തിരയുക

സിറിയൻ അഭയാർത്ഥികൾ - ഫയൽചിത്രം സിറിയൻ അഭയാർത്ഥികൾ - ഫയൽചിത്രം  

സിറിയൻ അഭയാർത്ഥികൾ ഇറ്റലിയിലെത്തി

ലെബനോനിൽനിന്ന് വിവിധ സംഘടനകളും ഇറ്റലിയും തമ്മിലുള്ള ഉടമ്പടിപ്രകാരം എൺപത്തിയഞ്ച് സിറിയൻ അഭയാർത്ഥികൾ ഇറ്റലിയിലെത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉക്രയിനിലെ യുദ്ധം ശക്തമായി തുടരുമ്പോഴും, ഇറ്റലിയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും മാനുഷിക ഇടനാഴികൾ വഴി ഇപ്പോഴും അഭയാർത്ഥികൾ എത്തുന്നതായി സാന്ത് എജീദിയോ സംഘടന അറിയിച്ചു. കഴിഞ്ഞ പതിനൊന്ന് വർഷമായി സിറിയയിൽ തുടരുന്ന സംഘർഷങ്ങളിൽനിന്ന് രക്ഷപെട്ട് ലെബനോനിൽ അഭയാർത്ഥി ക്യാമ്പുകളിൽ താമസിച്ചിരുന്ന കുറച്ച് ആളുകളാണ് മാർച്ച് ഇരുപത്തിയഞ്ചാം തീയതി റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിലെത്തിയത്. വടക്കൻ ലെബനോനിലെ ബെക്കാ താഴ്വരയിൽനിന്നാണ് ഇവർ ഇറ്റലിയിലേക്ക് പുറപ്പെട്ടത്. നിലവിൽ തുടരുന്ന കോവിഡ് മഹാമാരിയും, രാഷ്ട്രീയ പ്രതിസന്ധിയും അഭയാർത്ഥി ക്യാമ്പുകളിലെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

ഇപ്പോൾ എത്തിയിരിക്കുന്ന ആളുകൾക്ക് പുറമെ മാർച്ച് ഇരുപത്തിയെട്ടാം തീയതി ഇരുപത് ആളുകൾകൂടി റോമിലെത്തുമെന്ന് സാന്ത് എജീദിയോ സംഘടനാ അറിയിച്ചു. ആകെയുള്ള നൂറ്റിയഞ്ചു പേരിൽ മുപ്പത്തിയെട്ടു പേർ പ്രായപൂർത്തിയെത്താത്തവരാണ്. ഇവരിൽ കുറച്ചു കുട്ടികൾക്ക് വൈദ്യസഹായവും ആവശ്യമുള്ളവരാണ്.

സാന്ത് എജീദിയോ സംഘടന, ഇറ്റലിയിലെ ഏവൻജലിക്കൽ സഭാകൂട്ടായ്മ, താവൊള വൽദേസെ എന്നീ സംഘടനകൾ, ഇറ്റലിയുടെ വിദേശകാര്യമന്ത്രാലയവുമായി നടത്തിയിട്ടുള്ള ഉടമ്പടികൾ പ്രകാരം രണ്ടായിരത്തി പതിനാറു മുതൽ രണ്ടായിരത്തി ഒരുനൂറ്റിയൻപത് ആളുകളെയാണ് ഇറ്റലിയിലെത്തിച്ചിട്ടുള്ളത്. ഏതാണ്ട് ഇത്രയോളം ആളുകൾ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും എത്തിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 മാർച്ച് 2022, 14:04