ഉക്രയിനിലെ പകുതിയിലധികം കുട്ടികൾ പലായനം ചെയ്തതായി യൂണിസെഫ്.
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കഴിഞ്ഞ ഒരു മാസമായി തുടരുന്ന റഷ്യ ഉക്രൈൻ യുദ്ധത്തിൽ, ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 78 കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറിലധികം കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. 52 ആരോഗ്യകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. അഞ്ഞൂറിലധികം വിദ്യാഭ്യാസസ്ഥാപങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. രണ്ടു വയസ്സിന് താഴെയുള്ള ഏതാണ്ട് നാലരകക്ഷത്തിലധികം ശിശുക്കൾക്ക് പോഷകാഹാരസഹായം ആവശ്യമുണ്ടെന്നും യൂണിസെഫ് അറിയിച്ചു.
ഒരു മാസത്തെ യുദ്ധത്തിന്റെ അനന്തരഫലമായി രാജ്യത്തെ ഏതാണ്ട് എഴുപത്തിയഞ്ച് ലക്ഷം കുട്ടികളിൽ, നാല്പത്തിമൂന്ന് ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നതായി സംഘടന വ്യക്തമാക്കി. ഇത്, രാജ്യത്തിന് പുറത്തേക്ക് പലായനം ചെയ്ത പതിനെട്ട് ലക്ഷത്തിലധികം കുട്ടികളും ഉക്രയിന്റെ വിവിധഭാഗങ്ങളിൽ സ്വഭവനങ്ങൾ ഉപേക്ഷിച്ചുപോകേണ്ടിവന്ന ഇരുപത്തിയഞ്ച് ലക്ഷം കുട്ടികളും ഉൾപ്പെടെയാണ്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയും കുട്ടികളുടെ പലായനത്തിന് ആദ്യമായാണ് ഒരു യുദ്ധം കാരണമായിരിക്കുന്നതെന്ന് യൂണിസെഫ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു. വെടിനിറുത്തൽ പ്രഖ്യാപിക്കുന്നതിനും, കുട്ടികളുടെ സംരക്ഷണത്തിനായി യൂണിസെഫ് തുടർന്നും ആവശ്യപ്പെട്ടു. മറ്റ് സംഘടനകളുമായി ചേർന്ന് ഉക്രയിനിലെ കുട്ടികളുടെ സംരക്ഷണത്തിനും മറ്റ് ആളുകൾക്ക്മാനവികസഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി യൂണിസെഫ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: