“മദ്ധ്യധരണ്യാഴി, സമാധാനസീമ”, ഫ്ലോറൻസ് സമ്മേളനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മദ്ധ്യധരണ്യാഴി പ്രദേശത്തെ, അഥവാ, മെഡിറ്റെറേനിയൻ പ്രദേശത്തെ അധികരിച്ച് ഒരു സമ്മേളനം ഇറ്റലിയിലെ ഫ്ലോറെൻസ് നഗരത്തിൽ നടക്കും.
ഈ ഇരുപത്തിമൂന്നാം തീയതി (23/02/22) ബുധനാഴ്ച ആരംഭിക്കുന്ന ഈ പഞ്ചദിന “മദ്ധ്യധരണ്യാഴി, സമാധാനസീമ” സമ്മേളനത്തിൽ മെഡിറ്റെറേനിയൻ പ്രദേശത്തെ 58 സഭാതലവന്മാരും 65 നഗരാധിപന്മാരും പങ്കെടുക്കും.
ഇരുപത്തിയേഴാം തീയിതി ഞായറാഴ്ച (27/02/22) ഫ്രാൻസീസ് പാപ്പായായിരിക്കും ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘം സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിനു സമാപനം കുറിക്കുക. അന്ന് ഇറ്റലിയുടെ പ്രസിഡൻറ് സേർജൊ മത്തരേല്ലയും (Sergio Mattarella) സമാപനച്ചടങ്ങിൽ സന്നിഹിതനായിരിക്കും.
പാപ്പാ ഫ്ലോറെൻസിൽ വിശുദ്ധ കുരിശിൻറെ ബസിലിക്കയിൽ അർപ്പിക്കുന്ന സമാപന ദിവ്യബലിയിയിൽ ആയിരത്തിനാനൂറോളം പേർ പങ്കുകൊള്ളും. പാപ്പാ ഞായറാഴ്ച പതിവുള്ള മദ്ധ്യാഹ്നപ്രാർത്ഥന അന്നു നയിക്കുന്നത് പ്രസ്തുത ബസിലിക്കയുടെ അങ്കണത്തിൽ വച്ചായിരിക്കും.
രാവിലെ ഫ്ലോറൻസിൽ ഹെലിക്കോപ്റ്റർ മാർഗ്ഗം എത്തുന്ന പാപ്പാ ത്രികാലപ്രാർത്ഥനാനന്തരം വത്തിക്കാനിലേക്കു മടങ്ങും.
“മദ്ധ്യധരണ്യാഴി, സമാധാനസീമ 2” എന്ന ശീർഷകമാണ് ഇത്തവണ ഈ സമ്മേളനത്തിനു നല്കിയിരിക്കുന്നത്
ഈ സമ്മേളനത്തിൻറെ ബുധനാഴ്ചത്തെ ഉദ്ഘാടന യോഗത്തിൽ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയൊ ദ്രാഗി (Mario Draghi) പങ്കെടുക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: