തിരയുക

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അകലെ - അഫ്ഗാനിസ്ഥാനിൽനിന്ന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അകലെ - അഫ്ഗാനിസ്ഥാനിൽനിന്ന് 

പെൺകുട്ടികളുടെ വിദ്യാഭ്യാസനിരോധനം അടിസ്ഥാന അവകാശത്തിന്റെ നിഷേധം

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അനുവാദം ഔപചാരികമായി നിരോധിച്ചത് പെൺകുട്ടികളുടെ അടിസ്ഥാന അവകാശങ്ങളുടെ ഗുരുതരമായ നിഷേധമാണെന്ന് സേവ് ദി ചിൽഡ്രൻ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പുതിയ തീരുമാനങ്ങൾ ഉണ്ടാകുന്നതുവരെ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്കുള്ള സെക്കന്ററി സ്കൂൾ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചതായി താലിബാൻ നേതൃത്വം തീരുമാനമെടുത്തത് ആശങ്കാജനകമാണെന്ന് സേവ് ദി ചിൽഡ്രൻ മാർച്ച് ഇരുപത്തിമൂന്നിന് അവർ പുറത്തിറക്കിയ പത്രപ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു..

എല്ലാ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ആവശ്യമുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഈ ആഴ്ച ആദ്യം, അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസമന്ത്രാലയം ഉറപ്പുനൽകിയിരുന്നു. എന്നാൽ അതനുസരിച്ച് മാർച്ച് ഇരുപത്തിമൂന്നിന് സ്കൂളുകളിൽ എത്തിയ പെൺകുട്ടികൾക്ക് വിദ്യാഭ്യാസസൗകര്യം നിരോധിക്കുകയായിരുന്നു എന്നും ഇത് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ തീരുമാനം മാറിയതിനാലാണെന്നും സംഘടന അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെ, "എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട് എന്നും, അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ പ്രവേശനം പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞ ആഴ്ചകളിൽ അധികാരികൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു എങ്കിലും അവർ തങ്ങളുടെ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിച്ചില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ് എന്നും സേവ് ദി ചിൽഡ്രൻ ഏഷ്യ ഡയറക്ടർ ഹസ്സൻ നൂർ സാദി പറഞ്ഞു. “പെൺകുട്ടികൾ സ്കൂളിൽ പോകാത്ത ഓരോ ദിവസവും അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ദിവസങ്ങളാണ് എന്നും, ഈ തീരുമാനം അടിയന്തിരമായി പിൻവലിക്കാനും പെൺകുട്ടികൾക്കായി സ്‌കൂളുകൾ ഉടൻ തുറക്കുന്നത് ഉറപ്പാക്കാനും തങ്ങൾ അഫ്ഗാനിസ്ഥാൻ അധികാരികളോട് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1976 മുതൽ സേവ് ദി ചിൽഡ്രൻ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ 10 വിവിധ പ്രവിശ്യകളിൽ സ്വന്തമായും, മറ്റ് സംഘടനകളോട് ചേർന്ന് 3 പ്രവിശ്യകളിലും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി ഈ സംഘടന പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി ഏതാണ്ട് നൂറു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സംഘടനയാണ് സേവ് ദി ചിൽഡ്രൻ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2022, 14:09