തിരയുക

സങ്കീർത്തനചിന്തകൾ - 125 സങ്കീർത്തനചിന്തകൾ - 125 

ദൈവജനത്തിന് കോട്ടയായ ദൈവം

വചനവീഥി: നൂറ്റിയിരുപത്തിയഞ്ചാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
നൂറ്റിയിരുപത്തിയഞ്ചാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇസ്രായേൽ ജനത്തിന്റെ സമാധാനപ്രതീക്ഷകളും, ദൈവത്തിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള വിശ്വാസവും ഉള്ളടക്കം തീർക്കുന്ന നൂറ്റിയിരുപത്തിയഞ്ചാം സങ്കീർത്തനം, ജെറുസലേമിലേക്ക് ഇസ്രായേൽക്കാരുടെ പ്രധാനപ്പെട്ട മൂന്ന് തിരുന്നാളാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയിരുന്ന തീർത്ഥാടനവേളയിൽ തീർത്ഥാടകർ ഉപയോഗിച്ചിരുന്ന നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാല് വരെയുള്ള ആരോഹണഗീതങ്ങളിലെ ആറാമത്തേതാണ്. തീർത്ഥാടകന്റെ പ്രത്യാശയെയാണ് ഇവിടെ നാം കാണുന്നത്. ഇസ്രായേൽ ജനത്തിന്റെ ഭരണാധികാരി ദൈവമാണ്. നല്ലവരായ തന്റെ ഭക്തർക്ക് നന്മയും തന്റെ മാർഗ്ഗത്തിൽ ചരിക്കാത്ത തിന്മചെയ്യുന്ന ദുഷ്ടർക്ക് ദൈവം ശിക്ഷയും നൽകുമെന്ന ആശയവും സങ്കീർത്തനവരികളിലുണ്ട്. ജെറുസലേമിനെ വലയം ചെയ്യുന്ന പർവ്വതങ്ങൾ സങ്കീർത്തകന്റെ കണ്ണുകളിൽ ദൈവത്തിന്റെ സംരക്ഷണത്തിന്റെ പ്രതീകമാണ്. വിശുദ്ധ നഗരമായ ജെറുസലേമിനെന്നപോലെ, തന്റെ ജനമായ ഇസ്രായേലിന് ദൈവം സംരക്ഷണത്തിന്റെ കോട്ടയൊരുക്കിയിട്ടുണ്ട്.

സീയോന് സംരക്ഷണമാകുന്ന ദൈവം

സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ ദൈവം തന്റെ ജനത്തിനും നഗരത്തിനും നൽകുന്ന സംരക്ഷണത്തെക്കുറിച്ചാണ്. പ്രവാസികളായിരുന്ന ഇസ്രായേൽക്കാരെ സംബന്ധിച്ചിടത്തോളം തന്റെ ജനത്തിന് സംരക്ഷണമേകുമെന്ന യാഹ്‌വെയുടെ വാഗ്ദാനത്തിനെക്കുറിച്ചാണ് ജെറുസലേമിന് ചുറ്റുമുള്ള മലനിരകൾ ഓർമ്മിപ്പിക്കുന്നത്. പർവ്വതങ്ങൾ സീയോനെയെന്നപ്പോലെ ദൈവം തന്റെ ജനത്തെ സംരക്ഷണത്തിന്റെ വലയത്തിനുള്ളിൽ പരിപാലിക്കുമെന്നൊരു ചിന്തയാണ് അവരിൽ ഉള്ളത്.

ദൈവത്തിലുള്ള ഉറച്ച വിശ്വാസം തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് സുരക്ഷിതമായൊരു ജീവിതം വാഗ്ദാനം ചെയ്യുന്നു. അവരുടെ ജീവിതം പർവ്വതങ്ങൾ പോലെ സുസ്ഥിരമാണ്. ഈയൊരു ചിന്തയാണ് ഒന്നാം വാക്യത്തിൽ നാം വായിക്കുന്നത്: "കർത്താവിൽ ആശ്രയിക്കുന്നവർ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോൻപർവ്വതം പോലെയാണ്".  ഏക സംരക്ഷകനും, കോട്ടയും ശക്തിയും അഭയകേന്ദ്രവുമായി ദൈവത്തെ ആശ്രയിക്കുന്നവരുടെ ജീവിതം പർവ്വതങ്ങൾപോലെ സുസ്ഥാപിതമാണ്. ഒരു യഥാർത്ഥ വിശ്വാസിയായ തീർത്ഥാടകന്റെ ശരണം ജെറുസലെമെന്ന ഒരു നഗരത്തിലോ മനുഷ്യനിർമ്മിതമായ ദേവാലയത്തിലോ മാത്രമായി ഒതുങ്ങുന്നില്ല. അവൻ തന്റെ വിശ്വാസം ഉറപ്പിച്ചിരിക്കുന്നത് അചഞ്ചലനായ ദൈവത്തിലാണ്.

വിശുദ്ധ നഗരത്തെ വലയം ചെയ്യുന്ന പർവ്വതനിരകൾ വിശ്വാസിയിൽ അതിശയം ഉണർത്തുന്നുണ്ട്. സംരക്ഷണത്തിന്റെ ബോധ്യമുളവാക്കുന്ന പർവ്വതനിരകൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന ജെറുസലേം നഗരവും അവനിൽ ആശ്ചര്യവും ദൈവത്തിൽ അഭയം തേടാനുള്ള ത്വരയും ഉണർത്തുന്നുണ്ട്. ഭൂമിയും സൃഷ്ടപ്രപഞ്ചവും മനുഷ്യമനസ്സിൽ ദൈവികചിന്തയുണർത്തുകയാണെന്ന് നമുക്ക് വേണമെങ്കിൽ ഇവിടെ വായിക്കാം. ഈയൊരു ചിന്തയാണ് രണ്ടാം വാക്യത്തിലൂടെ സങ്കീർത്തകൻ ദൈവജനത്തിന് നൽകുന്നത്. "പർവ്വതങ്ങൾ ജെറുസലേമിനെ ചൂഴ്ന്നുനിൽക്കുന്നതുപോലെ കർത്താവ് ഇന്നുമെന്നേക്കും തന്റെ ജനത്തെ വലയം ചെയ്യുന്നു". ജനത്തോടൊപ്പം, അവർക്ക് സംരക്ഷണവലയമൊരുക്കി യാഹ്‌വെ വസിക്കുന്നു. സങ്കീർത്തനം എഴുതപ്പെട്ട കാലത്ത് മാത്രമല്ല, എന്നേക്കുമാണ് ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് സംരക്ഷണമേകുന്നത്. ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ചാൽ സംരക്ഷകനായി എന്നും അവൻ കൂടെയുണ്ടാകും.

നീതിമാന്മാരും ദുഷ്ടന്മാരും

തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിലെ നീതിമാന്മാരായ മനുഷ്യർക്ക് ദുഷ്ടരിൽനിന്ന് സംരക്ഷണമേകുന്നവൻ ദൈവമാണ്. സങ്കീർത്തനത്തിന്റെ മൂന്നാം വാക്യം ഇതാണ് വ്യക്തമാക്കുന്നത്: " നീതിമാന്മാർക്ക് നിശ്ചയിച്ചിരിക്കുന്ന ദേശത്ത് ദുഷ്ടരുടെ ചെങ്കോൽ ഉയരുകയില്ല; നീതിമാന്മാർ തിന്മചെയ്യാൻ ഉദ്യമിക്കാതിരിക്കേണ്ടതിനുതന്നെ". തന്നിൽ ശരണം വയ്ക്കുന്നവർക്ക്, തന്റെ കല്പനകളനുസരിച്ച് ജീവിക്കുന്നവർക്ക് ദൈവം നൽകുന്ന വാഗ്ദാനമാണ് സുരക്ഷിതമായ വാസം. ഇസ്രയേലിന്റെ ചരിത്രത്തിൽ ദൈവാശ്രയബോധവും, നീതിബോധവും കൈമോശം വന്ന സമയങ്ങളിലാണ് ദുഷ്ടരായ മനുഷ്യരുടെ ശക്തി വിശുദ്ധനഗരത്തിലും, ദൈവജനത്തിന്റെ മേലും ആധിപത്യം സ്ഥാപിച്ചത്. ശത്രുരാജ്യങ്ങളുടെ ആധിപത്യം മാത്രമല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്, മറിച്ച് തിന്മയുടെയും പാപത്തിന്റെയും അധിപത്യംകൂടിയാണ്. ദൈവം തന്നെയാണ് തന്റെ ജനത്തിന് ഭൂമി വാഗ്ദാനം ചെയ്തത്. ജെറുസലേമിലേക്ക് തീർത്ഥാടനം നടത്തുന്ന വിശ്വാസിയിൽ വിശുദ്ധനഗരം ഉണർത്തുന്ന ചിന്തയും ഈ ദൈവികവാഗ്ദാനം തന്നെയാണ്.

നന്മയുള്ള മനുഷ്യരിൽപ്പോലും തിന്മയുടെ ചിന്തകളും പ്രവൃത്തികളും ഉളവാക്കാൻ ദുഷ്ടരുടെ ഭരണത്തിനാകും. നീതിമാന്മാരായ മനുഷ്യരിൽപ്പോലും ദൈവികസംരക്ഷണത്തെക്കുറിച്ച് സംശയമുണർത്താൻ തിന്മയുടെ ഭരണത്തിനും, അക്രമങ്ങൾക്കും അനീതിക്കുമാകും. അതുകൊണ്ടുതന്നെയാണ്, തന്റെ ജനത്തിന് വിശ്വാസപാതയിൽ പാദങ്ങളിടറാതിരിക്കുവാനും, ദൈവാശ്രയബോധത്തിൽ കുറവുവരാതിരിക്കുവാനും, ദൈവംതന്നെ തന്റെ വിശുദ്ധനഗരത്തിന് സംരക്ഷണമേകുന്നത്. ആത്മാർത്ഥതയോടെ ദൈവത്തിൽ ശരണപ്പെടുന്ന വിശ്വാസിക്ക് തിന്മകളിൽനിന്ന് സംരക്ഷണമേകാനും, കൂടുതൽ ആഴമേറിയ വിശ്വാസത്തിലേക്ക് അവനെ ഉയർത്തുവാനും ദൈവംതന്നെയാണ് അനുഗ്രഹമേകുന്നത്.

അനുഗ്രഹവും ശിക്ഷയും

സങ്കീർത്തനത്തിന്റെ അവസാന രണ്ടു വാക്യങ്ങളിൽ, നല്ലവർക്ക് നന്മയും, ദുഷ്ടർക്ക് ശിക്ഷയും, ഇസ്രായേലിന് സമാധാനവും സങ്കീർത്തകൻ ആശംസിക്കുന്നു. ദൈവാശ്രയബോധത്തിൽനിന്നുയരുന്ന ഒരു പ്രാർത്ഥനകൂടിയാണിത്. നാലാം വാക്യം ഇങ്ങനെയാണ് "കർത്താവെ, നല്ലവർക്കും ഹൃദയപരമാർത്ഥതയുള്ളവർക്കും നന്മ ചെയ്യേണമേ!" പഴയനിയമത്തിലെ ദൈവമനുഷ്യബന്ധത്തിന്റെ ഒരു പ്രത്യേകതകൂടിയാണ് ഇവിടെ ഒരിക്കൽക്കൂടി പരാമർശിക്കപ്പെടുന്നത്. ദൈവത്തോട് അനുസരണമുള്ളവർക്ക് അനുഗ്രഹവും കൽപ്പനകൾ പാലിക്കാത്തവർക്ക് ശിക്ഷയും ശാപവും. നന്മചെയ്യുന്നവർക്ക് നന്മയും തിന്മചെയ്യുന്നവർക്ക് തിന്മയുമെന്ന പഴയനിയമചിന്ത ഇവിടെ വ്യക്തമാണ്. ഏതൊരു ജീവിതസാഹചര്യത്തിലും ഹൃദയപരാമർത്ഥതയോടെ ദൈവത്തിൽ ആശ്രയം അർപ്പിച്ച് ജീവിക്കുകയെന്നതാണ് വിശ്വാസിയായ ഓരോ മനുഷ്യനും അഭികാമ്യം. ഇളക്കം തട്ടാത്ത വിശ്വാസവും ദൈവാശ്രയബോധവുമാണ് നമ്മെ ദൈവാനുഗ്രഹത്തിന് അർഹരും, ദൈവത്തിന് സ്വീകാര്യരുമാക്കുക.

തിന്മയുടെ മാർഗ്ഗത്തിലേക്ക് തിരിയുന്നവരെ ദൈവം പിന്തള്ളുമെന്നൊരു ചിന്തയാണ് അഞ്ചാം വാക്യത്തിന്റെ ആരംഭത്തിൽ സങ്കീർത്തകൻ പങ്കുവയ്ക്കുന്നത്. വചനം ഇങ്ങനെയാണ്: "എന്നാൽ, വക്രതയുടെ മാർഗ്ഗത്തിലേക്ക് തിരിയുന്നവരെ, കർത്താവ് ദുഷ്കർമ്മികളോടുകൂടെ പുറന്തള്ളും" തിന്മ പ്രവൃത്തിക്കുന്നവർ ദൈവാരാജ്യത്തിൽനിന്നും പിന്തള്ളപ്പെടുമെന്ന വ്യക്തമായ ആശയമാണ് ഇവിടെ നാം വായിക്കുന്നത്. ദുഷ്ടരുടെ പതനത്തിലും അവരുടെ വിധിയിലും സങ്കീർത്തകന് സംശയമൊന്നുമില്ല. ദൈവത്താൽ പുറന്തള്ളപ്പെടാതിരിക്കാൻ ആഴമേറിയ വിശ്വാസത്തോടെ ദൈവത്തെ സ്നേഹിക്കുകയും അവനിൽ ശരണപ്പെടുകയുമാണ് ചെയ്യേണ്ടത്.

ഇസ്രായേലിന് സമാധാനം

"ഇസ്രായേലിൽ സമാധാനം നിലനിൽക്കട്ടെ!" എന്നെ പ്രാർത്ഥനാശംസയോടെ സങ്കീർത്തനത്തിന്റെ അഞ്ചാം വാക്യം അവസാനിക്കുകയാണ്. ജെറുസലേം സമാധാനത്തിന്റെ നഗരമാണ്. ജെറുസലേമിലേക്കെത്തുന്ന തീർത്ഥാടകർ ഈ സങ്കീർത്തനം ആലപിക്കുമ്പോൾ സങ്കീർത്തകന്റെ പ്രാർത്ഥനയ്‌ക്കൊപ്പം അവരും ഇസ്രായേലിലെ സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥനയിൽ പങ്കുചേരുകയാണ്. തിരഞ്ഞെടുക്കപ്പെട്ട ജനം ദൈവഹിതമനുസരിച്ച് ജീവിക്കുമ്പോഴാണ് അവർക്ക് സമാധാനമനുഭവിക്കാനാവുക. ദൈവമാണ് തന്റെ ജനത്തിന് സമാധാനം നൽകുന്നവൻ. ദൈവം തിരഞ്ഞെടുത്ത ജനം മുഴുവന്റെയും ആഗ്രഹവും പ്രാർത്ഥനയുമായി ഈ വാക്യത്തെ നമുക്ക് കാണാനും, സങ്കീർത്തകനൊപ്പം ഇത് നമ്മുടെയും പ്രാർത്ഥനയായി മാറ്റാനും സാധിക്കണം. ലോകം മുഴുവൻ ദൈവത്തെ അറിഞ്ഞ്, അവന്റെ കൽപ്പനകൾ അനുസരിച്ച്, അവന്റെ പ്രീതിക്ക് പാത്രമായി നന്മയിലും ഐശ്വര്യത്തിലും ജീവിക്കട്ടെ. ഇസ്രയേലിനും ലോകത്തിനു മുഴുവനും സമാധാനമുണ്ടാകട്ടെ.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിയിരുപത്തിയഞ്ചാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

ദൈവത്തിൽ കൂടുതലായി ആശ്രയിക്കുവാനും, ഉറച്ച വിശ്വാസത്തിൽ ഈ ലോകത്തിലെ തീർത്ഥാടനത്തിൽ മുന്നേറാനുമാണ് ഇന്നത്തെ സങ്കീർത്തനചിന്തകൾ നമ്മെ ക്ഷണിക്കുന്നത്. നന്മ ചെയ്ത് നന്മയ്ക്ക് അർഹരാകുവാനും, നീതിയോടെ ദൈവത്തിനും മനുഷ്യർക്കും മുന്നിൽ ജീവിക്കാനും ഓരോ വിശ്വസിക്കും കടമയുണ്ട്. ദൈവികസംരക്ഷണത്തിന്റെ കോട്ടയിൽ ലോകത്തിനു മുഴുവൻ സമാധാനം പ്രാർത്ഥിച്ചുകൊണ്ട് ജീവിക്കുവാനാണ് നമ്മുടെ വിളി.

റോണ കോട്ടൂർ രചന നിർവ്വഹിച്ച ഒരു ഗാനമാണ് അടുത്തത്. സംഗീതസംവിധാനവും ആലാപനവും സാംസൺ കോട്ടൂർ.

നീയെന്റെ സങ്കേതവും.....

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 മാർച്ച് 2022, 12:22