തിരയുക

യുക്രെയ്നിലെ മരിയുപോളിൽ തകർന്ന കെട്ടിടങ്ങൾ. യുക്രെയ്നിലെ മരിയുപോളിൽ തകർന്ന കെട്ടിടങ്ങൾ.  

യുക്രെയ്ൻ: കുട്ടികളെ രക്ഷിക്കുക, 5 കുട്ടികളിൽ ഒരു കുട്ടിക്ക് രാജ്യം വിടേണ്ടി വന്നു

സാധാരണ ജനങ്ങൾ വസിക്കുന്ന മേഖലകൾക്ക് നേരെയുള്ള ആക്രമണങ്ങൾ കാരണം ആറ് ദശലക്ഷം ആളുകൾ ഗുരുതരമായ അപകടത്തിൽ അകപ്പെട്ടു. 460 സ്‌കൂളുകളും 43 ആശുപത്രികളും അക്രമത്തിൽ നശിപ്പിക്കപ്പെട്ടു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

യുക്രെയ്നിൽ 5 കുട്ടികളിൽ ഒരാൾ വീതം രാജ്യം വിടേണ്ടി വന്നു. ഇനിയും ആറ് ദശലക്ഷം കുട്ടികളെങ്കിലും യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നു. പൊതുജന വാസകേന്ദ്രങ്ങൾക്കും സ്കൂളുകൾക്കും ആശുപത്രികളുടേയും നേർക്കുള്ള അക്രമങ്ങൾ വർധിച്ചതിനാൽ  ഇവർ ഗുരുതരമായ അപകടത്തിലാണ്. അക്രമങ്ങൾ  460 ലധികം സ്‌കൂളുകളെയും 43 ആശുപത്രികളെയും ബാധിച്ചുവെന്ന് Save the Children അറിയിക്കുന്നു. സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ കാരണം ആറ് ദശലക്ഷത്തോളം കുട്ടികൾ യുക്രെയ്‌നിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഭക്ഷണമോ ശുദ്ധജലമോ ആരോഗ്യപരിരക്ഷയോ ഇല്ലാതെ ഏതുനിമിഷവും ആക്രമിക്കപ്പെടുകയോ പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്യാവുന്ന കെട്ടിടങ്ങൾക്കുള്ളിലാണ് അവരിൽ പലരും അഭയം പ്രാപിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള നഗരപ്രദേശങ്ങളിൽ നടക്കുന്ന ആവർത്തിച്ചുള്ള ബോംബാക്രമണങ്ങളിൽ മുഴുവൻ തെരുവുകളും തകർന്നു. കുറഞ്ഞത് 464 സ്കൂളുകൾക്കും 43 ആശുപത്രികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

തുടർച്ചയായ ബോംബാക്രമണം മൂലം  യുക്രെയ്നിലെ,1.5 ദശലക്ഷത്തിലധികം കുട്ടികൾ രാജ്യം വിടാൻ നിർബന്ധിതരായി, അതേസമയം ഏകദേശം 6 ദശലക്ഷത്തോളം ഇനിയും ഉള്ളിൽ കുടുങ്ങിട്ടുണ്ടെന്ന്, സേവ് ദി ചിൽഡ്രൻ വെളിപ്പെടുത്തി. 100 വർഷത്തിലേറെയായി അപകടസാധ്യതയുള്ള പെൺകുട്ടികളെയും ആൺകുട്ടികളെയും രക്ഷിക്കാനും സംരക്ഷിക്കാനും പോരാടുന്ന സംഘടനയാണ് സേവ് ദ ചിൽഡ്രൺ.

ഉപരോധിക്കപ്പെട്ട നഗരമായ മരിയുപോളിൽ, ബുധനാഴ്ച കുട്ടികളടക്കം നൂറുകണക്കിന് ആളുകൾ അഭയം പ്രാപിച്ച തിയേറ്ററിലും നീന്തൽക്കുളത്തിലും ബോംബുകൾ പതിച്ചു. ഖാർകിവ് നഗരത്തിനടുത്തുള്ള സ്‌കൂളിലും കമ്മ്യൂണിറ്റി സെന്ററിലും നടത്തിയ വ്യോമാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. വാരാന്ത്യത്തിൽ, മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, നൂറുകണക്കിന് ആളുകൾ അഭയം പ്രാപിച്ച ഒരു സ്കൂളിന്റെ മേലായിരുന്നു അക്രമണം. പോരാട്ടം തുടരുകയാണെങ്കിൽ, പ്രത്യേകിച്ച് ജനവാസ മേഖലകളിലുള്ള, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ അവശ്യ സേവന സംവിധാനങ്ങൾക്ക് ഗണ്യമായ നാശനഷ്ടം സംഭവിക്കും. നിലവിൽ, 300-ലധികം ആരോഗ്യ കേന്ദ്രങ്ങൾ യുദ്ധം നടക്കുന്ന സ്ഥലങ്ങളിലോ കനത്ത സൈനിക സാന്നിധ്യമുള്ള സ്ഥലങ്ങളിലോ ആണ് സ്ഥിതി ചെയ്യുന്നത്. മറ്റു 600 എണ്ണം സംഘർഷ മേഖലകളിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുമാണ്.

ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഈ വർഷം ലോകത്തിലെ ആരോഗ്യ സംവിധാനങ്ങൾക്കെതിരായ ആക്രമണങ്ങളിൽ പകുതിയും യുക്രെയ്നിലാണ് സംഭവിച്ചത്. 89 അക്രമങ്ങളിൽ 43 എണ്ണവും ആശുപത്രികളുടെ നേർക്കായിരുന്നു. ആരോഗ്യ കേന്ദ്രങ്ങൾക്കുനേരെയുള്ള അക്രമം  സൈന്യം തുടരുകയാണെങ്കിൽ, യുക്രെയ്നിൽ ഇപ്പോഴും താമസിക്കുന്ന ആയിരക്കണക്കിന് കുട്ടികൾക്കും ഗർഭിണികൾക്കും അവരുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന ആരോഗ്യ പരിരക്ഷയില്ലാതെയാവും.

"ആക്രമണങ്ങളും തീവ്രമായ ബോംബിംഗും രാജ്യത്തുടനീളമുള്ള 460-ലധികം സ്‌കൂളുകൾക്ക് കേടുപാടുകൾ വരുത്തി, 60-ലധികം സ്‌കൂളുകൾ ഇപ്പോൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകളിൽ തങ്ങൾ അതീവ ഉത്കണ്ഠാകുലരാണ്. സ്കൂൾ കുട്ടികൾക്ക് സുരക്ഷിതമായ ഒരു സങ്കേതമായിരിക്കണം, ഭയത്തിന്റെ സ്ഥലമല്ല, എന്നാൽ അവിടെ ഇപ്പോൾ അവർ എല്ലാ ദിവസവും പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്തേക്കാം എന്ന ഭയത്തിലാണ് "  എന്ന് യുക്രെയ്നിലെ സേവ് ദി ചിൽഡ്രൻ ഡയറക്ടർ പീറ്റ് വാൽഷ് പറഞ്ഞു.

“യുക്രേനിയൻ റോഡുകൾ ഒരു യുദ്ധക്കളമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 59 കുട്ടികളെങ്കിലും അക്രമത്തിന്റെ തീവ്രതയിൽ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്, എന്നാൽ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 100-ലധികം കുട്ടികളുണ്ടാകാം. ഇതെല്ലാം അംഗീകരിക്കാനാവില്ല. യുദ്ധത്തിനും അതിന്റേതായ നിയമങ്ങളുണ്ട്, അവ വളരെ വ്യക്തമാണ്: കുട്ടികളോ ആശുപത്രികളോ സ്കൂളുകളോ അക്രമണങ്ങളുടെ ലക്ഷ്യമാക്കരുത്, ആകാൻ കഴിയില്ല. ഞങ്ങൾക്ക് യുക്രെയ്നിലെ കുട്ടികളെ എന്തുവിലകൊടുത്തും സംരക്ഷിക്കണം. ഈ യുദ്ധം അവസാനിക്കുന്നതിന് മുമ്പ് ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടുത്തണം?" പീറ്റ് വാൽഷ് പറഞ്ഞു.

പോരാട്ടം നടന്നുകൊണ്ടിരിക്കുമ്പോൾ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളാൽ സംരക്ഷിക്കപ്പെടുന്ന സ്‌കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സാധാരണക്കാരെയും സിവിലിയൻ വസ്തുക്കളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കണമെന്ന് അന്താരാഷ്ട്ര നിയമപരമായ ബാധ്യതകൾ നിർദ്ദേശിക്കുന്നു. സ്കൂളുകൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ ജീവനക്കാർ എന്നിവരെ സംരക്ഷിക്കുകയും വേണം, കൂടാതെ വിദ്യാഭ്യാസ സംവിധാനങ്ങളെ സൈനികമായി ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതും ഒഴിവാക്കണം, കാരണം ഇത് സാധാരണക്കാരെ, പ്രത്യേകിച്ച് കുട്ടികളെ ഗുരുതരമായി ബാധിക്കും. എന്നാൽ ഇവയാണ് നിലവിൽ സാധാരണക്കാരുടെ നാശനഷ്ടങ്ങളുടെ പ്രധാന കാരണങ്ങൾ എന്ന് സേവ് ദി ചിൽഡ്രൻ വെളിപ്പെടുത്തി.

കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ മാനുഷിക സഹായം നൽകിക്കൊണ്ട് 2014 മുതൽ യുക്രെയ്നിൽ സേവ് ദി ചിൽഡ്രൻ പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ സഹായങ്ങളും, മാനസീക പിൻതുണയും, തണുപ്പിനും ശുചീകരണത്തിനു മാവശ്യമായ കിറ്റുകളുടെ വിതരണം, കുടുംബങ്ങൾക്ക് ഭക്ഷണം, വീട്ടുവാടക, മരുന്ന് അല്ലെങ്കിൽ ഒരു പുതിയ സംരംഭം തുടങ്ങാനുള്ള  അടിസ്ഥാന ധന സഹായം എന്നിവയാണ് സേവ് ദ ചിൽഡ്രൺ യുക്രെയ്നിൽ നൽകി വരുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 March 2022, 14:34