"കല സ്വാതന്ത്ര്യത്തിനായി " - യുക്രെയ്നെ പിന്തുണയ്ക്കാനായി ഒരു പ്രദർശനം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സ്പാത്സിയോ വെനെത്സിയാനോ എന്ന റോമിലെ ഗാലറിയിൽ ഇറ്റലിയിലെയും യുക്രെയ്നിലേയും കലാകാരന്മാർ ഒരുമിച്ച് സമാധാനത്തിനായി സംഭാവന നൽകാൻ സംസ്കാരത്തിന് കഴിയും എന്ന ബോധ്യത്തോടെ തങ്ങളുടെ കലാസൃഷ്ടികൾ ഏപ്രിൽ 8 മുതൽ 10 വരെ പ്രദർശനത്തിന് വച്ചു.
യൂറോപ്പിന്റെ ഹൃദയത്തെ വേദനിപ്പിക്കുന്ന ബുദ്ധിശൂന്യമായ യുദ്ധത്തിന്റെ ഇരുട്ടിനെയും ഭീകരതയേയും നേരിടാൻ കലയിലെ വെളിച്ചവും സൗന്ദര്യവും. സമാധാനത്തിന്റെ പ്രാധാന്യത്തിന് സാക്ഷ്യം വഹിക്കാൻ സംസ്കാരത്തിനാവും എന്ന് വിശ്വസിക്കുന്ന എട്ട് ഇറ്റാലിയൻ കലാകാരന്മാരും അത്രയും തന്നെ യുക്രെയ്ൻ കലാകാരന്മാരും ചേർന്ന് ഈ ദിവസങ്ങളിൽ റോമിൽ നടന്ന പ്രദർശനത്തിലൂടെ കാണിച്ചുതന്നു.
സമയത്തെ വ്യാഖ്യാനിക്കുകയും അതിന്റെ ശബ്ദമാകുകയും വൈരുദ്ധ്യങ്ങളെ മറികടക്കാൻ ഒന്നിക്കുകയും സഹായിക്കുകയും സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ ഉത്തരവാദിത്വമുള്ളതുമായി കല തീരുന്നു. ഇതെല്ലാം ഇറ്റലിയിലെ യുക്രേയ്നിയൻ എംബസിയുടെ മേൽനോട്ടത്തിൽ സ്പാത്സിയോ വെനെത്സിയാനോ ഗാലറിയിൽ പ്രദർശിപ്പിച്ച കലാരൂപങ്ങളിൽ കണ്ടെത്താൻ കഴിയും. യുദ്ധത്തിൽ രാജ്യം വിട്ട് പലായനം ചെയ്യുന്നവരെ സഹായിക്കാനുള്ള സംരംഭങ്ങൾക്കായി ഇതിൽ നിന്നു കിട്ടുന്ന വരുമാനം ഉപയോഗിക്കപ്പെടും.
ഏപ്രിൽ 8 വെള്ളിയാഴ്ച നടന്ന പ്രദർശനത്തിന്റെ ഉദ്ഘാടനത്തിൽ കലാകാരന്മാർക്ക് പുറമെ, റോമിലെ മുനിസിപ്പാലിറ്റിയുടെ കൗൺസിലർ വലന്റീനാ കരച്ചോളൊ, ഇറ്റലിയിലെ യുക്രെയ്ൻ എംബസ്സിയിലെ മൂന്നാം സെക്രട്ടറി യവ്ഹെനിയ വോളൊഷെൻകോ, ഇറ്റലിയിലെ യുക്രെയ്നികളുടെ ക്രൈസ്തവ സംഘടനയുടെ അദ്ധ്യക്ഷൻ ഓലെസ് ഹോറോഡെത്സ്കി എന്നിവർ സന്നിഹിതരായിരുന്നു. ഉത്തരവാദിത്വത്തിന്റെയും, നാഗരികതയുടേയും തലം പുറത്തു കൊണ്ടുവരാതെയും സന്ദേശം അവതരിപ്പിക്കാതെയും കലയ്ക്ക് വേറിട്ടു നിൽക്കാൻ കഴിയില്ല എന്ന് ഗാലറിയുടെ ഡയറക്ടർ കൊറാദോ വെനെത്സിയാനോ പറഞ്ഞു. കോവിഡിന്റെ നീണ്ട കാലത്തിനു ശേഷം ഒരു ജീവകാരുണ്യ പ്രവർത്തനത്തിനായുള്ള പ്രദർശനത്തോടെ വീണ്ടും ആരംഭിക്കുന്നതിന്റെ പ്രാധാന്യവും പാവൊളാ റിച്ചിയോടൊരുമിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ഒഴിവാക്കാനാവാത്ത ഒരവസരമായി തങ്ങൾക്ക് തോന്നുന്നുവെന്നും കാരണം കലാകാരന്മാരെ ഒന്നിപ്പിക്കാനും, ലോകത്തെ ഒന്നിപ്പിക്കാനും യുദ്ധങ്ങളെയും വൈരുദ്ധ്യങ്ങളെയും മറികടക്കാനും സംസ്കാരമാണ് മാർഗ്ഗമെന്ന് തങ്ങൾക്ക് ഉറച്ച ബോധ്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: