തിരയുക

ഇറാക്കിലെ ബാഗ്ദാദിൽ കഴിഞ്ഞ വർഷം ബോംബുസ്ഫോടനം നടന്ന സ്ഥലം ഇറാക്കിലെ ബാഗ്ദാദിൽ കഴിഞ്ഞ വർഷം ബോംബുസ്ഫോടനം നടന്ന സ്ഥലം 

ഇറാക്കിൽ സ്ഫോടനങ്ങളിൽ 519 കുട്ടികൾ ഇരകളായി

ഇറാക്കിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ 519 കുട്ടികൾ സ്ഫോടനങ്ങളുടെ ഇരകളായെന്ന് യൂണിസെഫും (UNICEF), മൈൻ ആക്ഷൻ സർവീസും (UNMAS).

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ നടന്ന വിവിധ സ്‌ഫോടനങ്ങളിൽ ഇറാക്കിൽ മാത്രം 519 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കപ്പെടുകയോ ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫും (UNICEF), മൈനുകളും മറ്റ് സ്‌ഫോടകവസ്തുക്കളും മൂലമുള്ള അപകടങ്ങൾ കുറയ്ക്കുവാനായി പ്രവർത്തിക്കുന്ന, ഐക്യരാഷ്ട്രസഭയിലെ തന്നെ ഘടകമായ മൈൻ ആക്ഷൻ സർവീസും (UNMAS) അറിയിച്ചു.

മൃഗങ്ങളെ മേയ്ക്കുവാനും ആക്രി പെറുക്കുവാനും നിയോഗിക്കപ്പെടുന്ന കുട്ടികളാണ് അപകടത്തിൽപ്പെടുന്നവരിലധികവും. ഇവരിൽ എൺപതു ശതമാനവും ആൺകുട്ടികളാണ്.

വിവിധയിടങ്ങളിൽ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം ഉള്ളതിനാൽ, നിലവിലെ സ്ഥിതിയിൽ, ഇറാഖിൽ, പ്രത്യേകിച്ച്, സാധാരണ ആളുകൾ താമസിക്കുന്ന ഗ്രാമപ്രദേശങ്ങളിൽ, സുസ്ഥിരവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നത് എളുപ്പമല്ല. കഴിഞ്ഞ വർഷങ്ങളിൽ ഇറാക്കിൽ തുറന്ന യുദ്ധങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, മുൻ സംഘർഷങ്ങളിൽ ഉപയോഗിക്കപ്പെട്ട സ്ഫോടകായുധങ്ങൾ വരും വർഷങ്ങളിലും ഭീഷണിയായി തുടരും. യുദ്ധാവശിഷ്ടങ്ങളായി കണക്കാക്കപ്പെടുന്ന, പൊട്ടാത്തതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ ബോംബുകൾ, പ്രത്യേകിച്ച് കുഴിബോംബുകൾ ഇപ്പോഴും രാജ്യത്തുടനീളം മരണങ്ങൾക്കും പരിക്കുകൾക്കും കാരണമാകുന്നുണ്ട്.

സ്ഫോടകവസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ മൗലികാവകാശങ്ങൾക്ക് ഭീഷണിയാണെന്നും, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും സ്‌ഫോടക ഉപകരണങ്ങളുടെ ഭീഷണിയിൽ നിന്ന് ലോകമെമ്പാടുമുള്ള കുട്ടികളെയും സാധാരണക്കാരെയും സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കാനും യൂണിസെഫും, ഐക്യരാഷ്ട്രസഭയുടെ മൈൻ ആക്ഷൻ സർവീസും, ഗവൺമെന്റ് അധികാരികളോട് ആവശ്യപ്പെട്ടു.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് സാധാരണജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനായി ഒരു രാഷ്ട്രീയ പ്രഖ്യാപനം അവതരിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഐക്യരാഷ്ട്രസഭയിലെ ഇരു ഘടകങ്ങളും സ്വാഗതം ചെയ്തു. സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള അവബോധവും, ഒപ്പം ആവശ്യമായവർക്ക് ആരോഗ്യപരിചരണവും സാമൂഹിക, മാനസിക പിന്തുണയും നൽകുന്നതും ഇരുവരും തുടരുന്നുണ്ട്. വിവിധ ഭാഗങ്ങളിൽ ഇപ്പോഴുമുള്ള മൈനുകളും പൊട്ടിത്തെറിക്കാതെ അവശേഷിക്കുന്ന സ്‌ഫോടകവസ്തുക്കളും നീക്കം ചെയ്യുന്നതിനും അപകടത്തിൽപ്പെട്ടവർക്ക് സഹായം നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും, സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾക്കുള്ള കുട്ടികളുടെ അവകാശം ഉറപ്പാക്കുന്നതിനും യൂണിസെഫും യു. എൻ. മൈൻ ആക്ഷൻ സർവീസും ഇതുമായി ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 April 2022, 18:00