റഷ്യ-ഉക്രയിൻ യുദ്ധം: പലായനം ചെയ്യുകയും ജീവൻ പൊലിയുകയും ചെയ്യുന്ന കുഞ്ഞുങ്ങൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റഷ്യ ഉക്രയിനിൽ അതിരൂക്ഷമായ ആക്രമണം ആരംഭിച്ചതിനു ശേഷം ഏഴുദിവസത്തിനുള്ളിൽ സ്വഭവനങ്ങളിൽ നിന്ന് പ്രാണരക്ഷാർത്ഥം പലായനം ചെയ്തത് 5 ലക്ഷത്തിലേറെ കുട്ടികളാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി, യുണിസെഫ് (UNICEF).
ഇത്ര ചുരുങ്ങിയസമയത്തിനുള്ളിൽ ഇത്തരമൊരു പലായനം, വേഗതയുടെ അടിസ്ഥാനത്തിൽ വീക്ഷിക്കുമ്പോൾ, അഭൂതപൂർവ്വമാണെന്ന് ഈ സംഘടന പറയുന്നു.
രക്ഷപ്പെടാൻ കഴിയാതെ വന്നവരും കുഞ്ഞുങ്ങൾക്കായുള്ള കേന്ദ്രങ്ങളിൽ അഭയം തേടിയിട്ടുള്ളവരും പതിനായിരങ്ങളാണെന്നും ഇവരിൽ അംഗവൈകല്യം സംഭവിച്ചവരും രോഗികളുമായ കുഞ്ഞുങ്ങൾ നിരവധിയാണെന്നും യുണിസെഫ് വെളിപ്പെടുത്തുന്നു.
അതിനിടെ, ഉക്രയിനിൽ 24 മണിക്കൂറിനിടെ 100 കുട്ടികൾ ആക്രമണത്തിൽ മരിച്ചുവെന്ന് “കുട്ടികളെ രക്ഷിക്കൂ” (Save the Children) എന്ന സംഘടന വെളിപ്പെടുത്തി.
ഇത് അഖിലലോകത്തിൻറെയും മനസ്സാക്ഷിക്ക് ഒരു അപമാനമാണെന്ന് ഈ സംഘടന പറയുന്നു.
ഈ പൈശാചികാക്രമണം അവസാനിപ്പിക്കാൻ “സേവ് ദ ചിൽറൻ” എന്ന ഈ സംഘടന റഷ്യയോട് അഭ്യർത്ഥിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: