ദൈവമാതാവിന്റെ വ്യാകുല പ്രലാപം - 5
എഫ്. ആന്‍റണി പുത്തൂര്‍, ചാത്യാത്ത്
പരിശുദ്ധ മറിയത്തിന്‍റെ അഞ്ചാമത് വ്യാകുലമായി സഭാപാരമ്പര്യം സാക്ഷിക്കുന്നത് യോഹന്നാന്‍റെ സുവിശേഷം 19- ആം അദ്ധ്യായം 17 മുതല്‍ 30 വരെയുള്ള വാക്യങ്ങളാണ്. അതായത് യേശുവിന്‍റെ കുരിശാരോഹണവും മരണവും ആണ് ആ അമ്മയുടെ അഞ്ചാമത് വ്യാകുലം.
ഒരു വര്‍ഷവും രണ്ടു മാസവും പത്തുദിവസവും നീണ്ടുനിന്ന ദുരിതപൂര്‍ണ്ണമായ യാത്രയ്ക്കൊടുവില്‍ 1700 ഡിസംബര്‍ 13-ന് ഗുജറാത്തിന്‍റെ പടിഞ്ഞാറെ തീരത്തുള്ള സൂററ്റില്‍ കപ്പലിറങ്ങുമ്പോള്‍ ആ നാല്‍വര്‍ സംഘത്തില്‍ ബാക്കിയായത് യൊഹാന്നസ് ഏണസ്തൂസ് ഫോണ്‍ ഹാങ്സ്ലേഡന്‍ എന്ന അര്‍ണോസും ഷില്ലിംഗറും മാത്രമായിരുന്നു. ഗരുഭൂതര്‍ നഷ്ടപ്പെട്ട ഇവര്‍ സൂററ്റിലെ ജസ്വിറ്റ് ഹൗസില്‍ ഏതാനും നാള്‍ വിശ്രമിച്ചതിനുശേഷം അവിടെനിന്നും പുറപ്പെട്ട് 1701 ജനുവരി ആദ്യം ഗോവ തുറമുഖത്തെത്തി. ഗോവയില്‍ സെന്‍റ് പോള്‍സ് കോളേജില്‍ അല്പകാലം പ്രാര്‍ത്ഥനയിലും പഠനത്തിലും കഴിച്ചുകൂട്ടിയ അര്‍ണോസ് 1701 നവംബറില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു. നവംബര്‍ അവസാനം കൊച്ചിയിലെത്തിയ അര്‍ണോസ്, ചാത്യാത്ത് പള്ളി സ്ഥാപകനും വികാരിയും കര്‍മ്മലീത്താ മിഷനറിയുമായിരുന്ന മത്തേവൂസ് ആ സാങ്ത ജോസഫ് എന്ന മത്തേവൂസ് പാതിരിക്കുവേണ്ടി ഈശോസഭ ജനറല്‍ കൊടുത്തുവിട്ടിരുന്ന കത്ത് ഏല്പിക്കുന്നതിനായി ചാത്യാത്ത് എത്തി. ലോകോത്തര സസ്യശാസ്ത്ര ഗ്രന്ഥാവലിയായ 'ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസി'ന്‍റെ രചയിതാവായ മത്തേവൂസ് പാതിരി 1699 ഡിസംബര്‍ 30-ന് ഈ ലോകത്തോട് വിടചൊല്ലി എന്ന വിവരം അറിഞ്ഞ അര്‍ണോസ് ആ കത്ത് ഏല്പിക്കുവാനാകാതെ അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന വരാപ്പുഴ പള്ളിയിലെത്തി അല്പനേരം പ്രാര്‍ത്ഥനാനിര്‍ഭരനായി ആ കല്ലറയ്ക്കുമുന്നില്‍ ചിലവഴിച്ചശേഷം അമ്പഴക്കാട് ഈശോസഭാ സെമിനാരിയിലേക്ക് പോയി. അവിടെ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ അര്‍ണോസ് 1706-ല്‍ കൊടുങ്ങല്ലൂര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന ജോണ്‍ റിബേരോ പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. ഈ ചരിത്രത്തിന്‍റെ അടുത്തഭാഗം അടുത്തതില്‍ നമുക്ക് പരിചിന്തനം ചെയ്യാം.
നമുക്കിനി അര്‍ണോസ് പാതിരിയുടെ 'ഉമ്മാടെ ദുഃഖം' എന്ന വിലാപകാവ്യത്തിന്‍റെ 49 മുതല്‍ 60 വരെയുള്ള ഈരടികളിലേക്കു കടക്കാം.
'ചോരയാല്‍ നിന്‍ ശരീരത്തില്‍ പറ്റിയ കുപ്പായമപ്പോള്‍
ക്രൂരമോടെ വലിച്ചവര്‍ പറിച്ചോ പുത്ര!
ആദമെന്ന പിതാവിന്‍റെ തലമേല്‍ വന്മരം തന്നില്‍
ആദിനാഥ! കുരിശില്‍ നീ തൂങ്ങിയോ പുത്ര!
ആണിയിന്മേല്‍ തൂങ്ങി നിന്‍റെ ഞരമ്പെല്ലാം വലിയുന്നു
പ്രാണവേദനാസകലം സഹിച്ചോ പുത്ര!
ആണികൊണ്ടു നിന്‍റെ ദേഹം തുളച്ചതില്‍ കഷ്ടമയ്യോ!
നാണക്കേടു പറഞ്ഞതിന്നളവോ പുത്ര!'
അതായത് നിന്‍റെ ശരീരത്തില്‍ ചോരയോടുകൂടി പറ്റിച്ചേര്‍ന്ന വസ്ത്രത്തെ അവര്‍ ക്രൂരതയോടെ വലിച്ചുപറിച്ചില്ലേ? ആദമെന്ന ആദിപിതാവിന്‍റെ തലയാകുന്ന വന്മരത്തിന്മേല്‍ പ്രതീകാത്മകമായി നിന്നെയവര്‍ നിര്‍ദ്ദയം കുരിശില്‍ തറച്ചില്ലേ?
ആണിയിന്മേല്‍ തൂങ്ങി നിന്‍റെ ഞരമ്പെല്ലാം വലിഞ്ഞുമുറുകി വേദന കൊണ്ട് വലഞ്ഞില്ലേ മകനേ! തന്നേയുമല്ല അവര്‍ എന്തെല്ലാം നാണക്കേടുകളാണ് വിളിച്ചുപറഞ്ഞത്? തുടര്‍ന്ന്,
'വൈരികള്‍ക്കു മാനസത്തിലെന്മകനെക്കുറിച്ചയ്യോ!
ഒരു ദയവൊരിക്കലുമില്ലയോ പുത്ര!
അരിയ കേസരികളെ നിങ്ങള്‍ പോയ ഞായറിലെന്‍
തിരുമകന്‍ മുമ്പില്‍ വന്നാചരിച്ചു പുത്ര!
അരികത്തുനിന്നു നിങ്ങള്‍ സ്തുതിച്ചോശാനയും ചൊല്ലി
പരിചില്‍ കൊണ്ടാടിയാരാധിച്ചുമേ പുത്ര!
അതില്‍പ്പിന്നെയെന്തുകുറ്റം ചെയ്തതെന്‍റെ പുത്രനയ്യോ!
അതിക്രമം ചെയ്തുകൊള്‍വാനെന്തിതു പുത്ര!'
ശത്രുക്കളോടുപോലും ഇങ്ങനെയുള്ള ക്രൂരത ആരും ചെയ്യുവാന്‍ പാടില്ലാത്തതാണല്ലോ! അവരുടെ മനസ്സില്‍ നിന്നെക്കുറിച്ച് ഒരു അനുതാപവും തോന്നിയില്ലല്ലോ മകനേ! കഴിഞ്ഞ ഞായറാഴ്ച അരികത്തുനിന്ന് നിന്നെ സ്തുതിച്ച് ഓശാന ചൊല്ലിയവര്‍ ഒക്കെയും പിന്നെ നിന്നെ പരിഹസിച്ചില്ലേ മകനേ? ഇത്രയേറെ അതിക്രമങ്ങള്‍ നിന്നോടു ചെയ്യുവാന്‍ നീ എന്തു തെറ്റാണ് അവരോട് ചെയ്തത്? മാത്രമല്ല,
'ഓമനയേറുന്ന നിന്‍റെ തിരുമുഖഭംഗികണ്ടാല്‍
ഈ മഹാപാപികള്‍ക്കിതു തോന്നുമോ പുത്ര!
ഉണ്ണി നിന്‍റെ തിരുമുഖം തിരുമേനി ഭംഗികണ്ടാല്‍
കണ്ണിനാനന്ദവും ഭാഗ്യസുഖമേ പുത്ര!
കണ്ണിനാനന്ദകരനാമുണ്ണി നിന്‍റെ തിരുമേനി
മണ്ണുവെട്ടിക്കിളയ്ക്കുംപോല്‍ മുറിച്ചോ പുത്ര!
കണ്ണുപോയ കൂട്ടമയ്യോ! ദണ്ഡമേറ്റം ചെയ്തുചെയ്തു
പുണ്ണുപോലെ നിന്‍റെ ദേഹം ചമച്ചോ പുത്ര!'
നിന്‍റെ സുന്ദരമായ മുഖത്തുനോക്കി എങ്ങിനെയവര്‍ക്കിത്ര ക്രൂരതകള്‍ കാണിക്കുവാന്‍ കഴിഞ്ഞുമകനേ? നിന്‍റെ മുഖം എത്ര ആനന്ദമാണ് എനിക്ക് പകര്‍ന്നുനല്‍കിയത്? എന്‍റെ കണ്ണിന് സന്തോഷം പകര്‍ന്ന നിന്‍റെ തിരുശരീരത്തെ മണ്ണുവെട്ടിക്കിളക്കുന്നതുപോലെ അവര്‍ വെട്ടിമുറിച്ചല്ലോ? തിന്മയാല്‍ അന്ധരായ അവര്‍ എത്ര ക്രൂരമായിട്ടാണ് നിന്‍റെ ദേഹത്തെ തകര്‍ത്തുകളഞ്ഞത്? എന്നിങ്ങനെ ആ അമ്മ വിലപിക്കുകയാണിവിടെ.
പ്രിയരെ ദൈവമാതാവിന്‍റെ വ്യാകുലപ്രലാപത്തിലെ 61 മുതല്‍ 72 വരെയുള്ള ഈരടികള്‍ അടുത്തദിവസം നമുക്കു വിചിന്തനം ചെയ്യാം. നന്ദി... നമസ്കാരം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: