2022: സിറിയയിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പുതുവർഷത്തിന്റെ ആദ്യ നാലു ദിവസങ്ങൾക്കുള്ളിൽ, സിറിയയിൽ മാത്രം രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന്, മധ്യപൂർവദേശങ്ങൾക്കും വടക്കേ ആഫ്രിക്കയ്ക്കും വേണ്ടിയുള്ള യൂണിസെഫ് പ്രാദേശികവിഭാഗത്തിന്റെ ഇടക്കാല തലവൻ കാമ്പൂ ഫൊഫാന അറിയിച്ചു.
സിറിയയിൽ തുടരുന്ന സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന്, രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് ഈ കൊലപാതകങ്ങൾ നടന്നത്. കഴിഞ്ഞ വർഷവും സിറിയയിൽ കുട്ടികൾക്കെതിരായ നടന്ന അക്രമങ്ങളിൽ എഴുപതു ശതമാനവും നടന്നത് വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ്.
പുതുവർഷത്തിന്റെ ആദ്യ ആഴ്ചയിൽത്തന്നെ, വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് നഗരത്തിന് പുറത്തുള്ള അർഷാനി ഗ്രാമത്തിൽ, യൂണിസെഫിന്റെ മേൽനോട്ടത്തിൽ നടന്നിരുന്ന ഒരു ജലവിതരണകേന്ദ്രം ആക്രമിക്കപ്പെടുകയും, ഏതാണ്ട് രണ്ടരലക്ഷത്തോളം ആളുകൾക്കുള്ള ജലവിതരണമാണ് ഇതുമൂലം ഇല്ലാതായത്. വിവിധയിടങ്ങളിൽനിന്ന് കുടിയൊഴിക്കപ്പെട്ട ആളുകളാണ് ഇവരിൽ ഭൂരിഭാഗവും.
കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി കുട്ടികൾക്കെതിരായ ക്രൂരമായ അക്രമങ്ങളാണ് സിറിയയിൽ നടക്കുന്നതെന്നും, ഈയവസ്ഥ തുടരരുതെന്നും, ഒരു കാരണവശാലും കുട്ടികളും, അവർക്കുവേണ്ടി നടത്തുന്ന സേവനങ്ങളും അക്രമിക്കപ്പെടെരുതെന്നും യൂണിസെഫ് പ്രാദേശിക തലവൻ കാമ്പൂ ഫൊഫാന ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: