ഇരുപത് ലക്ഷം കുട്ടികൾ ഉക്രയിനിൽനിന്ന് പലായനം ചെയ്തു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
രാജ്യത്തിനകത്ത് മറ്റ് ഇരുപത്തിയഞ്ച് ലക്ഷത്തോളം കുട്ടികളെങ്കിലും കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നും, ഏതാണ്ട് അറുപത് ശതമാനം കുട്ടികളും സ്വഭവനങ്ങളിൽനിന്ന് മാറാൻ നിർബന്ധിതരായിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യൂണിസെഫ് അറിയിച്ചു. നഗരപ്രദേശങ്ങളിൽ പലയിടങ്ങളിലും ഇപ്പോഴും ആക്രമണം തുടരുന്നതിനാലാണിത്.
ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ഉക്രയിനിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും, വീടുകളിൽനിന്ന് പലായനം ചെയ്യുന്ന കുട്ടികളുടെ വർദ്ദിച്ചുകൊണ്ടിരിക്കുകയാണെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പറഞ്ഞു. എന്നാൽ കുട്ടികൾക്ക് എല്ലാവർക്കും സംരക്ഷണവും വിദ്യാഭ്യാസവും കരുതലും പിന്തുണയും ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയുടെയും അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷന്റെയും (UNHCR) കണക്കുകൾ പ്രകാരം യുദ്ധം മൂലമുള്ള ഉക്രെയ്നിലെ അഭയാർത്ഥികളിൽ പകുതിയും കുട്ടികളാണ്. ഇവരിൽ 11 ലക്ഷത്തിലധികം കുട്ടികൾ പോളണ്ടിൽ എത്തിയിട്ടുണ്ട്, റൊമാനിയ, മോൾദോവ, ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലേക്ക് ലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരുന്നു എന്നും കണക്കാക്കുന്നു.
അതിർത്തിപ്രദേശങ്ങളിൽ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിരീക്ഷണ പ്രക്രിയകൾ ശക്തമാക്കുന്നതുൾപ്പെടെ, കുട്ടികളെ സുരക്ഷിതയിടങ്ങളിൽ കാക്കുന്നതിനുള്ള തുടർ നടപടികൾ തയ്യാറാക്കാൻ ദേശീയ സർക്കാരുകളുമായും മേഖലയിലെ മറ്റ് അധികാരികളുമായും യുണിസെഫ് പ്രവർത്തിച്ചുവരുന്നു എന്നും യൂണിസെഫ് അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: