ദൈവമാതാവിന്റെ വ്യാകുലപ്രലാപം - 1
1681-ൽ ജർമനിയിൽ ജനിച്ച് 1701-ൽ ഇന്ത്യയിലെത്തിയ, ഈശോസഭാ വൈദികനായിരുന്ന അർണോസ് പാതിരി രചിച്ച ആദ്യകൃതികളിൽ ഒന്നായ 'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' അഥവാ 'ഉമ്മാടെ ദുഃഖം' ക്രിസ്തുവിന്റെ രക്ഷാകരപ്രവർത്തിയും, തന്റെ മകനായ യേശുവിന്റെ കുരിശുമരണത്തിന്റെ അനുഭവം പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ നിറയ്ക്കുന്ന വേദനയുടെ തീവ്രതയുമാണ് വർണ്ണിക്കുന്നത്. വ്യാകുലമാതാവിന്റെ ഹൃദയവികാരവിചാരങ്ങളെ ഓരോ ക്രൈസ്തവവിശ്വാസിയുടെയും ഉള്ളിൽ നിറയ്ക്കുവാനും, വേദനകളുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്ക് ആശ്വാസം നൽകാനും ഈ കാവ്യത്തിന് ഏറെ സാധിച്ചിട്ടുണ്ട്. ഓരോ വിശ്വസിക്കും, പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ ഹൃദ്യമാണ് ഇതിന്റെ ഓരോ വരികളും. ഏതൊരു മനുഷ്യമനസ്സിനെയും സ്പർശിക്കുന്ന ഈ കാവ്യത്തിന്റെ വരികൾ നമ്മുടെ ഏവരുടെയും നോമ്പുകാലചിന്തകൾക്കും പ്രാർത്ഥനകൾക്കും വഴികാട്ടിയും തുണയുമാകട്ടെ എന്ന ആശംസകളോടെ, ഈ കാവ്യത്തെക്കുറിച്ചുള്ള ഒരു അവതരണത്തിന്റെ ആദ്യഭാഗമാണ് ഇവിടെ നൽകുന്നത്. അർണോസ് പാതിരിയുടെ കൃതികളെക്കുറിച്ച് കൂടുതലായി പഠിച്ച്, എല്ലാ ആളുകളിലേക്കുമെത്തിക്കാൻ പരിശ്രമിക്കുന്ന ബഹുമാനപ്പെട്ട ആന്റണി പുത്തൂർ സാറാണ് ഈ പരിപാടി തയ്യാറാക്കിയിരിക്കുന്നത്.
എഫ്. ആന്‍റണി പുത്തൂര്‍, ചാത്യാത്ത്
കേരള ക്രിസ്ത്യാനികളുടെ വിശേഷിച്ച് കത്തോലിക്കാ സഭാംഗങ്ങളുടെ വലിയനോമ്പാചരണ വേളയിലെ വെള്ളിയാഴ്ചകളിലും ദുഃഖവെള്ളിയാഴ്ചകളിലും യേശുനാഥന്‍റെ പീഢാനുഭവങ്ങളുടെയും കുരിശുമരണത്തിന്‍റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി അവരുടെ ആദ്ധ്യാത്മികജീവിതത്തെ പ്രകാശപൂരിതമാക്കിയിരുന്ന, ഇന്നും ദീപ്തമാക്കുന്ന, ഒരു വിലാപകാവ്യമാണ് 'ഉമ്മാടെ ദുഃഖം' അഥവാ 'ദൈവമാതാവിന്‍റെ വ്യാകുലപ്രലാപം'. ഒരുകാലത്ത് മരണം വിരുന്നുവന്ന ഭവനങ്ങളിലും വലിയനോമ്പുകാലത്ത് ദൈവാലയങ്ങളിലും ഭവനങ്ങളിലും ആലപിച്ചിരുന്ന ഈ കാവ്യം മലയാളഭാഷയിലെ പ്രഥമ വിലാപകാവ്യമാണ്. 1700 ഡിസംബര്‍ 13-ന് കപ്പല്‍മാര്‍ഗ്ഗം സൂററ്റിലും 1701 ജനുവരിയില്‍ ഗോവയിലും 1701 നവംബറില്‍ കൊച്ചിയിലെ ചാത്യാത്തും അവിടെനിന്നും ചാലക്കുടിക്കടുത്തുള്ള അമ്പഴക്കാട്ട് അതായത് സമ്പാളൂര്‍ ഈശോസഭാ സെമിനാരിയില്‍ വൈദികാര്‍ത്ഥിയായും എത്തിയ യൊഹാന്നസ് ഏണസ്തൂസ് ഫോണ്‍ ഹാങ്സ്ലേഡന്‍ എന്ന അര്‍ണോസ് പാതിരിയാണ് ഈ കാവ്യത്തിന്‍റെ രചയിതാവ്. യേശുനാഥന്‍റെ മൃതശരരീം കുരിശില്‍ നിന്നിറക്കി മാതാവായ പരിശുദ്ധ മറിയത്തിന്‍റെ മടിയില്‍ കിടത്തിക്കൊണ്ടുള്ള വിലാപമാണ് ഈ കവ്യത്തിന്‍റെ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്. യേശുനാഥന്‍റെ ജീവിതവുമായി ബന്ധപ്പെട്ട് മാതാവായ മറിയത്തിനുണ്ടായ ഹൃദയഭേദകങ്ങളായ ഏഴ് അനുഭവങ്ങള്‍ അഥവാ ഏഴ് വ്യാകുലങ്ങളാണ് 87 ഈരടികളിലൂടെ നതോന്നത വൃത്തത്തില്‍ അതായത് വഞ്ചിപ്പാട്ടുവൃത്തത്തില്‍ അര്‍ണോസ് പാതിരി വിശദമാക്കുന്നത്. 1498-ല്‍ മൈക്കലാഞ്ചലോ എന്ന ശില്പി നിര്‍മ്മിച്ച പിയെത്ത എന്നറിയപ്പെടുന്ന മാര്‍ബിള്‍ ശില്പം ഒരു പ്രേരകഘടകമായി അര്‍ണോസ് പാതിരിയില്‍ വര്‍ത്തിച്ചിരിക്കാമെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. വ്യാകുലമാതാവിന്‍റെ ഹൃദയഭാവങ്ങള്‍ സൂക്ഷ്മങ്ങളായ പ്രതികരണങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്ത് തയ്യാറാക്കിയതാണ് ഈ കാവ്യം. കര്‍ത്താവിന്‍റെ അഭിഷിക്തനെ കാണുന്നതുവരെ മരണം വരിക്കുകയില്ല എന്ന പരിശുദ്ധാത്മാവിന്‍റെ വരം സിദ്ധിച്ച്, ഇസ്രായേലിന്‍റെ ആശ്വാസം പ്രതീക്ഷിച്ചുകഴിഞ്ഞിരുന്ന നീതിമാനും ദൈവഭക്തനും ദീര്‍ഘദര്‍ശിയും ആയ ശിമയോന്‍ ജെറൂസലേം ദൈവാലയത്തില്‍ വച്ച് ശിശുവായ യേശുവിനെ കൈയ്യില്‍ എടുത്ത് മറിയത്തോടു 'അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും' എന്നുപറഞ്ഞതാണ് പരിശുദ്ധ മറിയത്തിന്‍റെ ആദ്യ വ്യാകുലമായി ദൈവശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. (ലൂക്കായുടെ സുവിശേഷം 2:34, 35).
1706-ല്‍ കൊടുങ്ങല്ലൂര്‍ ആര്‍ച്ച് ബിഷപ്പായിരുന്ന ജോണ്‍ റിബേരോ പിതാവില്‍നിന്നും പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം ബഹുഭാഷാ പണ്ഡിതനും മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാരതീയ ഭാഷകളില്‍ അതിനിപുണനും ആയിരുന്നു. അര്‍ണോസ് പാതിരി 1716-ല്‍ ചാത്യാത്ത് വച്ച് രചിക്കുകയും ആ വര്‍ഷം വലിയനോമ്പുകാലത്ത് ചാത്യാത്ത് പള്ളിയിലെ അണ്ണാവിമാരെക്കൊണ്ട് ഈണം നല്‍കി ആദ്യവായന നടത്തുകയും ചെയ്ത ഉമ്മാടെ ദുഃഖം എന്ന കാവ്യം ആരംഭിക്കുന്നത്
'അമ്മകന്നി മണിതന്‍റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും'
എന്നീ വരികളോടെയാണ്. പരിശുദ്ധ കന്യാമറിയത്തിന്‍റെ നിര്‍മ്മലമായ ദുഃഖങ്ങളുടെ ചരിത്രം നന്മനിറഞ്ഞ മനസ്സോടെ കേട്ടാലും എന്ന് കവി അനുവാചകരോട് ഇതിലൂടെ പറഞ്ഞുവയ്ക്കുകയാണ്. തുടര്‍ന്ന്
'ദുഃഖമൊക്കെപ്പറവാനോ, വാക്കുപോരാ മാനുഷ്യര്‍ക്കു
ഉള്‍ക്കനെച്ചിന്തിച്ചുകൊള്‍വാന്‍ ബുദ്ധിയും പോരാ
എന്മനോവാക്കിന്‍ വശംപോല്‍ പറഞ്ഞാലൊക്കയുമില്ല
അമ്മകന്നി തുണയെങ്കില്‍ പറയാമല്പം'
എന്നീ നാലു വരികളിലൂടെ പരിശുദ്ധ മറിയം അനുഭവിച്ച കഠിനദുഃഖങ്ങളെ വര്‍ണ്ണിക്കുവാന്‍ വാക്കുകള്‍ പോരെന്നും ആ ദുഃഖങ്ങളുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലുവാന്‍ മനുഷ്യരുടെ സാമാന്യബുദ്ധിക്ക് കഴിയുകയില്ലെങ്കിലും തന്‍റെ കഴിവുപോലെ, അതും അമ്മയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രം, ആയതിനു ശ്രമിക്കാമെന്നും പറഞ്ഞശേഷം അടുത്ത വരികളിലേക്ക് കവികടക്കുകയാണ്. മാനവകുലത്തിന് സംഭവിച്ച കുറ്റങ്ങളും ശാപങ്ങളും എല്ലാം സ്വയം ഏറ്റുവാങ്ങിയ യേശുനാഥന്‍റെ കുരിശുമരണശേഷം ആ മകന്‍ തന്‍റെ ജീവിതത്തിലുടനീളം അനുഭവിച്ച അപമാനങ്ങളെയും പീഢകളെയും എല്ലാം നേരില്‍ മനസ്സിലാക്കുകയും കാണുകയും ചെയ്ത മേരി മാതാവ് മകനെ നോക്കിക്കാണുകയാണ്. കുന്തവും അമ്പും വെടിയുമൊക്കെ ഏറ്റതുപോലെ തകര്‍ന്ന ആ അരുമപുത്രന്‍റെ ചേതനയറ്റ ശരീരം കുരിശ്ശാകുന്ന കഴുമരത്തില്‍ നിന്നിറക്കി മടിയില്‍ കിടത്തി ഇരിക്കുകയാണ് ആ അമ്മ. അപ്പോള്‍ ആ മാതാവിന്‍റെ മനസ്സിലൂടെ കഴിഞ്ഞുപോയ ഓരോ സംഭവവും. ഒരു തിരശ്ശീലയിലെന്നപോലെ കടന്നുപോയി. ലോകമൊക്കെയുടെയും മോചനത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ആ മകന്‍റെ മഹാത്യാഗത്തെ സംബന്ധിച്ച് ഓര്‍ക്കുന്നു. ദൈവപുത്രനായി പിറന്ന് ആദം മുതലുള്ള മാനവരാശി മുഴുവന്‍ ചെയ്ത പിഴകള്‍ക്കു പരിഹാരമായി സ്വന്തം ജീവന്‍ ബലിയായി പിതാവായ ദൈവത്തിനു സമര്‍പ്പിച്ച യേശുതമ്പുരാന്‍ പരിശുദ്ധ അമ്മയില്‍ നിന്നും സ്വീകരിച്ച ശരീരമാണ് യാഗത്തിനായി ഉപയോഗിക്കുന്നത്. ഇക്കാര്യങ്ങള്‍ അര്‍ണോസ് പാതിരി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:
'സര്‍വമാനുഷര്‍ക്കുവന്ന, സര്‍വദോഷോത്തരത്തിന്നായ്
സര്‍വനാഥന്‍ മിശിഹായും മരച്ചശേഷം
സര്‍വനന്മക്കടലോന്‍റെ സര്‍വ പങ്കപ്പാടുകണ്ടു
സര്‍വദുഃഖം നിറഞ്ഞുമ്മാ പുത്രനെ നോക്കി
കുന്ത, മമ്പു, വെടി ചങ്കില്‍കൊണ്‍പോലെ മനംവാടി
തന്‍തിരുക്കാല്‍ കരങ്ങളും തളര്‍ന്നുപാരം
ചിന്തവെന്തു കണ്ണില്‍നിന്നു, ചിന്തിവീഴും കണ്ണുനീരാല്‍
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാ
അന്തമറ്റ സര്‍വനാഥന്‍, തന്‍തിരുകല്പനയോര്‍ത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചുതുടങ്ങി ദുഃഖം
എന്മകനെ! നിര്‍മ്മലനെ! നന്മയെങ്ങും നിറഞ്ഞോനെ
ജന്മദോഷത്തിന്‍റെ ഭരമൊഴിച്ചോ പുത്ര!
പണ്ടുമുന്നോര്‍ കടംകൊണ്ടുകൂട്ടിയതു വീട്ടുവാനായ്
ആണ്ടവന്‍ നീ മകനായി പിറന്നോ പുത്ര!
ആദമാദി നരവര്‍ഗ്ഗം ഭീതികൂടാതെ പിഴച്ച-
ഹേതുവതിനുത്തരം നീ ചെയ്തിതോ പുത്ര!
നന്നുനന്നു നരരക്ഷ നന്ദിയത്രെ ചെയ്തതും നീ
ഇന്നിവ ഞാന്‍ കാണുമാറു വിധിച്ചോ പുത്ര!'.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: