തിരയുക

സനായുടെ പ്രാന്തപ്രദേശത്തുള്ള ഐഡിപി ക്യാമ്പിലൂടെ യമ൯ ജനങ്ങൾ നടക്കുന്നു. സനായുടെ പ്രാന്തപ്രദേശത്തുള്ള ഐഡിപി ക്യാമ്പിലൂടെ യമ൯ ജനങ്ങൾ നടക്കുന്നു. 

ഐക്യരാഷ്ട്രസഭ: യമൻ ഗുരുതരമായ പട്ടിണി അഭിമുഖീകരിക്കുന്നു

യമനിലെ 17.4 ദശലക്ഷം ജനങ്ങൾക്ക് ഇപ്പോൾ ഭക്ഷ്യസഹായം ആവശ്യമാണെന്നും ജനസംഖ്യയുടെ വർദ്ധിച്ചുവരുന്ന ഒരു വിഭാഗം പട്ടിണിയുടെ അടിയന്തരാവസ്ഥ നേരിടുന്നുണ്ടെന്നും ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യുക്രെയ്‌നിലെ ദശലക്ഷക്കണക്കിന് ആളുകൾ അഭിമുഖീകരിക്കുന്ന ഭയാനകമായ അവസ്ഥയിലേക്ക് ലോകം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അങ്ങകലെ യമൻ എന്ന മറ്റൊരു രാജ്യം ഒരു വലിയ ദുരന്തത്തിന്റെ വക്കിലാണ്.

യമനിൽ കടുത്ത പട്ടിണി

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയും (എഫ്.എ.ഒ), ആഗോള ഭക്ഷ്യ കർമ്മപരിപാടിക്കായുള്ള സംഘടനയും (ഡബ്ല്യു.എഫ്. പി) യൂണിസെഫും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, യമനിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണാനുബന്ധമായവ എത്തിക്കാനുള്ള  ധനസഹായം കുറയുന്നതിനാൽ  അഭൂതപൂർവ്വമായ കനത്ത പട്ടിണി നേരിടുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു.

യമനിലെ സംയോജിത ഘട്ട തരം തിരിക്കൽ (IPC) വിശകലനം എന്ന തലക്കെട്ടിൽ ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പുതിയ റിപ്പോർട്ടനുസരിച്ച് 17.4 ദശലക്ഷം ആളുകൾക്ക് ഇപ്പോൾ ഭക്ഷ്യസഹായം ആവശ്യമാണെന്നും ജനസംഖ്യയുടെ വർദ്ധിച്ചുവരുന്ന ഒരു വിഭാഗം വിശപ്പിന്റെ അടിയന്തിര നില നേരിടുകയാണെന്നും വ്യക്തമാക്കുന്നു.

“രാജ്യത്തെ 1.6 ദശലക്ഷം ആളുകൾ പട്ടിണിയുടെ അടിയന്തര തലത്തിലേക്ക് വീഴുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വർഷാവസാനത്തോടെ മൊത്തം 7.3 ദശലക്ഷമായി മാറും” എന്നും കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു.

യമനിലുടനീളം 2.2 ദശലക്ഷം കുട്ടികളും ഏകദേശം 1.3 ദശലക്ഷം ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും പോഷകാഹാരക്കുറവുള്ളവരാണെന്ന് IPC റിപ്പോർട്ട് ഊന്നിപ്പറയുന്നു.

ഭക്ഷ്യവസ്തുക്കളുടെ വിലയും ഇറക്കുമതിയും

ഐക്യരാഷ്ട്രസഭയുടെ ഈ മൂന്ന്  ഏജൻസികളും ചൂണ്ടിക്കാണിക്കുന്നത് " സംഘർഷമാണ്  യമനിലെ വിശപ്പിന്റെ അടിസ്ഥാന കാരണം" എന്നാണ്. ഈ സംഘർഷത്തിന്റെ ഉപോൽപ്പന്നമാണ് സാമ്പത്തിക പ്രതിസന്ധിയിലേക്കും, ഭക്ഷ്യവസ്തുക്കളുടെ വിലയിലുള്ള വൻവർധനവിലേക്കും നയിച്ചത്. പ്രസ്താവന അനുസരിച്ച്, യുക്രെയ്ൻ യുദ്ധം ഇവിടത്തെ ഇറക്കുമതിയെ ബാധിക്കുകയും, ഭക്ഷ്യ വില വർദ്ധനവിനിടയാക്കുകയും ചെയ്യുന്നു. "യമൻ ഏതാണ്ട് പൂർണ്ണമായും ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. അതിന്റെ ഗോതമ്പ് ഇറക്കുമതിയുടെ 30 ശതമാനവും യുക്രെയ്നിൽ നിന്നാണ്."

ഇപ്പോൾ ആവശ്യമായ നടപടി

ഐപിസി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഭക്ഷ്യസുരക്ഷയുടെ തകർച്ച തടയാൻ ഉടൻ നടപടിയെടുക്കേണ്ടതുണ്ടെന്ന് യമനിലെ റസിഡന്റ് ഹ്യൂമാനിറ്റേറിയൻ കോർഡിനേറ്റർ ഡേവിഡ് ഗ്രെസ്ലി ഊന്നിപ്പറഞ്ഞു.

 “തകർച്ച അവസാനിപ്പിക്കാൻ സമാധാനം ആവശ്യമാണ്, എന്നാൽ നമുക്ക് ഇപ്പോൾ പുരോഗതി കൈവരിക്കാൻ കഴിയും. സംഘട്ടനത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികൾ ഉപരോധമേർപ്പെടുത്തിയിട്ടില്ലാത്ത ചരക്കുകളുടെ വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള എല്ലാ  നിയന്ത്രണങ്ങളും നീക്കണം. ഇത് ഭക്ഷ്യവില കുറയ്ക്കാനും സമ്പദ്‌വ്യവസ്ഥയെ തുറന്ന് വിടാനും സഹായിക്കുകയും ആളുകൾക്ക് ഒരു ജോലിയുടെ അന്തസ്സോടെ പരസഹായത്തെ ആശ്രയിക്കുന്നതിൽ നിന്ന് വിട്ടനിലക്കാനുള്ള വഴി നൽകുകയും ചെയ്യും, ” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. WFP എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബീസ്ലി തങ്ങൾക്ക് പുതിയ ഗണ്യമായ ധനസഹായം ഉടനടി ലഭിച്ചില്ലെങ്കിൽ, കൂട്ട പട്ടിണിയുണ്ടാകുമെന്നും എന്നാൽ ഇപ്പോൾ പ്രവർത്തിക്കുകയാണെങ്കിൽ, ആസന്നമായ ദുരന്തം ഒഴിവാക്കാനും ദശലക്ഷക്കണക്കിന് ആളുകളെ രക്ഷിക്കാനും അവസരമുണ്ടെന്നും പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 മാർച്ച് 2022, 13:41