അടിമവേല: ഗ്രാഫിക്ക വെനത്ത എന്ന അച്ചടി സ്ഥാപനത്തിലെ തർക്കം പരിഹരിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
എഴുത്തുകാരനായ മൗറീത്സിയോ മജാനി, സേക്കൊളോ19 (Secolo XIX) എന്ന പത്രത്തിൽ എഴുതിയ വാർത്തയിലൂടെ അപലപിച്ചതോടെയാണ് സംഭവം ഉയർന്നു വന്നത്. അതിന് ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ആഗസ്റ്റ് 12 ന് ഒരു കത്തിലൂടെ പ്രതികരിച്ചിരുന്നു. "മരണത്തിന്റെ സംവിധാനങ്ങൾ " ഉൽപ്പാദിപ്പിക്കുന്ന നേട്ടങ്ങൾ ''ഉപേക്ഷിക്കാൻ " ധൈര്യമാവശ്യമാണെന്ന് കത്തിൽ പാപ്പാ എഴുതി.
കഴിഞ്ഞ ജൂലൈ -ഓഗസ്റ്റ് മാസങ്ങളിൽ ലിഗൂരിയയിൽ നിന്നുള്ള എഴുത്തുകാരനായ മൗറീത്സിയോയും ഫ്രാൻസിസ് പാപ്പയും തമ്മിൽ അകലങ്ങളിൽ ഇരുന്ന് നടത്തിയ സംവാദങ്ങളാണ് പാദുവായിലെ ഈ അച്ചടിശാലയിൽ നടന്നിരുന്ന "അടിമവേല" കുപ്രസിദ്ധമാക്കിയതും ഇപ്പോൾ പരിഹാരത്തിലേക്ക് നയിച്ചതും. ഓരോ വർഷവും 200 ദശലക്ഷം പുസ്തകങ്ങൾ തയ്യാറാക്കി 48 മണിക്കൂറിൽ വിതരണം ചെയ്യുന്ന അച്ചടിശാലയിലെ കാര്യങ്ങൾ സേക്കൊളോ XIX പത്രത്തിൽ എഴുതിയ തുറന്ന കത്തിലൂടെയാണ് മൗറീത്സിയോ വിവരിച്ചത്.
കുറ്റകരമായ രീതിയിൽ കുടിയേറ്റത്തൊഴിലാളികൾക്ക് നാമമാത്രമായ വേതനമാണ് നൽകുന്നത്. എന്നാൽ പരിധിയില്ലാത്ത തൊഴിൽ സമയവും, അവകാശ ലംഘനങ്ങളും നടത്തുകയും അവ ചോദ്യം ചെയ്യാൻ ധൈര്യം കാട്ടിയാൽ ചവിട്ടും തൊഴിയും മർദ്ദനവും നൽകി ചൂഷണം ചെയ്യുകയും ചെയ്തിരുന്ന സമ്പ്രദായത്തെ "ലജ്ജാകരം" എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തുറന്നു കാട്ടിയത്. "മനോഹരവും വിജ്ഞാനപരവുമായ കൃതികൾ ഉണ്ടാവേണ്ടത് നല്ലതാണ്; പക്ഷേ അതിന് അടിമവേല ആവശ്യമായി വരുന്നെങ്കിൽ അതിന്റെ മൂല്യമെന്താണ്? അദ്ദേഹം ചോദിച്ചു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം അൽഭുതപ്പെടുത്തും വിധം ഫ്രാൻസിസ് പാപ്പായുടെ പ്രതികരണം അതേ പത്രത്തിലെത്തി. ഇവിടെ മനുഷ്യാന്തസ്സാണ് അപകടത്തിലെന്നും, അവന്റെ അന്തസ്സാണ് പലപ്പോഴും വളരെ എളുപ്പത്തിൽ "അടിമവേലയിലൂടെ" ചവിട്ടിമെതിക്കപ്പെടുന്നതെന്നും പാപ്പാ അപലപിച്ചു. കൂടാതെ ഇതിന് കൂട്ടനിൽക്കുന്ന പലരുടേയും കാതടപ്പിക്കുന്ന നിശബ്ദതയെ കുറിച്ചും എഴുതിയ പാപ്പാ എല്ലാത്തരം ചൂഷണവും ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം പാപമാണ് എന്ന് അടിവരയിടുകയും ചെയ്തു.
ഇന്ന് പ്രശ്ന പരിഹാരം
തുടക്കത്തിൽ, മാസങ്ങളോളം, തൊഴിൽ യൂണിയനുകളുടെ ശക്തിയേറിയ പോരാട്ടങ്ങളുടെ നടുവിൽ പോലും സംഭവിച്ച കാര്യങ്ങളിൽ തങ്ങൾക്ക് നേരിട്ട് യാതൊരു ഉത്തരവാദിത്വവുമില്ല എന്ന് നിഷേധിച്ചിരുന്ന ഗ്രാഫിക്കാ വെനത്ത, അവസാനം ചൂഷണങ്ങൾക്ക് പരിഹാരം ചെയ്തുകൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. പുസ്തകങ്ങളെ പൊതിയുന്ന (Packing) ജോലികൾക്കും പകർപ്പവകാശത്തിന്റെ മുദ്ര പതിപ്പിക്കുന്നതിനും കരാർ ഏൽപ്പിച്ചിരുന്ന ബിഎം സർവ്വീസ് എന്ന സ്ഥാപനം ജോലിക്കുപയോഗിച്ചിരുന്ന കുടിയേറ്റ തൊഴിലാളികൾക്കാണ് ഗ്രാഫിക്കാ വെനത്ത നഷ്ടപരിഹാരം നൽകിയത്. 3 പേർക്ക് ആയിരം യൂറോ വീതം നഷ്ടപരിഹാരം നൽകി സ്ഥിരപ്പെടുത്തുകയും, അവസരം വരുമ്പോൾ ആദ്യം സ്ഥിരപ്പെടുത്താമെന്ന വ്യവസ്ഥയോടെ 3 പേരെ നിശ്ചിത സമയ കരാറിലുമാണ് ജോലിക്കെടുത്തത്. 23 ഫെബ്രുവരിയിൽ ഇവർ ജോലിയിൽ പ്രവേശിക്കും. ഇതിനകം സ്ഥലം മാറിപ്പോയ മറ്റു തൊഴിലാളികൾക്ക് 5000 മുതൽ 11000 യൂറോ വരെ നഷ്ടപരിഹാരവും നൽകും.
സെക്കൊളോ XIX പത്രത്തോടു ''ഞങ്ങൾ പ്രാദേശീകരിലേക്ക് തിരിയും. ഇനി മുതൽ വെനീസുകാരെ മാത്രമേ നിയമിക്കൂ" എന്ന് പ്രഖ്യാപിക്കുകയും വംശീയ വിവേചന കുറ്റാരോപണം നേരിടുകയും ചെയ്ത ഗ്രാഫിക്കാ വെനെത്തോയുടെ പ്രസിഡണ്ട് ഫാബിയോ ഫ്രാൻചെസ്കിയുടെ വാക്കുകൾക്കും പരിഹാരമായി. പാദുവായിലെ മോസ്ക് സന്ദർശിച്ചു കൊണ്ട് അതേ ഫ്രാൻചെസ്കി "ഏതു വംശത്തിലും, വർഗ്ഗത്തിലും, മതത്തിലും പെട്ടവരായിരുന്നാലും നല്ല ഇച്ഛാശക്തിയുള്ള എല്ലാവർക്കും പ്രതിബന്ധമില്ലാതെ അവസരമുണ്ടാകും" എന്ന് പ്രസ്താവിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: