അഫ്ഗാനിസ്ഥാനിൽ സ്‌കൂളിന് നേരെ വീണ്ടും ആക്രമണം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഏപ്രിൽ പത്തൊൻപത്തിന് കാബൂളിലെ ഒരു ഹൈസ്കൂളിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പരാമർശിക്കവെ, കുട്ടികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസസൗകര്യങ്ങൾ ഉറപ്പാക്കണമെന്നും, കഴിഞ്ഞദിവസമുണ്ടായ ഇതുപോലെയുള്ള ഗുരുതരമായ ആക്രമണങ്ങൾ നടത്തുന്നവർ തങ്ങളുടെ പ്രവൃത്തിയുടെ രൂക്ഷഫലങ്ങൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ഉറപ്പാക്കണമെന്നും സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം കാബൂളിൽ ഉണ്ടായ ഈ ആക്രമണത്തിൽ ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. നിരവധി കുട്ടികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, കുട്ടികൾക്കെതിരെയുള്ള ഈ ആക്രമണത്തെ തങ്ങൾ ശക്തമായി അപലപിക്കുന്നുവെന്ന് സേവ് ദി ചിൽഡ്രന്റെ അഫ്ഗാനിസ്ഥാനിലെ ഡയറക്ടർ ക്രിസ് ന്യാമാണ്ടി പറഞ്ഞു.
സുരക്ഷിതമായ വിദ്യാഭ്യാസം നേടുക എന്നത് എല്ലാ കുട്ടികളുടെയും അവകാശമാണെന്നും, സ്‌കൂളുകൾ അക്രമത്തിനുള്ള ഇടങ്ങളാകരുതെന്നും ആവശ്യപ്പെട്ട സേവ് ദി ചിൽഡ്രൻ ഡയറക്ടർ യാതൊരു കാരണവശാലും, കുട്ടികൾക്ക് സ്കൂളിലോ സ്കൂളിലേക്കുള്ള യാത്രയിലോ തങ്ങളുടെ സുരക്ഷയെക്കുറിച്ച് ഭയമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകരുതെന്ന് പറഞ്ഞു. നിരവധി വര്ഷങ്ങളായി അഫ്ഗാനിസ്ഥലെ കുട്ടികൾ അക്രമങ്ങൾ സഹിച്ചാണ് ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വാരാന്ത്യത്തിൽ ഉണ്ടായ മറ്റ് ആക്രമണങ്ങളിൽ അഞ്ചു പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
പ്രായപൂർത്തിയാകാത്തവരെ കൊല്ലുന്നതും, അംഗഭംഗം വരുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം നിരോധിച്ചിരിക്കുന്നതാണെന്നും, സ്കൂളുകൾക്കുനേരെയുള്ള ആക്രമണങ്ങൾ അസ്വീകാര്യമാണെന്നും ഓർമ്മിപ്പിച്ച ന്യാമാണ്ടി, കുട്ടികൾക്ക് സുരക്ഷിതവിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ആവർത്തിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: