ദെവമാതാവിന്റെ വ്യാകുല പ്രലാപം - 4
എഫ്. ആന്‍റണി പുത്തൂര്‍, ചാത്യാത്ത്
ജര്‍മ്മനിയിലെ ഓസ്നാബ്രൂക്ക് നഗരത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന അക്കാദീമീയ കരോലിനും എന്ന ജസ്വിറ്റ് കോളേജില്‍ യൊഹാന്നസ് ഏണസ്തൂസ് ഫോണ്‍ ഹാങ്സ്ലേഡന്‍ എന്ന അര്‍ണോസ് പഠിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് മലബാര്‍ മിഷനിലേക്ക് സേവനം ചെയ്യുന്നതിനായുള്ള യുവാക്കളെ തേടിയെത്തിയ വില്യം വേബര്‍ പാതിരിയുമായി അര്‍ണോസ് ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഫാദര്‍ വില്യം വേബര്‍, ഫാദര്‍ വില്യം മേയര്‍, ഫ്രാന്‍സിസ് കാസ്പര്‍ ഷില്ലിംഗര്‍ എന്നിവര്‍ക്കൊപ്പം മദ്ധ്യ ഇറ്റലിയിലെ ലിവോര്‍ണോ തുറമുഖത്തുനിന്നും 1699 ഒക്ടോബര്‍ 3-ന് അര്‍ണോസ് പാതിരി തന്‍റെ 18-ആം വയസ്സില്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടു. കടലിലൂടെയും കരയിലൂടെയും ഉള്ള അപകടപൂര്‍ണ്ണമായ ആ യാത്രയുടെ അവസാനഘട്ടത്തില്‍ ഗുരുക്കന്മാരായ 37 വയസ്സുകാരന്‍ ഫാദര്‍ വില്യം വേബര്‍ 1700 നവംബര്‍ 25-നും, 39 വയസ്സുകാരനായ ഫാദര്‍ വില്യം മേയര്‍ 1700 നവംബര്‍ 28-നും പനിബാധിതരായി മരണപ്പെട്ടു. പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. സംഭവബഹുലമായ ഈ യാത്രയുടെ ബാക്കിഭാഗം അടുത്തതില്‍ വിശകലനം ചെയ്യാം.
മലയാളത്തിന്‍റെ രണ്ടാം എഴുത്തച്ഛന്‍ എന്നറിയപ്പെടുന്ന അര്‍ണോസ് പാതരിയുടെ 'ഉമ്മാടെ ദുഃഖം' എന്ന കാവ്യത്തില്‍ പരിശുദ്ധ മറിയത്തിന്‍റെ 7 വ്യാകുലങ്ങളാണ് വിഷയമാക്കുന്നത്. അവയില്‍ നാലാമത്തെ വ്യാകുലം ആയി സഭ അംഗീകരിക്കുന്നത് യോഹന്നാന്‍റെ സുവിശേഷം 19-ആം അദ്ധ്യായം 17-ആം വാക്യത്തിലെ 'അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം- ഹെബ്രായഭാഷയില്‍ ഗൊല്‍ഗോഥാ- എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കുപോയി' എന്ന ഭാഗമാണ്.
മലയാളത്തിന്‍റെ അര്‍ണവം എന്ന് സുകുമാര്‍ അഴീക്കോട് മാഷ് വിശേഷിപ്പിച്ച അര്‍ണോസ് പാതിരി രചിച്ച ഉമ്മാടെ ദുഃഖം എന്ന വിലാപകാവ്യത്തിന്‍റെ 37 മുതല്‍ 48 വരെയുള്ള ഈരടികളിലൂടെയാണ് നാമിന്ന് കടന്നുപോകുക.
'നിന്‍തിരുമേനിയിന്‍ ചോര, കുടിപ്പാനായ് വൈരികള്‍ക്കു
എന്തുകൊണ്ടു ദാഹമിത്ര വളര്‍ന്നു പുത്ര!
നിന്‍തിരുമുഖത്തു തുപ്പി നിന്ദചെയ്തു തൊഴുതയ്യോ!
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്ര!
നിന്ദവാക്കു പരിഹാസം പലപല ദുഷികളും
നിന്നെയാക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്ര!
ബലഹീനനായനിന്നെ വലിയൊരു കുരിശതു
ബലം ചെയ്തിട്ടെടുപ്പിച്ചു നടത്തീ പുത്ര!'
എന്നീ വരികളിലൂടെ ദുഃഖാര്‍ത്തയായ ആ അമ്മ ചോദിക്കുകയാണ്: പ്രിയമകനേ, നിന്‍റെ ശത്രുക്കള്‍ക്ക് നിന്‍റെ ചോരകുടിക്കുവാന്‍ എന്താണിത്ര ദാഹം? ഏതെല്ലാം വിധത്തിലാണവര്‍ നിന്നെ അപമാനിച്ചത്! നിന്‍റെ മുഖത്ത് തുപ്പി, നിന്ദിച്ചു, ഒരു ജന്തുവോടായാലും ഇങ്ങനെയൊക്കെ മനുഷ്യര്‍ ആരെങ്കിലും പ്രവര്‍ത്തിക്കുമോ? അടിയും ചവിട്ടുമൊക്കെ ഏറ്റ് ദുര്‍ബലനായ നിന്‍റെ തോളിലേക്ക് അവര്‍ വലിയൊരു കുരിശ് ബലമായി എടുപ്പിച്ചു. എന്നിട്ടവര്‍ എന്തെല്ലാം ക്രൂരതകളാണ് നിന്നോടു കാണിച്ചത്? പിന്നീട്,
'തല്ലി, നുള്ളിയടി, ച്ചുന്തി, ത്തൊഴിച്ചു വീഴിച്ചിഴച്ചൂ
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്ര!
ചത്തതുപോയ മൃഗം ശ്വാക്കളെത്തിയങ്ങു പറിക്കുംപോല്‍
കുത്തി നിന്‍റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ!
ദുഷ്ടരെന്നാകിലും കണ്ടാല്‍ മനംപൊട്ടും മാനുഷര്‍ക്കു
ഒട്ടുമേയില്ലനുഗ്രഹമിവര്‍ക്കു പുത്ര!
ഈയതിക്രമങ്ങള്‍ ചെയ്വാന്‍ നീയവരോടെന്തു ചെയ്തു
നീയനന്ത ദയയല്ലോ ചെയ്തതു പുത്ര!'
തല്ലുകയും അടിക്കുകയും തൊഴിച്ചുവീഴ്ത്തുകയും ചെയ്തുകൊണ്ട് എത്രമാത്രം യാതനകളാണ് നിന്നില്‍ അവര്‍ ഏല്പിച്ചത്? ചത്തുപോയ മൃഗത്തെ നായ്ക്കളെത്തി കടിച്ചുപറിക്കുന്നതുപോലെ, നിസ്സഹായനായ നിന്‍റെ മുറിവുകളിന്മേല്‍ അവര്‍ വീണ്ടും വീണ്ടും കുത്തി നൊമ്പരപ്പെടുത്തിയില്ലേ? ദുഷ്ടന്മാരോട് നിന്ദ അതിക്രമിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അലിവ് ഉണ്ടാകുമെങ്കിലും നിന്‍റെ കാര്യത്തില്‍ ആര്‍ക്കും ഒരു ദയയും ഉണ്ടായില്ലല്ലോ? ഇത്രമേല്‍ അതിക്രമങ്ങള്‍ നിന്നോടു ചെയ്യുവാന്‍ മാത്രം എന്തു തെറ്റാണ് നീ അവരോട് ചെയ്തത്? അനന്തദയാലുവായ നിനക്ക് വേണമെങ്കില്‍ നിന്‍റെ ദൈവികശക്തിയാല്‍ ഇതിനെയെല്ലാം അതിജീവിക്കുവാന്‍ കഴിയുമായിരുന്നിട്ടും നീയതിനു തുനിഞ്ഞില്ലല്ലോ മകനേ! ഇപ്രകാരം വിലപിക്കുന്ന ആ അമ്മ,
'ഈ മഹാപാപികള്‍ ചെയ്തയീ മഹാനിഷ്ഠൂര കൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്ര!
ഭൂമി മാനുഷര്‍ക്കുവന്ന ഭീ മഹാദോഷം പൊറുപ്പാന്‍
ഭൂമിയേക്കാള്‍ ക്ഷമിച്ചു നീ സഹിച്ചോ പുത്ര!
ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചവര്‍ നിന്നെ
ജറൂസലേം നഗര്‍ നീളെ നടത്തിയോ പുത്ര!
വലഞ്ഞു വീണെഴുന്നേറ്റു, കൊലമരം ചുമന്നയ്യോ!
കൊലമലമുകളില്‍ നീയണഞ്ഞോ പുത്ര!'
എന്നീ വരികളിലൂടെ എത്ര ദയാപൂര്‍വ്വമാണ് ഈ മഹാപാപികളുടെ ക്രൂരതകളെല്ലാം നീ ക്ഷമിച്ചത്? ഭൂമിയിലെ സകല മനുഷ്യര്‍ക്കും വന്ന പാപങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി നീ സകലതും ഭൂമിയേക്കാള്‍ ക്ഷമയോടെ സഹിക്കുകയായിരുന്നില്ലേ? ക്രൂരമായ ശിക്ഷകള്‍ നല്‍കിക്കൊണ്ട് നിന്നെ ജറുസലേം നഗരത്തിലൂടെ കൊലമരവും ചുമപ്പിച്ച് ഗാഗുല്‍ത്താമലയിലേക്ക് നടത്തിയില്ലേ? എന്നൊക്കെ ആ അമ്മമനസ്സ് ചോദിക്കുകയാണ്. പ്രിയരെ ഉമ്മാടെ ദുഃഖത്തിലെ 49 മുതല്‍ 60 വരെയുള്ള ഈരടികള്‍ അടുത്തയാഴ്ച വിചിന്തനം ചെയ്യാം. നന്ദി! നമസ്കാരം!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: