അഫ്ഗാനിസ്ഥാനിൽ 194,000 പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് അടിയന്തര സഹായം നൽക്കുമെന്ന് യൂണിസെഫ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അഫ്ഗാനിസ്ഥാനിലെ സ്കൂൾ പ്രായത്തിലുള്ള എല്ലാ പെൺകുട്ടികളും ആൺകുട്ടികളും വിദ്യാലയങ്ങളിൽ പോയി പഠിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ജനുവരി - ഫെബ്രുവരി മാസങ്ങളിൽ എല്ലാ പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കും യൂണിസെഫും അതിന്റെ പങ്കാളികളും അടിയന്തര ധനസഹായം നൽകുന്നു.
അഫ്ഗാനിസ്ഥാനിലെ ദശലക്ഷക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിർണ്ണായക പങ്കുവഹിച്ചതിന്റെ അംഗീകാരമായി, യൂറോപ്യൻ യൂണിയന്റെ ധനസഹായത്തോടെയുള്ള ഈ സംരംഭത്തിലൂടെ അഫ്ഗാനിസ്ഥാനിൽ പ്രതിമാസം 100 ഡോളറിന് തുല്യമായ തുക ഓരോ അദ്ധ്യാപകനും, അദ്ധ്യാപികയ്ക്കും നൽകുന്നതിലൂടെ രാജ്യവ്യാപകമായി ഏകദേശം 194,000 പബ്ലിക് സ്കൂൾ അധ്യാപകർക്ക് പ്രയോജനം ചെയ്യും.
പ്രാഥമിക വിദ്യാലയങ്ങൾ, സെക്കൻഡറി സ്‌കൂളുകൾ, സാങ്കേതിക, തൊഴിൽ സ്ഥാപനങ്ങൾ, അധ്യാപക പരിശീലന കേന്ദ്രങ്ങൾ എന്നിവയിൽ നിന്നുള്ള അദ്ധ്യാപകരും ഇവരിൽ ഉൾപ്പെടുന്നു.
മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും നിരവധി അദ്ധ്യാപകരുടെ ബുദ്ധിമുട്ടുകൾക്കും ശേഷം, അഫ്ഗാനിസ്ഥാനിലെ പബ്ലിക് സ്കൂൾ അദ്ധ്യാപകർക്ക് അടിയന്തര സഹായം നൽകുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞ അഫ്ഗാനിസ്ഥാനിലെ യുണിസെഫ് പ്രതിനിധി ഡോ. മുഹമ്മദ് അയോയ അദ്ധ്യാപകർ കുട്ടികൾ പഠിക്കുന്നത് തുടരാ൯ എല്ലാ പരിശ്രമങ്ങളും നടത്തിയിരുന്നതായും പറഞ്ഞു. പബ്ലിക് സ്കൂൾ അദ്ധ്യാപകരെ പിന്തുണയ്ക്കുന്നത് തുടരാൻ യൂണിസെഫിന് 250 മില്യൺ ഡോളർ കൂടി ആവശ്യമാണ്. കൂടാതെ ഈ പ്രധാന സംരംഭത്തിന് ധനസഹായം നൽകാൻ ദാതാക്കളോടു യൂണിസെഫ് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വിദ്യാഭ്യാസം തുടർന്നും ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നടപടിയാണിത്.
അഫ്ഗാനിസ്ഥാനിലെ വിശാലമായ വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുള്ള യുനിസെഫിന്റെ കൂടുതൽ ശ്രമങ്ങളിൽ സമൂഹ അധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള പിന്തുണ, അധ്യാപന-പഠന സാമഗ്രികളുടെ വിതരണം, അദ്ധ്യാപകർക്ക്, പ്രത്യേകിച്ച് സ്ത്രീ അദ്ധ്യാപകർക്ക് പരിശീലനം എന്നിവ ഉൾപ്പെടുന്നു.
ഏകദേശം 8.8 ദശലക്ഷം കുട്ടികളാണ് അഫ്ഗാനിസ്ഥാനിലെ പൊതുവിദ്യാലയങ്ങളിൽ ചേരുന്നത്. നിലവിലെ ശൈത്യകാല അവധിക്ക് ശേഷം എല്ലാ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്കൂളിലേക്ക് മടങ്ങാൻ കഴിയുമെന്ന് യൂണിസെഫ് പ്രതീക്ഷിക്കുന്നു. കുട്ടികളുടെ ശാരീരിക ദുരുപയോഗം, ചൂഷണം തുടങ്ങിയ അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്ന ഒരു സുരക്ഷിത ഇടമാണ് വിദ്യാലയങ്ങൾ. യുണിസെഫ് വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: