യുക്രെയ്‌൯ അഭയാർത്ഥികൾക്ക് ഇറ്റലിയിലേക്കെത്തുന്നതിന് വിവരങ്ങളും പിന്തുണയും നൽകുന്നതിന് രണ്ട് ബ്ലൂ ഡോട്ടുകൾ സജീവമാക്കി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് ഇറ്റലിയിലേക്കെത്തുന്നതിന് വിവരങ്ങളും പിന്തുണയും നൽകുന്നതിന് UKRAINE UNHCR ഉം UNICEF ഉം Friuli Venezia Giulia-ൽ രണ്ട് ബ്ലൂ ഡോട്ടുകൾ സജീവമാക്കി.
യുക്രെയ്‌ൻ അടിയന്തരാവസ്ഥ
ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള വിഭാഗം UNCHR ഉം, ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള അത്യാഹിത നിധിയായ UNICEF ഉം ഏപ്രിൽ ഇരുപത്തൊന്നാം തിയതി രണ്ട് ബ്ലൂ ഡോട്ടുകൾ സജീവമാക്കി. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, കുടുംബങ്ങൾ, പ്രത്യേക ആവശ്യങ്ങളുള്ള മറ്റ് ആളുകൾ എന്നിവർക്ക് ഫ്രിയുലി വെനീസിയ ജൂലിയയിൽ ത്രിയെ സ്തെ പ്രവിശ്യയിലുള്ള ഫെർനെറ്റിയിലും ഊഡിനെ പ്രവിശ്യയിലെ തർവീസിയോയിലുമുള്ള രണ്ട് അതിർത്തികളിലാണിവ സജ്ജമാക്കിയിരിക്കുന്നത്.
സംഘർഷത്തിന്റെ തുടക്കം മുതൽ, യുക്രെയ്നിൽ നിന്ന് ഏകദേശം 100,000 അഭയാർത്ഥികൾ ഇറ്റലിയിൽ എത്തിയിട്ടുണ്ട്, അതിൽ 50,000 സ്ത്രീകളും 35,000 ത്തിലധികം കുട്ടികളും ഉൾപ്പെടുന്നു. ഇവരിൽ 93,000-ത്തിലധികം പേർ കരമാർഗ്ഗം അതിർത്തി കടന്ന് പ്രധാനമായും ഫെർനെറ്റിയിലൂടെയും തർവീസിയോയിലൂടെയുമാണ് ഇറ്റലിയിലേക്ക് പ്രവേശിച്ചത്. അഭയാർത്ഥികളായി എത്തിച്ചേരുന്ന ആളുകൾ യാത്രയിലുള്ള സംഘർഷവും, വിമാന യാത്രയും മൂലം വളരെ ക്ഷീണിതരാകുന്നു.
യാത്രയ്ക്കിടയിലും, ഇറ്റലിയിൽ എത്തിയാലും, അവിടെ നിന്ന് പോയപ്പോഴും, അവർ ചൂഷണം ചെയ്യപ്പെടുകയും, ലിംഗാധിഷ്ഠിത അക്രമത്തിന് ഇരയാക്കപ്പെടുന്നുമുണ്ട്. പ്രത്യേകിച്ച് കുട്ടികൾ അവരുടെ കുടുംബത്തിൽ നിന്ന് വേർപെട്ടു പോകാനുള്ള സാധ്യതകളുമുണ്ട്.
UNHCR ഉം UNICEF ഉം അതിർത്തിയിൽ ആരംഭിച്ച രണ്ട് ബ്ലൂ ഡോട്ട് സഹായ കേന്ദ്രങ്ങൾ - ARCI (അക്രമത്തിനെതിരെ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സംഘടന), സേവ് ദി ചിൽഡ്രൻ, സ്റ്റെല്ല പോളാരെ അസോസിയേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയും, പ്രാദേശിക അധികാരികളുമായുള്ള അടുത്ത സഹകരണത്തോടെയും എത്തിച്ചേരുന്ന ആളുകളുടെ ഏറ്റവും അടിയന്തിര ആവശ്യങ്ങൾക്ക് പ്രാഥമിക പ്രതികരണം നൽകാനാഗ്രഹിക്കുന്നു.
കുട്ടികളുടെയും സ്ത്രീകളുടെയും കുടുംബങ്ങളുടെയും സംരക്ഷണത്തിനുള്ള സഹായ സ്ഥലം എന്ന നിലയിലാണ് ബ്ലൂ ഡോട്ടുകൾ പിറവിയെടുത്തത്. അടിയന്തര സാഹചര്യങ്ങളിൽ ഇത് വ്യാപകമായ സഹായ മാർഗ്ഗമായി മാറി. യുക്രേനിയൻ പ്രതിസന്ധിയുടെ തുടക്കം മുതൽ, UNHCR ഉം UNICEF ഉം 6 രാജ്യങ്ങളിൽ ഇത്തരം 20 ബ്ലൂ ഡോട്ടുകൾ സജീവമാക്കിയിട്ടുണ്ട്, അതേസമയം ഇനിയും 29 എണ്ണം കൂടി ആസൂത്രണം ചെയ്‌ത് സജീവമാക്കാനുള്ള പ്രക്രിയകൾ നടക്കുന്നു.
ഈ ഇടങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും വിശ്രമിക്കാനുള്ള സ്ഥലങ്ങളാണ്; ഇവ വിശ്വസനീയമായ വിവരങ്ങൾ നൽകുന്നു, കൂടാതെ സാമൂഹിക പ്രവർത്തകർ, മന:ശാസ്ത്രജ്ഞർ, നിയമ വിദഗ്ദ്ധർ ഭാഷാ-സാംസ്കാരിക മധ്യസ്ഥർ എന്നിവരുടെ പങ്കാളിത്തത്തിനും ഈ സംഘടനകൾ നന്ദിയർപ്പിക്കുന്നു. ആരും കൂടെയില്ലാത്ത പ്രായപൂർത്തിയാകാത്ത വിദേശീയരായ കുട്ടികൾ ഉൾപ്പെടെ അപകടസാധ്യതയുള്ള പ്രായപൂർത്തിയാകാത്തവരെ തിരിച്ചറിഞ്ഞ്, സഹായിച്ച് സുരക്ഷിതയിടങ്ങളിലേക്ക് അയക്കുക, പ്രാദേശിക സേവനങ്ങൾ ആവശ്യമുള്ള ആളുകൾക്ക് മാനസിക-സാമൂഹിക പിന്തുണയും അടിസ്ഥാന നിയമോപദേശവും നൽകുക തുടങ്ങിയവയും ബ്ലൂ ഡോട്ടുകൾ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളിൽ ഉൾപ്പെടുന്നു.
യുണിസെഫും യുഎൻഎച്ച്‌സിആറും തമ്മിൽ കഴിഞ്ഞ മാർച്ചിൽ ഒപ്പുവച്ച പങ്കാളിത്തത്തിന്റെ ഭാഗമാണ് ഇറ്റലിയിലെ ഈ ഇടപെടൽ. ഇറ്റലിയിലെ അഭയാർഥികൾക്കും, രക്ഷാകേന്ദ്രങ്ങൾ അന്വേഷിക്കുന്നവർക്കും അനുകൂലവും സംയുക്തവുമായ പ്രതിബദ്ധത ശക്തിപ്പെടുത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. "അഭയാർത്ഥികളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും യുക്രെയ്നിൽ നിന്ന് പലായനം ചെയ്യുന്നവരിൽ 90% സ്ത്രീകളും കുട്ടികളുമാണ് എന്ന വസ്തുതയുടെ വെളിച്ചത്തിൽ" ലിംഗാധിഷ്ഠിത അക്രമം, മനുഷ്യക്കടത്ത്, ദുരുപയോഗം, മാനസിക ആഘാതം അല്ലെങ്കിൽ അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപിരിയാനുള്ള സാധ്യത എന്നിവ വളരെ കൂടുതലാണ് എന്ന് ഇറ്റലിയുടെയും, പരിശുദ്ധ സിംഹാസനത്തിന്റെയും, സാൻ മരീനോയുടെയും സംയുക്ത യുഎൻഎച്ച്‌സിആർ പ്രതിനിധിയായ ക്യാരാ കാർദൊലെത്തി വ്യക്തമാക്കി. ഇക്കാരണത്താൽ, അതിർത്തിയിലെ ബ്ലൂ ഡോട്ടുകൾ സജീവമാക്കുന്നതിലൂടെ തങ്ങളുടെ പങ്കാളികൾക്കൊപ്പം കൃത്യമായ ഉത്തരം നൽകാൻ തങ്ങൾ ആഗ്രഹിച്ചതായി അവർ അറിയിച്ചു. ഇതിലൂടെ അവർക്ക് ആവശ്യമായ സേവനങ്ങൾ ഉടനടി ലഭ്യമാക്കാൻ കഴിയുന്ന ഒരു സുരക്ഷിത സ്ഥലം നൽകാൻ കഴിയുമെന്ന് കൂട്ടിച്ചേർത്തു. “എല്ലാ സംഘട്ടനങ്ങളിലും, സ്ത്രീകളും കുട്ടികളും എല്ലായ്പ്പോഴും പ്രത്യേകമായ അപകടസാധ്യതകൾ അഭിമുഖീകരിക്കുന്നു. UNICEF, UNHCR, തങ്ങളുടെ പങ്കാളികളായ സംഘടനകൾ എന്നിവ തമ്മിലുള്ള സഹകരണം എല്ലാ അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും അനുകൂലമായ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിലൂടെ വ്യവസ്ഥാപിതവും സംയോജിതവുമായ പ്രതികരണം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.
തുടർന്നുള്ള അഭയാർത്ഥി സ്വീകരണ ഘട്ടങ്ങളിലും സഹായം ഉറപ്പുനൽകുന്നതിനായി തങ്ങൾ അധികാരികൾക്കും ഇറ്റലിയിലെ യുക്രേനിയൻ സമൂഹത്തോടുമൊപ്പം പ്രവർത്തിക്കും എന്ന് ഇറ്റലിയിലെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന യുണിസെഫ് സംഘാടക അന്ന റിയാറ്റി പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: