ആഫ്രിക്കയുടെ കൊമ്പു പ്രദേശങ്ങൾക്കായി സഹായാഭ്യർത്ഥന!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കയുടെ കൊമ്പു പ്രദേശത്ത്, യുദ്ധങ്ങളും വരൾച്ചയും മൂലം അടിയന്തിര സഹായം അനിവാര്യമായിരിക്കുന്നുവെന്ന് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിൻറെ ഇറ്റാലിയൻ ഘടകം.
യൂറോപ്യൻ സമിതിയും ആഫ്രിക്കൻ സമിതിയും ബെൽജിയത്തിൻറെ തലസ്ഥാനമായ ബ്രസ്സൽസ്സിൽ ചേർന്നിരിക്കുന്ന (17/-18/02/22) യോഗത്തോടനുബന്ധിച്ചാണ് കാരിത്താസ് ഇറ്റലി ഇത് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ആഫ്രിക്കയുടെ കൊമ്പു പ്രദേശത്തെ സഭകളും ഐക്യരാഷ്ട്രസഭയും ഇതര അന്താരാഷ്ട്ര സംഘടനകളും ഈ പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തിര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
ഫ്രാൻസീസ് പാപ്പായും സഹായം ആവർത്തിച്ചഭ്യർത്ഥിച്ചിരുന്നു.
ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് 11263 കോടി 70 ലക്ഷത്തിൽപ്പരം രൂപയ്ക്ക് തുല്യമായ 150 കോടിയോളം അമേരിക്കൻ ഡോളറിൻറെ സഹായം ഉടൻ ആവശ്യമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ തുകയുടെ 2 ദശാംശം 3 ശതമാനം മാത്രമാണ് ദായകർ ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളത്.
ആഫ്രിക്കാ ഭൂഖണ്ഡത്തിൻറെ ഏതാണ്ട് മദ്ധ്യകിഴക്കുഭാഗത്താണ് ആഫ്രിക്കയുടെ കൊമ്പ് സ്ഥിതി ചെയ്യുന്നത്. ജിബുട്ടി, എരിത്രേയ, എത്യോപ്യ, സൊമാലിയ എന്നീ നാടുകൾ ചേർന്നതാണ് ഈ പ്രദേശം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: