അറുപത്തിയൊമ്പതാം ലോക കുഷ്ഠ രോഗ ദിനാചരണം!
ജോയി കരിവേലി വത്തിക്കാൻ സിറ്റി
ഇക്കൊല്ലം ജനുവരി 30, ഞായറാഴ്ച (30/01/2022) ലോക കുഷ്ഠരോഗ ദിനം ആചരിക്കുന്നു.
അനുവർഷം ജനുവരി മാസത്തിലെ അവസാന ഞായർ ആണ് ഈ ദിനാചരണത്തിനായി നീക്കിവച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഈ ദിനം ആചരിക്കുന്നത് എല്ലാവർഷവും നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30-നാണ്.
ഗാന്ധിജിക്ക് കുഷ്ഠരോഗികളോടുണ്ടായിരുന്ന സവിശേഷ ദയാവായ്പും അനുകമ്പയും കണക്കിലെടുത്താണ് ഭാരതത്തിൽ ഈ തീയതിയിൽ ഈ ദിനാചരണം.
ഫ്രഞ്ചു കവിയും ജീവകാരുണ്യപ്രവർത്തകനും മാദ്ധ്യമപ്രവർത്തകനും ആയിരുന്ന റവൂൾ ഫൊളെറൗൻറെ ഹിതാനുസാരമാണ് 1954 മുതൽ വർഷം തോറും കുഷ്ഠ രോഗ ദിനം ആചരിക്കുന്നത്.
ഇക്കുറി ആചരിക്കുന്ന അറുപത്തിയൊമ്പാതാമത്തെതായ (69) ഈ ദിനത്തിൻറെ വിചിന്തന പ്രമേയം “ ഔന്നത്യത്തിനായി ഒരുമിച്ച് - United for Dignity” എന്നതാണ്.
1954-ൽ ഈ ദിനാചരണം ജനുവരി 31-നായിരുന്നു. എന്നാൽ പിന്നീടാണ് ഇത് ജനുവരിയിലെ അവസാന ഞായറാഴ്‌ചയായി നിജപ്പെടുത്തിയത്.
കുഷ്ഠരോഗികളുടെ അനുഭവം പങ്കുവയ്ക്കുക, ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധമാനമാക്കുക, ഈ രോഗത്തിൻറെ പേരിൽ മുദ്രകുത്തപ്പെടുന്നതും വിവേചനവും ഇല്ലായ്മ ചെയ്യുക തുടങ്ങിയവയാണ് ഈ ദിനാചരണത്തിൻറെ ലക്ഷ്യങ്ങൾ.
2030 ആകുമ്പോഴേയക്കും കുഷ്ഠരോഗികൾ ഇല്ലാത്ത രാജ്യങ്ങളുടെ എണ്ണം 120 ആയി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കുഷ്ഠരോഗ നിവാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2020 അവസാനത്തോടെ പുതിയ കുഷ്ഠ രോഗികളുടെ സംഖ്യ ലോകത്തിൽ 139 നാടുകളിലായി 1 ലക്ഷത്തി 27558 ആയിരുന്നു. ഇവരിൽ 8600-ലേറെ കുട്ടികളും ഉൾപ്പെടുന്നു.
ചികിത്സിച്ചു ഭേദപ്പെടുത്താവുന്ന ഒന്നാണ് കുഷ്ഠരോഗം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: