തിരയുക

സഹായത്തിനായി കാത്തുനിൽക്കുന്നവർ സഹായത്തിനായി കാത്തുനിൽക്കുന്നവർ 

അഫ്ഗാനിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി

അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങൾ കടുത്ത പട്ടിണി നേരിടുന്നതായി സേവ് ദി ചിൽഡ്രൻ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

രൂക്ഷമായ പ്രതിസന്ധി നേരിടുന്ന അഫ്ഗാനിസ്ഥാനിലെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം ആളുകൾ പട്ടിണി നേരിടുന്നതായി സേവ് ദി ചിൽഡ്രൻ സംഘടന അറിയിച്ചു. റൊട്ടിയും ജലവും മാത്രമാണ് അവിടുത്തെ സാധാരണ ജനങ്ങൾക്ക് അതിജീവനത്തിനുള്ളതെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഈ സംഘടന വ്യക്തമാക്കി. രണ്ടരക്കോടിയോളം ആളുകളാണ് കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ രൂക്ഷഫലങ്ങൾ നേരിടുന്നത്. അവരിൽ ഏതാണ്ട് ഒന്നരക്കോടിയോളം കുട്ടികളാണെന്നും സേവ് ദി ചിൽഡ്രൻ സംഘടന അറിയിച്ചു.

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, ജീവിതച്ചിലവും ഭക്ഷണത്തിന്റെ വിലയും കുതിച്ചുയരുകയായിരുന്നു. നിലവിലെ അവസ്ഥയിൽ അടിയന്തര മാനവിക ധനസഹായം നൽകാനും മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകാനും അതുവഴി അഫ്ഗാനിസ്ഥാനിലെ സാമ്പത്തികനില സുസ്ഥിരമാക്കാനും സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്ര സർക്കാരുകളോട് ആവശ്യപ്പെട്ടു.

മുസ്ലിമുകളുടെ വിശുദ്ധമാസമായ റമദാൻ, ആഘോഷത്തിന്റെയും അനുകമ്പയുടെയും ഐക്യത്തിന്റെയും സമയമായാണ് കരുതപ്പെടുന്നതെങ്കിലും, നിലവിലെ തകർന്ന സമ്പദ്‌വ്യവസ്ഥമൂലം നിരവധിയാളുകൾ തൊഴിലില്ലായ്മയുടെ രൂക്ഷാഫലങ്ങൾ അനുഭവിക്കുന്നുണ്ടെന്നും, കടുത്ത പ്രതിസന്ധിയാണ് കുടുംബങ്ങൾ നേരിടുന്നതെന്നും സംഘടന പറഞ്ഞു.

താലിബാൻ നിയന്ത്രത്തിലായ അഫ്ഗാനിസ്ഥാനിൽ ജീവിതച്ചിലവുകൾ ഏതാണ്ട് ഇരട്ടിയോളമായതായും, ഇപ്പോൾ ഉക്രയിനിൽ നടക്കുന്ന യുദ്ധം മൂലം ഇത് വീണ്ടും കൂടുമെന്നും സേവ് ദി ചിൽഡ്രൻ അറിയിച്ചു. ഭക്ഷണ ആവശ്യത്തിനായി ധാന്യം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ ഈ യുദ്ധം കൂടുതലായി സാധാരണ ജനങ്ങളെ ബാധിക്കുമെന്നും, അതിൽത്തന്നെ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നത് കുട്ടികളായിരിക്കുമെന്നും അവർ വ്യക്തമാക്കി. അതുകൊണ്ടുതന്നെ മതിയായ ഭക്ഷണത്തിന്റെ അഭാവവും പോഷകാഹാരക്കുറവും കുട്ടികളെ കൂടുതലായി ബാധിക്കുമെന്നും അവർ ഓർമ്മിപ്പിച്ചു.

അഫ്ഗാനിസ്ഥാനിൽ ഇത്തവണത്തെ റമദാൻ മുൻവർഷങ്ങളെ അപേക്ഷിച്ച് കഠിനമാണെന്നും, ഉപവാസത്തിന് ശേഷമുള്ള ഇഫ്താർ ഭക്ഷണമായി പല കുടുംബങ്ങളിലും റൊട്ടിയും വെള്ളവും മാത്രമാണുള്ളതെന്നും സേവ് ദി ചിൽഡ്രൻ അഫ്ഗാനിസ്ഥാൻ ഡയറക്ടർ ക്രിസ് ന്യാമാണ്ടി പറഞ്ഞു.

ഏറ്റവും തീവ്രമായ ആഗോളഭക്ഷ്യപ്രതിസന്ധികളിൽ ഒന്നിനെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടാകുവാനായി അന്താരാഷ്ട്രസർക്കാരുകൾ അടിയന്തിരമായി പ്രവൃത്തിക്കണമെന്നും, രാജ്യത്ത് മരവിപ്പിച്ച സ്വത്തുക്കൾ സ്വാതന്ത്രമാക്കണമെന്നും, സാമ്പത്തികനില മെച്ചപ്പെടുത്താൻ സഹായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനായി 1976 മുതൽ സേവ് ദി ചിൽഡ്രൻ സംഘടന അഫ്ഗാനിസ്ഥാനിൽ പ്രവൃത്തിക്കുന്നുണ്ട്. രാജ്യത്ത് 10 പ്രവിശ്യകളിൽ സംഘടന നേരിട്ടും, മൂന്ന് പ്രവിശ്യകളിൽ സഹസംഘടനകൾ വഴിയും സേവ് ദി ചിൽഡ്രൻ പ്രവൃത്തിച്ചുവരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 April 2022, 18:22