ങി നിന്ന് ശ്രവിച്ച ഗുരുവിന്റെ ഈ വിചിത്രമായ പാഠം പത്രോസിനെ വല്ലാതെ വിഷമിപ്പിച്ചു. കസേരയിൽ നിന്നുള്ള ഈ ഇറക്കം പ്രതിഫലിപ്പിക്കുന്ന അപകട സാധ്യതകൾ ഒരു പക്ഷേ പത്രോസിന് പിടികിട്ടിയിരുന്നില്ല എന്നിരിക്കിലും ഗുരു തന്റെ പാദം കഴുകുന്നത് അനുവദിക്കാൻ പത്രോസ് മടിച്ചു. തന്നെ പങ്കെടുപ്പിക്കാത്ത ഒരു തലവും ശിഷ്യന്റെ ജീവിതത്തിലുണ്ടാവരുതെന്ന് ഗുരുവിന്റെ മനസ്സിലുണ്ടായിരുന്നു. ശിഷ്യന്റെ എല്ലാ തലങ്ങളിലുമുള്ള രക്ഷ ഗുരുവിന്റെ ദൗത്യവും, ഗുരുവിനോടുള്ള തുറവ് ശിഷ്യത്വത്തിന്റെ ധർമ്മവുമാകുന്നു. ഒരു ശിഷ്യന്റെ രക്ഷ ഉറപ്പാക്കാൻ, അപകടമേഖലകളെ തിരിച്ചറിയാൻ മുന്നറിയിപ്പ് നൽകുന്ന ഗുരുവിനെയും കാണാം. നീ സൂക്ഷിക്കേണ്ട തലങ്ങളുണ്ടെന്ന് പത്രോസിനോടും,കൂദാശ ചെയ്ത അപ്പവും വീഞ്ഞും വിളമ്പി ഒറ്റ്കാരനാകാനിരുന്ന യൂദാസിനോടും പറഞ്ഞും പ്രവർത്തിച്ചും  യേശു കാണിച്ചത്  ഇനിയും വൈകിയിട്ടില്ല, രക്ഷപെടാൻ സമയമുണ്ടെന്ന മുന്നറിയിപ്പുകൾ ആയിരുന്നു.

വീഴാതെ കാക്കാനും വീണാൽ താങ്ങാനും വീണിടത്ത് നിന്ന് പിടിച്ചെഴുന്നേൽപ്പിക്കാനും യേശു സ്ഥാപിച്ച പൗരോഹിത്യത്തിന്റെ മഹത്വ തലങ്ങളിണിതെല്ലാം. ഇതിൽ പങ്കു ചേരുന്ന ക്രൈസ്തവനും പ്രത്യേക ദൗത്യം ഏറ്റെടുത്ത പുരോഹിതനും വിളിക്കപ്പെട്ട പ്രേഷിതത്വം ഇതാണ്. നമുക്ക് പ്രാർത്ഥിക്കാം, ഒരുമിച്ചിരിക്കാം, പങ്കു വയ്ക്കാം, ബലിയർപ്പിക്കാം ബലി വസ്തുവും ബലിയർപ്പകരുമാവാം. നല്ല പെസഹാദിനങ്ങൾ! ഉയിർപ്പിലേക്കുള്ള വഴിയാത്രകൾ!

അപ്പത്തിൽ മുറിക്കപ്പെട്ട ക്രിസ്തു
അപ്പത്തിൽ മുറിക്കപ്പെട്ട ക്രിസ്തു

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 April 2022, 11:40