ആയുധ ഗർജ്ജനം അവസാനിപ്പിക്കുക, മദ്ധ്യധരണ്യാഴി പ്രദേശത്തെ മെത്രാന്മാർ!
ജോയി കരിവേലി, വത്തിക്കാൻ സറ്റി
യുദ്ധ ഭ്രാന്തിന് അറുതിവരുത്താൻ മദ്ധ്യധരണ്യാഴി പ്രദേശത്തെ മെത്രാന്മാർ അഭ്യർത്ഥിക്കുന്നു.
ഇറ്റലിയിലെ ഫ്ലോറൻസ് നഗരത്തിൽ സമ്മേളിച്ചിരിക്കുന്ന ഈ മെത്രാന്മാർ, ഉക്രയിനിൽ റഷ്യ സൈനികാക്രമണവും ഉക്രയിൻ കനത്ത പ്രത്യാക്രമണവും ആരംഭിച്ചതോടെ സംജാതമായിരിക്കുന്ന ആശങ്കാജനകമായ യുദ്ധാവസ്ഥയുടെ പശ്ചാത്തലത്തിലാണ്, ഈ സമാധാനാഭ്യർത്ഥന നടത്തിയത്.
ഉക്രയിനിലെ നാടകീയാവസ്ഥയിൽ മെത്രാന്മാർ ഉൽക്കണ്ഠയും വേദനയും പ്രകടിപ്പിക്കുന്നു.
ആയുധങ്ങളുടെ ഗർജ്ജനം അവസാനിപ്പിക്കുന്നതിന് പരിശ്രമിക്കാൻ, മെത്രാന്മാർ, രാഷ്ട്രീയോത്തരവാദിത്വമുള്ളവരുടെ മനസ്സാക്ഷിയോട് ആവശ്യപ്പെടുന്നു.
ഒരോ സംഘർഷവും അതിൽത്തന്നെ മരണവും നാശവും പേറുന്നുവെന്നും ജനതകളെ യാതനകളിലേക്കു തള്ളിവിടുകയും രാഷ്ട്രങ്ങൾതമ്മിലുള്ള സഹവർത്തിത്വത്തിന് ഭീഷണി ഉയർത്തുകയും ചെയ്യുന്നുവെന്നും മെത്രാന്മാർ പറയുന്നു.
മദ്ധ്യധരണ്യാഴി പ്രദേശത്തെ, അഥവാ, മെഡിറ്റെറേനിയൻ പ്രദേശത്തെ അധികരിച്ച് ഇറ്റലിയിലെ ഫ്ലോറെൻസ് നഗരത്തിൽ ഇരുപത്തിമൂന്നാം തീയതി (23/02/22) ബുധനാഴ്ച ആരംഭിച്ച പഞ്ചദിന “മദ്ധ്യധരണ്യാഴി, സമാധാനസീമ” സമ്മേളനത്തിൽ മെഡിറ്റെറേനിയൻ പ്രദേശത്തെ 58 സഭാതലവന്മാരും 65 നഗരാധിപന്മാരും പങ്കെടുക്കുന്നുണ്ട്.
ഇരുപത്തിയേഴാം തീയിതി ഞായറാഴ്ച (27/02/22) ഫ്രാൻസീസ് പാപ്പായായിരിക്കും ഇറ്റലിയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘം സംഘടിപ്പിച്ചിരിക്കുന്ന ഈ സമ്മേളനത്തിനു സമാപനം കുറിക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: