ദൈവകരുണയ്ക്കായുള്ള പ്രാർത്ഥന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാലുവരെയുള്ള, ആരോഹണഗീതം എന്നറിയപ്പെടുന്ന പതിനഞ്ചു സങ്കീർത്തനങ്ങളിലെ നാലാമത്തേതാണിത്. മതപരമായ ചടങ്ങുകളുടെ ഭാഗമായി, ജെറുസലേമിലേക്കുള്ള യാത്രയിൽ തീർത്ഥാടകർ ഉപയോഗിച്ചിരുന്നവയാണ് ഈ സങ്കീർത്തനങ്ങൾ. ദൈവവും മനുഷ്യരുമായുള്ള കണ്ടുമുട്ടലിന്റെ വേദികൂടിയാണ് വിശ്വാസിക്ക് തീർത്ഥാടനം ഒരുക്കുന്നത്. ഒരു വിലാപകാവ്യത്തിന്റെ ശൈലികൂടി ഈ നൂറ്റിയിരിരുപത്തിമൂന്നാം സങ്കീർത്തനത്തിനുണ്ട്. വെറും നാലു വാക്യങ്ങൾ മാത്രമേയുള്ളെങ്കിലും, ദൈവാശ്രയബോധവും, വിശ്വാസിയുടെ മനസ്സിലുണ്ടാകേണ്ട എളിമയുടെ ഭാവവുമൊക്കെ ഈ വരികളിലുണ്ട്. വാക്കുകളുടെ ആധിക്യത്തെക്കാൾ, ഹൃദയത്തിന്റെ തീക്ഷ്ണമായ വികാരത്തിൽനിന്നുയരുന്ന പ്രാർത്ഥനകളുടെ ഭംഗിയും ഇവിടെ വ്യക്തമാണ്. ഹൃദയവിലാപങ്ങളെ കേട്ട് ഉത്തരമേകുന്നവനാണ് കർത്താവ്.
സ്വർഗ്ഗത്തിലേക്കുയരേണ്ട വിശ്വാസത്തിന്റെ കണ്ണുകൾ
വ്യക്തിപരമായ ഒരു വിലാപത്തിന്റെ രൂപത്തിലാണ് സങ്കീർത്തനം ആരംഭിക്കുന്നത്. ഒന്നാം വാക്യം ഇതാണ് വ്യക്തമാക്കുന്നത്. "സ്വർഗത്തിൽ വാഴുന്നവനേ, അങ്ങയിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു". ആശ്രയമില്ലാത്ത ജീവിതവഴികളിൽ എങ്ങോട്ടാണ് കണ്ണുകൾ ഉയർത്തേണ്ടതെന്ന്, ആരിലാണ് അഭയം തേടേണ്ടതെന്ന് സങ്കീർത്തകന് നന്നായി അറിയാം. മലമുകളിലുള്ള ദേവാലയത്തിലേക്കല്ല, മറിച്ച് അത്യുന്നതനായ ദൈവത്തിലേക്കാണ് സങ്കീർത്തകനിലെ തീർത്ഥാടകന്റെ ദൃഷ്ടിയുയരുന്നത്. വാനത്തിൽ വാഴുന്ന ദൈവത്തിനേ തനിക്ക് സംരക്ഷണമേകാനാകൂ എന്ന ബോധ്യം അവനിലുണ്ട്. ഭൂമിയിലെ സഹായഹസ്തങ്ങളെക്കാൾ തനിക്ക് വിശ്വസനീയമായത് ദൈവകരങ്ങളാണെന്ന് വിശ്വാസി തിരിച്ചറിയുന്നുണ്ട്. ഓരോ മനുഷ്യനിലും ഉണ്ടാകേണ്ട ഒരു വിശ്വസപുരോഗതി കൂടിയാണ് നൂറ്റിയിരുപതുമുതലുള്ള സങ്കീർത്തനങ്ങളിൽ നാം കാണുന്നതെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. നൂറ്റിയിരുപതാം സങ്കീർത്തനത്തിൽ, വഞ്ചകരായ മനുഷ്യരിൽനിന്ന് രക്ഷയ്ക്കായാണ് മനുഷ്യൻ ദൈവത്തോടപേക്ഷിക്കുന്നത്. അവൻ ചുറ്റുപാടുകളെയാണ് അവിടെ കാണുന്നത്. എന്നാൽ അടുത്ത സങ്കീർത്തനത്തിൽ, ദേവാലയം നിലകൊള്ളുന്ന മലകളിലേക്ക് അവന്റെ കണ്ണുകൾ ഉയരുന്നുണ്ട്. നൂറ്റിയിരുപത്തിരണ്ടാം സങ്കീർത്തനമാകട്ടെ ദേവാലയത്തിന്റെ പടിവാതിലിലെത്തിയ വിശ്വാസിയുടെ സന്തോഷമാണ് വ്യക്തമാക്കുന്നത്. ഇന്നത്തെ സങ്കീർത്തനമാകട്ടെ, വിശ്വാസി യഥാർത്ഥത്തിൽ മലകൾക്കുമുയരത്തിൽ ദൈവം വസിക്കുന്ന സ്വർഗ്ഗത്തിലേക്കാണ് കണ്ണുകൾ ഉയർത്തേണ്ടതെന്ന് പഠിപ്പിച്ചു തരുന്നു. ദേവാലയമല്ല അതിൽ വസിക്കുന്ന ദൈവമാണ് പ്രധാനപ്പെട്ടത്.
ആർദ്രമായ ഹൃദയം
രണ്ടാം വാക്യത്തിലെ ആർദ്രതയുടെ ഭാവമുയർത്തുന്ന ഹൃദയസ്പർശിയായ ഒരു താരതമ്യത്തിലൂടെ ദൈവത്തോടുള്ള ഒരു മനുഷ്യന്റെ മനോഭാവം എപ്രകാരമുള്ളതായിരിക്കണമെന്ന് സങ്കീർത്തകൻ വ്യക്തമാക്കുന്നുണ്ട്. ഒപ്പം അവനിലെ ആത്മവിശ്വാസത്തിന്റെ അളവിനെക്കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. രണ്ടാം വാക്യം ഇങ്ങനെയാണ്: "ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയ്യിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകൾ സ്വാമിനിയുടെ കൈയ്യിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കർത്താവിന് ഞങ്ങളുടെമേൽ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകൾ അവിടുത്തെ നോക്കിയിരിക്കുന്നു". ഭൃത്യർ തങ്ങളുടെ യജമാനകരങ്ങളിലേക്ക് നോക്കിയിരിക്കുന്നത്ര ശ്രദ്ധയോടെയും ബഹുമാനത്തോടെയും ഭയത്തോടെയുമാകണം വിശ്വാസി ദൈവത്തിലേക്ക് നോക്കിയിരിക്കാൻ. വളർത്തുന്നതും, തഴുകുന്നതും, ശിക്ഷിക്കുന്നതും, നിർദ്ദേശങ്ങൾ നൽകുന്നതും ആ കരങ്ങളാണ്. തങ്ങളുടെമേൽ അധികാരമുള്ളതിനാൽ എപ്രകാരം ഒരുവൻ തന്റെ ഭൗമികജീവിതത്തിൽ അധികാരത്തിന് കീഴ്‌പ്പെടുന്നുവോ അതുപോലെ, സർവ്വത്തിന്റെയും നാഥനായ ദൈവത്തിന്റെ നിർദ്ദേശങ്ങൾക്കായി അവനിലേക്ക് കണ്ണുനട്ടിരിക്കുന്നവനാണ് യഥാർത്ഥ വിശ്വാസി. ഇത് തിന്മയുടെ അടിമത്തമനോഭാവത്തോടെയല്ല, മറിച്ച് ദൈവത്തിലുള്ള വിശ്വാസത്തിന്റെ, ശരണത്തിന്റെ ആഴത്താലാണ്.
"കർത്താവിന് തങ്ങളുടെമേൽ കരുണ തോന്നുവോളമാണ്" വിശ്വാസി ദൈവകരങ്ങളിലേക്ക് തന്റെ കണ്ണുകൾ ഉയർത്തിയിരിക്കുക. ദൈവത്തിന്റേതായ സമയത്തിനായി കാത്തിരിക്കുന്ന ആഴമേറിയ ഒരു വിശ്വാസമാണ് അവന്റേത്. തന്റെ സമയത്തിനല്ല, ക്ഷമയോടെ ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാൻ ഈ വാക്യം ഓരോ തീർത്ഥാടകനെയും വിശ്വാസിയെയും ഓർമ്മിപ്പിക്കുന്നുണ്ട്. അവനിലേക്ക് കണ്ണുകളുയർത്തുന്നത്, അവന്റെ കണ്ണുകൾ തന്നിലേക്ക് തിരിയുന്നത് തിരിച്ചറിയാനും, അവന്റെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കാനുമാണ്.
കരുണക്കായുള്ള പ്രാർത്ഥന
സങ്കീർത്തനത്തിന്റെ മൂന്നാം വാക്യം ഈ സങ്കീർത്തനത്തിന്റെ പ്രധാന ആശയമാണ് വ്യക്തമാക്കുന്നത്. "ഞങ്ങളോട് കരുണ തോന്നണമേ! കർത്താവെ ഞങ്ങളോട് കരുണ തോന്നണമേ! എന്തെന്നാൽ ഞങ്ങൾ നിന്ദനമേറ്റു മടുത്തു". ഒരു ദാസനെയോ ദാസിയെയോ പോലെ ദൈവത്തിന്റെ കരുണയ്ക്കായി കാത്തിരിക്കുന്ന സങ്കീർത്തകൻ പക്ഷെ, യാന്ത്രികമായോ നിഷ്ക്രിയമായോ ദൈവത്തിന്റെ ഇടപെടലിനുവേണ്ടി കാത്തിരിക്കുകയല്ല, മറിച്ച് അവൻ കരുണയ്ക്കായി ദൈവതിരുമുൻപിൽ വിലാപത്തിന്റേതായ മനോഭാവത്തോടെ, താഴ്മയോടെ ഒരു പ്രാർത്ഥനയുണർത്തുകയാണ്: "കർത്താവെ ഞങ്ങളോട് കരുണ തോന്നണമേ" നിന്ദനമേറ്റതിനാലാണ് അവൻ ജീവിതത്തിൽ മടുത്തത്. ശത്രുക്കളുടെയും നിന്ദകരുടെയും വാക്കുകളിൽ ഹൃദയം തകർന്ന വിശ്വാസികൾക്കെല്ലാം വേണ്ടിയുള്ള ഒരു പ്രാർത്ഥനകൂടിയാണിത്. മറ്റു പാപങ്ങൾ പോലെ, ഒരുപക്ഷെ അതിലുപരിയായി നിന്ദനം ഒരു വ്യക്തിയുടെ ഹൃദയത്തിലേൽപ്പിക്കുന്ന മുറിവിനെക്കൂടി മനസ്സിലാക്കിത്തരുന്നുണ്ട് ഈ മൂന്നാം വാക്യം. സ്വയം വീണ്ടെടുക്കുവാനാകാത്ത ആഴങ്ങളിലേക്കാണ് നിന്ദനം മനുഷ്യമനസ്സുകളെ തള്ളിവിടുക.
സുഖാലസരും അഹങ്കാരികളും വിശ്വാസിയും
അഹങ്കാരികളും ദൈവവിശ്വാസമില്ലാത്തവരുമായ ജനം സാധാരാണ ഒരു വിശ്വാസിയുടെ ജീവിതത്തിലുണ്ടാകുന്ന അപമാനത്തെക്കുറിച്ചാണ് ഈ ചെറിയ സങ്കീർത്തനത്തിന്റെ അവസാനവാക്യമായ നാലാം വാക്യം: "സുഖാലസരുടെ പരിഹാസവും അഹങ്കാരിയുടെ നിന്ദനവും സഹിച്ചു ഞങ്ങൾ തളർന്നിരിക്കുന്നു" സന്തോഷമായി ജീവിക്കുന്നുവെന്ന് പുറമെ കാണപ്പെടുന്ന മനുഷ്യരുടെ പരിഹാസവും, തങ്ങളേക്കാൾ പ്രധാനപ്പെട്ടതും വലുതുമായി മറ്റാരുമില്ലെന്നു കരുതുന്ന അഹങ്കാരിയുടെ നിന്ദനവും മറ്റുള്ളവരുടെ മനസ്സിൽ ഏൽപ്പിക്കുന്ന ആഘാതം ഒരിക്കൽക്കൂടി സങ്കീർത്തകൻ വിളിച്ചുപറയുകയാണ്. ഒരുവന്റെ വിശ്വാസജീവിതത്തിലെ കുറവുകളുടെയും, തളർച്ചയുടെയും നിമിഷങ്ങളിൽ മറ്റുള്ളവരുടെ അപഹാസ്യങ്ങൾ കൊണ്ടുവരുന്ന ആഘാതമാണ് ഇവിടെ ഒരിക്കൽക്കൂടി വ്യക്തമാകുന്നത്. പലപ്പോഴും ഒരുവന്റെ വിശ്വാസജീവിതത്തെത്തന്നെ അത് തകർത്തേക്കാം. മുൻവാക്യത്തിൽ കണ്ടതുപോലെ, അഹങ്കാരിയുടെ നിന്ദനവും ഇതിൽനിന്ന് വ്യത്യസ്തമല്ല. എങ്കിലും വിശ്വാസത്തോടെയാണ് സങ്കീർത്തകൻ ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുകയും, തന്റെ തളർച്ചയിലും തകർച്ചയിലും അവനോട് കരുണയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നത്. അവസാനവാക്കും വിജയവും ദൈവത്തിന്റേതാണല്ലോ.
ദൈവകാരുണ്യം നമ്മുടെ ജീവിതത്തിൽ
ഈലോക തീർത്ഥാടനത്തിൽ സ്വർഗ്ഗീയ ജെറുസലേമിനെ ലക്‌ഷ്യം വച്ചുള്ള ഓരോ വിശ്വാസിയുടെയും യാത്രയിൽ ഒരു പ്രാർത്ഥനയായി ഉണ്ടാകേണ്ട ചില വാക്കുകളാണ് സങ്കീർത്തനത്തിൽ നാം കാണുന്നത്. തകർച്ചയിലും വീഴ്ചകളിലും ദൈവത്തിന്റെ സഹായത്തിനും കരുണയ്ക്കുമായി നിലവിളിക്കുമ്പോഴും അവന്റെ സമയവും പദ്ധതികളും അനുസരിക്കാൻ നാം തയ്യാറാകുകകൂടി വേണമെന്ന് സങ്കീർത്തനവരികൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ഒപ്പം ജീവിതത്തിൽ നമ്മൾ മറ്റുള്ളവരെക്കുറിച്ച് പറയുന്ന പരിഹാസവാക്കുകളും, അവരുടെ ജീവിതത്തിലേൽപ്പിക്കുന്ന നിന്ദനത്തിന്റെ മുറിവുകളും അവരുടെ ഭൗതികവും ആധ്യാത്മീകവുമായ ജീവിതത്തിൽ വീഴ്ചയ്ക്കും നിരാശയ്ക്കും കാരണമാകാമെന്നും, ആ മുറിവുകളും കണ്ണീരുമുണ്ടാക്കുന്ന വേദനകൾ ദൈവതിരുമുന്പിൽ നമ്മെ അസ്വീകാര്യരാക്കുമെന്നും നമുക്ക് തിരിച്ചറിയാം. നമ്മുടെ വാക്കുകൾക്ക് മറ്റുള്ളവരോടുള്ള സ്വീകാര്യതയുടെ ഭംഗിയുണ്ടാകട്ടെ. നമ്മുടെ പ്രവൃത്തികൾ സഹയാത്രികരായ സഹോദരങ്ങളുടെ വഴിത്താരകളിൽ കൈത്താങ്ങാകട്ടെ. കരുണയാകട്ടെ നമ്മിൽനിന്ന് മറ്റുള്ളവരിലേക്ക് ഒഴുകുന്നത്. ഭൂമിയിൽ സഹതീർത്ഥാടകരാണ് നാമെന്ന തിരിച്ചറിവിൽ ഒരുമയിൽ മുന്നേറാം.
വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിയിരുപത്തിമൂന്നാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.
ഹൃദയത്തിൽ മുറിവുകളേൽക്കാത്ത മനുഷ്യരെറേയില്ല. വീഴ്ചകളിലും കുറവുകളിലും നമ്മുടെ വിശ്വാസജീവിതത്തിലും മറ്റുള്ളവരുടെ അപഹാസ്യങ്ങൾക്ക് നാമും ഇരകളായിട്ടുണ്ടാകാം. നമ്മുടെ ജീവിതവും വിശ്വാസവും പ്രവൃത്തികളും നിന്ദനങ്ങൾക്ക് വിധേയമായിട്ടുണ്ടാകാം. വിശ്വാസജീവിതത്തിലും, സ്വർഗീയതീർത്ഥാടനത്തിലും നമുക്ക് തടസ്സമായി നിൽക്കുന്ന ആ മുറിവുകളെയും വേദനകളെയും ഭാരങ്ങളെയുമെല്ലാം നാഥന്റെ കരങ്ങളിലേൽപ്പിക്കാം. നമ്മുടേത് വളർത്തുന്ന, താങ്ങാകുന്ന, സ്നേഹത്തിന്റെയും കരുതലിന്റെയും ജീവിതമാകട്ടെ.
ഫാദർ ജോൺ പൈനുങ്കൽ എഴുതി, ജേക്കബ് കൊരട്ടി സംഗീതം പകർന്ന ഒരു ഗാനമാണ് അടുത്തത്. ആലാപനം കെസ്റ്റർ.
മനസ്സിന്റെ ഭാരങ്ങളെല്ലാം മായ്ക്കുന്ന....
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: