ഇസ്രയേലിന്റെ സംരക്ഷകനായ ദൈവം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജെറുസലേമിലേക്കുള്ള തീർത്ഥാടകർ ഉപയോഗിച്ചിരുന്ന, നൂറ്റിയിരുപതുമുതലുള്ള പതിനഞ്ച് സങ്കീർത്തനങ്ങളിലെ അഞ്ചാമത്തെ സങ്കീർത്തനമായ നൂറ്റിയിരുപത്തിനാലാം സങ്കീർത്തനം ദൈവത്തിനുള്ള വിശ്വാസസമൂഹത്തിന്റെ ഒരു കൃതജ്ഞതാഗാനമാണ്. സംരക്ഷണത്തിനുള്ള നന്ദിയാണ് ഇവിടെയുള്ള പ്രതിപാദ്യവിഷയം. എട്ടു വാക്യങ്ങൾ മാത്രമേയുള്ളു എങ്കിലും, ഇരുപത്തിമൂന്നാം സങ്കീർത്തനം പോലെ ഈ സങ്കീർത്തനവും ധാരാളം ഉപമകൾ ഉൾക്കൊള്ളുന്നു. ആർത്തിരമ്പുന്ന പ്രവാഹം, വന്യമൃഗങ്ങൾ, വേടന്റെ വല എന്നിവയാണ് ഇവിടെ തങ്ങളുടെ ജീവിതവും ദൈവവും തമ്മിലുള്ള ബന്ധത്തിലെ സംരക്ഷണത്തിന്റെയും വിടുതലിന്റെയും അനുഭവങ്ങളുമായി ബന്ധിപ്പിച്ച് സങ്കീർത്തകൻ ഉപയോഗിക്കുന്ന ഉപമകൾ. ഇസ്രയേലിന്റെ സംരക്ഷകൻ യാഹ്‌വെ എന്ന ദൈവമാണ്. അവനിലും അവന്റെ നാമത്തിലുമല്ലാതെ ഇസ്രായേലിന് മറ്റൊരു രക്ഷയില്ല. തങ്ങളുടെ അസ്തിത്വത്തിനും നിലനിൽപ്പിനും തങ്ങൾ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു എന്ന ചിന്ത ഓരോ വിശ്വാസിയുടെ മനസ്സിലും ആഴമായി പതിഞ്ഞിരിക്കുന്നതിനാലാണ് അവൻ ദൈവം വസിക്കുന്ന ഇടം തേടി തീർത്ഥാടനത്തിനിറങ്ങുന്നതും, ദൈവത്തിലാശ്രയിക്കുന്നതും, നന്ദി പറയുന്നതും.
ഏക ആശ്രയമായ ദൈവം
ദൈവത്തിലുള്ള വിശ്വാസപ്രഖ്യാപനത്തിന്റേതാണ് സങ്കീർത്തനത്തിന്റെ ആദ്യവാക്യങ്ങൾ, ഒപ്പം നന്ദിയുടേതും. ഒന്നും രണ്ടും വാക്യങ്ങൾ ഇങ്ങനെയാണ്; "ഇസ്രായേൽ പറയട്ടെ, കർത്താവ് നമ്മുടെ പക്ഷത്തില്ലായിരുന്നെങ്കിൽ, ജനങ്ങൾ നമുക്കെതിരെ ഉയർന്നപ്പോൾ, കർത്താവ് നമ്മോടുകൂടെ ഇല്ലായിരുന്നെങ്കിൽ" ദൈവത്തെക്കൂടാതെ തങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കില്ലെന്ന ബോധ്യം കൂടുതൽ ദൈവാശ്രയബോധത്തിലേക്കും, അതുവഴി ദൈവത്തിന്റെ കൂടുതൽ സംരക്ഷണത്തിലേക്കും അവൻ നൽകുന്ന രക്ഷയിലേക്കുമാണ് വിശ്വാസികളെ നയിക്കുന്നത്. ഇസ്രായേൽ ജനത്തോട് ദാവീദിന് പറയാനുള്ളത് യാഹ്‌വെ എന്ന ദൈവം എല്ലായ്‌പ്പോഴും തങ്ങൾക്കൊപ്പമുണ്ട് എന്ന സത്യമാണ്. തങ്ങളുടെ പക്ഷത്തും തങ്ങളുടു കൂടെയും ദൈവം ഉണ്ടായിരുന്നതാണ് തങ്ങൾക്ക് മോചനവും രക്ഷയും നൽകിയത് എന്നാണ് സങ്കീർത്തകൻ വിളിച്ചുപറയുന്നത്. ചരിത്രത്തിലുടനീളം ദൈവം തങ്ങൾക്കൊപ്പമുണ്ടായിരുന്നു എന്ന ബോധ്യമാണ് സങ്കീർത്തകൻ ജനത്തിന് നൽകുന്നത്. ഈജിപ്തിൽനിന്നുള്ള പുറപ്പാടിലും, മരുഭൂമിയിലെ യാത്രയിലും, എന്തിന് തങ്ങളുടെ തീർത്ഥാടനത്തിലും യാഹ്‌വെ ഒപ്പമുണ്ടായിരുന്നു എന്ന ബോധ്യം, ജനത്തിന് ദൈവത്തോടുള്ള സ്നേഹവും വിശ്വസ്തത യും കൂടുതൽ ആഴപ്പെടാനും കാരണമാകുന്നുണ്ട്. ജനത്തിന് മുഴുവനും ഈ ബോധ്യം ഉണ്ടായിരിക്കണമെന്ന് സങ്കീർത്തകൻ ആഗ്രഹിക്കുന്നുമുണ്ട്. എപ്പോഴൊക്കെ മറ്റു ജനതകളും ശക്തികളും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനെതിരെ നിന്നോ അപ്പോഴൊക്കെ യാഹ്‌വെ ഇസ്രായേലിന് സംരക്ഷണമായി, കോട്ടയായി, ഒപ്പമുള്ള ദൈവമായി കൂടെ നിന്നിരുന്നു.
ഒഴിവാക്കപ്പെട്ട നാശം
മൂന്നു മുതൽ അഞ്ചു വരെയുള്ള വാക്യങ്ങളിൽ, ദൈവം കൂടെയുണ്ടായിരുന്നില്ലെങ്കിൽ തങ്ങൾക്ക് സംഭവിച്ചേക്കാമായിരുന്ന തിന്മകളെക്കുറിച്ചാണ് സങ്കീർത്തകൻ എടുത്തുപറയുന്നത്. "അവരുടെ കോപം നമുക്കെതിരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു. ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു; മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു. ആർത്തിരമ്പുന്ന പ്രവാഹം നമ്മുടെമേൽ കവിഞ്ഞൊഴുകുമായിരുന്നു". ദൈവം കൂടെയില്ലായിരുന്നെങ്കിൽ ശത്രുകരങ്ങളാൽ തങ്ങൾ ഇല്ലായ്മ ചെയ്യപ്പെട്ടേനെ എന്നാണ് ദാവീദ് ജനത്തെ ഓർമ്മിപ്പിക്കുന്നത്. യാഹ്‌വെ മാത്രമാണ് ഇസ്രായേലിന് രക്ഷകനായുള്ളത്. ദൈവജനത്തിനെതിരെ അധികാരങ്ങളും രാജ്യങ്ങളും എതിർത്തതിന്റെ ചരിത്രം നാം വിശുദ്ധ ഗ്രന്ഥത്തിലും ചരിത്രത്തിലും പലവുരു കാണുന്നുണ്ട്. അഗ്നിയിലും വന്യമൃഗങ്ങൾക്ക് മുന്നിലും എറിയപ്പെട്ടപ്പോഴും ശക്തമായ വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയം വയ്ക്കാൻ ഇസ്രായേൽ ജനത്തിനായതും, യാഹ്‌വെ തങ്ങൾക്കൊപ്പമുള്ള ദൈവമാണെന്ന അറിവാണ്. ആഞ്ഞടിക്കുന്ന കടലും, എല്ലാം തുടച്ചൊഴുകുന്ന ജലപ്രവാഹവുമൊക്കെ പഴയനിയമത്തിൽ തിന്മയുടെ ശക്തിയായി കരുതപ്പെട്ടിരുന്നവയാണല്ലോ. ആപത്തുകളുടെ കടലുകളിലും ദൈവജനത്തിന് കരുത്തായി നിൽക്കുന്നവൻ ദൈവമാണ്. ബുദ്ധിമുട്ടുകളുടെ ഭീകരതയും വിപത്തും ജീവിതത്തെ വിഴുങ്ങിക്കളയുമെന്ന ഭയത്തിന് മുന്നിലും, മലവെള്ളം പോലെ മൂടിക്കളയുന്ന, കവിഞ്ഞൊഴുകുന്ന പ്രശ്നങ്ങളുടെ മുന്നിലും വിശ്വാസിക്ക് കരുത്താകുന്നത് ദൈവമാണ്.
സഹായകനായ ദൈവത്തിനുള്ള നന്ദി
തങ്ങളുടെ സംരക്ഷകനായ ദൈവത്തിനുള്ള നന്ദിയുടേതാണ് ആറും ഏഴും വാക്യങ്ങൾ. "നമ്മെ അവരുടെ പല്ലിന് ഇരയായിക്കൊടുക്കാതിരുന്ന കർത്താവ് വാഴ്ത്തപ്പെടട്ടെ! വേടന്റെ കെണിയിൽനിന്ന് പക്ഷിയെന്നപോലെ നമ്മൾ രക്ഷപെട്ടു; കെണി തകർന്ന് നാം രക്ഷപെട്ടു". ദൈവസംരക്ഷണത്തിന്റെ നിമിഷങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ വിശ്വാസജീവിതത്തിൽ മുന്നോട്ട് പോകാൻ ഓരോ മനുഷ്യനെയും സഹായിക്കും. രണ്ട് ഉപമകളിലൂടെയാണ് ദാവീദ് ദൈവം നൽകിയ സംരക്ഷണത്തെ ഈ വാക്യങ്ങളിൽ വിവരിക്കുന്നത്: കടിച്ചുമുറിക്കാമായിരുന്ന വന്യമായ പല്ലുകളിൽനിന്നും, പക്ഷികൾക്കായി ഒരുക്കിയ കെണിയിൽനിന്നും രക്ഷപെടുന്നതുപോലെ നാശത്തിന്റെ കെണികളിൽനിന്നും. ഒരു വന്യമൃഗത്തിന്റെ മൂർച്ചയേറിയ പല്ലുകൾ പോലെ, വിശ്വാസിയുടെ ആത്മാവിനെ കീറിമുറിച്ച് അവന്റെ വിശ്വാസജീവിതത്തെ കാർന്നുതിന്നുവാൻ കാത്തിരിക്കുന്ന തിന്മകളിൽനിന്നും, സംരക്ഷണമേകാൻ, ദൈവത്തിനേ കരുത്തുള്ളൂ. ദൈവം സൃഷ്‌ടിച്ച ഈ ഭൂമിയിലും, ദൈവതിരുമുൻപിലും ദൈവസ്‌തുതികൾ പാടി നടക്കേണ്ട മനുഷ്യാത്മാവിനെ പ്രലോഭനങ്ങളുടെയും തിന്മകളുടെയും അവിശ്വാസത്തിന്റെയും കെണിയിൽപ്പെടുത്തി സ്വന്തമാക്കുവാൻ കാത്തിരിക്കുന്ന തിന്മയുടെ ശക്തിയിൽനിന്നും മോചനമേകാൻ, നുകങ്ങളെയും ചങ്ങലകളെയും തകർക്കുവാനും, മനുഷ്യന് യഥാർത്ഥ സ്വാതന്ത്ര്യമേകുവാനും കഴിവുള്ള ദൈവത്തിനെ സാധിക്കൂ. ആഗ്രഹങ്ങളുടെ വിശപ്പും, അറിവില്ലായ്മയുടെ ഭയവുമാണ് മനുഷ്യാത്മാവിനെ തിന്മയുടെ കെണിയിലെത്തിക്കുക. ദൈവത്തിന്റെ കരങ്ങൾക്കേ, പാപത്തിന്റെ ബന്ധനത്തിൽനിന്നും ആത്മാവിന്റെ ചിറകുകൾക്ക് മോചനമേകാനാകൂ.
ദൈവനാമത്തിൽ ആശ്രയം
നൂറ്റിയിരുപത്തിനാലാം സങ്കീർത്തനത്തിന്റെ അവസാനവാക്യമായ എട്ടാം വാക്യത്തിലേക്കെത്തുമ്പോൾ, സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങളിലെന്നതുപോലെ ഒരു വിശ്വാസപ്രഖ്യാപനമാണ് വീണ്ടും നാം കാണുന്നത്. "ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിന്റെ നാമത്തിലാണ് നമ്മുടെ ആശ്രയം" പ്രപഞ്ചസൃഷ്ടാവായ ദൈവത്തിലുള്ള ശരണവും വിശ്വാസവും ഏറ്റുപറയുവാൻ രണ്ടാണ് കാരണങ്ങൾ, ഒന്നാമതായി തങ്ങളുടെ ഇന്നലെകളിലെ ചരിത്രത്തിന്റെ ഓരോയിടങ്ങളിലും ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ രക്ഷയ്ക്കായി ഇടപെട്ടതിന്റെ ഓർമ്മകൾ ജനത്തിന് ഇപ്പോഴും വ്യക്തമായുണ്ട്. രണ്ടാമതായി, മനുഷ്യന്റെ അളവുകോലുകൾക്കുമപ്പുറം നിൽക്കുന്ന ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്‌ടിച്ച ദൈവത്തിന് നമ്മുടെ ദൃഷ്ടികൾക്ക് അതീതമായ തിന്മകളിൽനിന്നുപോലും തങ്ങളെ സാംരക്ഷിക്കാനുള്ള കഴിവുണ്ടെന്ന സങ്കീർത്തകന്റെയും ദൈവജനത്തിന്റെയും വിശ്വാസം. യാഹ്‌വെ എന്ന ദൈവം തന്നെ വിളിച്ചപേക്ഷിക്കുന്ന ഒരുവനെയും ഉപേക്ഷിക്കില്ലെന്നും, മരണകരമായ അവസ്ഥകളിനിന്നുപോലും അവനെ കാത്തുപരിപാലിക്കുമെന്നും, തിന്മകളുടെ തിരകളിൽനിന്ന് അവരുടെ ജീവനെ അവൻ രക്ഷിക്കുമെന്നുമുള്ള വിശ്വാസമാണ് സങ്കീർത്തകൻ ഈ വാക്യങ്ങളിലൂടെ ഓരോ തീർത്ഥാടകഹൃദയത്തിലും കോറിയിടുന്നത്.
സങ്കീർത്തനം നമ്മുടെ ജീവിതവഴികളിൽ
നൂറ്റിയിരുപത്തിനാലാം സങ്കീർത്തനവിചിന്തനം ഇവിടെ ചുരുക്കുമ്പോൾ, ജെറുസലേമിലേക്കുള്ള ഓരോ തീർത്ഥാടകനോടുമെന്നതുപോലെ വിശ്വാസികളായ നമ്മോടും, സംരക്ഷകനായ ദൈവത്തിൽ സർവ്വം സമർപ്പിക്കുവാനും, അവനേകിയ അനുഗ്രഹങ്ങൾക്കും രക്ഷയ്ക്കും നന്ദിയുള്ളവരായിരിക്കുവാനും ദൈവവചനം ആവശ്യപ്പെടുന്നു. ഈജിപ്തിൽ ഫറവോയുടെ കരങ്ങളുടെ അടിമത്തത്തിനുകീഴിൽനിന്ന് ഇസ്രായേൽ ജനത്തെ മോചിപ്പിച്ച്, അവർക്കൊപ്പം നടന്ന ദൈവത്തെപ്പോലെ, ഇന്നും നമ്മോടൊത്തുവസിക്കുന്ന ദൈവത്തിന്, തിന്മയുടെയും വേദനകളുടെയും കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും ഒറ്റപ്പെടലിന്റെയും തീരങ്ങളിൽ നമുക്ക് രക്ഷയാകാനും തുണയാകാനും സാധിക്കുമെന്ന് വചനം നമുക്ക് ഉറപ്പു നൽകുന്നു. ഏതൊരു അപകടത്തിന് മുന്നിലും, ദൈവത്തിന്റെ തിരുനാമം വിളിച്ചപേക്ഷിച്ചാൽ, അവൻ ഉത്തരമരുളുമെന്ന്, നമ്മെ തളച്ചിടുന്ന ബന്ധനങ്ങളിൽനിന്നും, കെണികളിൽനിന്നും, നമ്മുടെ സംരക്ഷകനായ, നമുക്കൊപ്പം വസിക്കുന്ന, എമ്മാനുവേലായ ദൈവം നമ്മെ മോചിപ്പിക്കുമെന്ന വിശ്വാസത്തിൽ നമുക്കും ജീവിതമാകുന്ന തീർത്ഥാടനം തുടരാം. നമ്മുടെ ദൈവത്തിന്റെ ശക്തമായ നാമത്തിനുകീഴിൽ നമുക്കും സംരക്ഷണത്തിന്റെ സന്തോഷവും ദൈവമക്കൾക്കടുത്ത സ്വാതന്ത്ര്യവും അനുഭവിക്കാം.
വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിയിരുപത്തിനാലാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.
ഇസ്രയേലിന്റെ സംരക്ഷകനായ ദൈവം കരുതലിന്റെ ദൈവമാണ്. തന്നോട് ചേർന്ന് നിൽക്കുന്നവരെ, തന്റെ കല്പനകൾ അനുസരിച്ച് ജീവിക്കുന്നവരെ കൃപകളാൽ നിറച്ച് പരിപാലിക്കുന്നവനാണ് അവൻ. ജീവിതയാഥാർത്ഥ്യങ്ങളുടെ ചുട്ടുപൊള്ളിക്കുന്ന ചൂടിലും, ആത്മാവിന്റെ കടുത്ത അന്ധകാരങ്ങളിലും അവനിലേക്ക് കരങ്ങളുയർത്തിയാൽ തന്റെ അനുഗ്രഹങ്ങളുടെ ആശ്വാസത്താലും, പൈതൃകമായ സ്നേഹത്തിന്റെ വെളിച്ചത്താലും അവൻ നമ്മുടെയും വഴികളിൽ കൂടെയുണ്ടാകും. ദൈവപരിപാലനത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു ഗാനമാണ് അടുത്തത്.
ബെന്നി കണ്ടത്തിൽ എഴുതിയ ഈ ഗാനത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് സാബു ലൂയിസ്. ആലാപനം അഞ്ചു ജോസഫ്.
എൻ ദൈവമെന്നെ നടത്തീടുന്നു.......
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: